പൊടിയന്‍ പുലയന്റെ മൂന്നാമത്തെ കെട്ടിയോളാണ് ജാനകി. ആദ്യ ഭാര്യ ഗൗരി പ്രസവത്തോടെ മരിച്ചു. ആ പ്രസവത്തിലുണ്ടായ മകനാണ് സുകമാരന്‍. സുകുമാരനും ഞാനും സമപ്രായക്കാരാണ്. പൊടിയന്‍ പുലയന്‍ വളരെ സൗമ്യനായ ഒരു മനുഷ്യനായിരുന്നു. സദാ പുഞ്ചിരിക്കുന്ന മുഖം.
തള്ളിയില്ലാത്ത പൊടിക്കുഞ്ഞിനെ ഒറ്റയ്ക്ക് വളര്‍ത്തിയെടുക്കുവാന്‍ ഒരു പുരുഷന് പറ്റില്ലല്ലോ! അപ്പോഴാണ് ബന്ധുവായ നാണിത്തള്ള ഒരു നിര്‍ദേശം മുന്നോട്ടുവെച്ചത്.
‘എടാ പൊടിയാ- നീയൊരു കാര്യം ചെയ്യ്. നിനക്കൊരു പെണ്ണുവേണം. ഇവിടെ എന്റെ പെണ്‍കൊച്ച് ജാനകി വെറുതെ നില്‍ക്കുകയല്ലിയോ! അവക്കും ഒരു പൊടിക്കിടാവുണ്ട്. അവടെ കെട്ടിയോനാണെങ്കില്‍, കള്ളും കുടിച്ച്, കഞ്ചാവുമടിച്ച് കൂത്താടി, ഒരു തേവിടിശ്ശിയോടൊപ്പം തണ്ണിത്തോലിലെങ്ങാണ്ടാ പൊറുതി. നിന്റെ പൊടിക്കൊച്ചിന് മുല കൊടുക്കുവാന്‍ ഒരാളു വേണ്ടേ? തല്‍ക്കാലം നീയാ പെണ്ണിനെ വിളിച്ചോണ്ടു പോ. ഒരു വീട് കുടുംബമാവണമെങ്കില്‍ അവിടെ രണ്ടു മുലകള്‍ കൂടി വേണം’
നാണിത്തള്ളയുടെ ഇടപെടല്‍ പൊടിയന്‍ പുലയനു പിടിച്ചു. അങ്ങിനെ അയാളേക്കാള്‍ പത്തിരുപത് വയസ് പ്രായക്കുറവുള്ള ജാനകി, അയാള്‍ക്കും പൊടിക്കുഞ്ഞിനും ഒരു തുണയായി, ഇണയായി കൂടെക്കൂടി.
ഒരു ചെറിയ ചെറ്റക്കുടിലിലായിരുന്നു അവരുടെ താമസം. ചെറ്റക്കുടിലില്‍ താമസിക്കുന്നവരെ ‘ചെറ്റകള്‍’ എന്നു വിളിക്കുന്ന ഒരു ‘സംസ്‌കാരം’ അന്നു തുടങ്ങിയിട്ടില്ലായിരുന്നു.
വലിയ ‘പ്രൈവസി’ ഒന്നുമില്ലെങ്കില്‍തന്നെയും ചെറ്റക്കുടിലുകള്‍ സന്താനോല്പാദനത്തിന് ഒരിക്കലും ഒരു തടസമായിരുന്നില്ല. ഒരു കൂരക്കീഴില്‍ തട്ടിയും മുട്ടിയും കഴിഞ്ഞ അവരുടെ ദാമ്പത്യവല്ലരിയില്‍ മുന്നു കുസുമങ്ങള്‍കൂടി വിരിഞ്ഞു.
ആ ഒരു കാലഘട്ടത്തിന്റെ പ്രത്യേക സാമൂഹ്യ സാഹചര്യത്തില്‍, മൂന്നാം ക്ലാസില്‍ വെച്ചുതന്നെ സുകുമാരന്‍ പഠനം നിര്‍ത്തി. എന്നാല്‍ ഒരേ ക്ലാസില്‍ തന്നെ രണ്ടും മൂന്നും വര്‍ഷം പഠിക്കേണ്ടി വന്നതിനാല്‍, മലയാള അക്ഷരമാലയൊക്കെ സുകുമാരന് ഹൃദിസ്ഥമായിരുന്നു.

പൊടിയന്‍ പുലയന്റെ പെണ്ണളൂട്ടി തങ്കയുടെ മകള്‍ തങ്കമണി, വകയില്‍ സുകുമാരന്റെ മുറപ്പെണ്ണാണ്.
സുകുമാരന്‍ തന്റെ മനസ്സില്‍, തങ്കമണിക്കുവേണ്ടി സ്വപ്നംകൊണ്ടൊരു തങ്കക്കൊട്ടാരം തീര്‍ത്തിരുന്നു. എന്നാല്‍ പത്താം ക്ലാസില്‍ തോറ്റെങ്കിലും, പാടത്ത് പണിയെടുക്കുവാന്‍ പോകാത്ത പരിഷ്‌കാരിയായ തങ്കമണി, പത്തനംതിട്ട ‘ പയനിയർ’ ട്യൂട്ടോറിയല്‍ കോളജില്‍ തന്റെ പഠനം തുടര്‍ന്നു.
തങ്കമണിയുടെ തിളങ്ങുന്ന സ്വപ്‌നങ്ങളിലെ നിഴലുകളില്‍ പോലും സുകുമാരന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല.
സുകുമാരന്റെ വേദനിക്കുന്ന മനസ്സിനുള്ളില്‍ ഒരു കവി ഹൃദയമുണ്ടായിരുന്നു. തങ്കമണിയുടെ മുഖത്ത് ആസിഡ് ഒഴിക്കുവാനോ, കരിക്കിന്‍ വെള്ളത്തില്‍ എലിവിഷം ചേര്‍ത്ത് അപായപ്പെടുത്താനോ ഉള്ള ആധുനിക കാമുക പ്രതികാര വിദ്യകളൊന്നും ആ ശുദ്ധമനസ്സില്‍ ഇടംതേടിയില്ല.
പകരം തന്റെ മനസ്സിന്റെ വിങ്ങലുകള്‍ അയാള്‍ കവിതകളിലൂടെ കടലാസില്‍ പകര്‍ത്തി.
‘ആട്ടിടയനും കോളേജ് കുമാരി’യും എന്ന പേരില്‍ ഒരു കവിത എഴുതി; അതില്‍ തെറ്റുവല്ലതുമുണ്ടെങ്കില്‍ തിരുത്തിക്കൊടുക്കണമെന്നു പറഞ്ഞ് എന്നെയേല്‍പിച്ചു. ഞാനൊരു പണ്ഡിതനാണെന്ന് ആ പാവം തെറ്റിദ്ധരിച്ച് കാണും. അന്നും ഇന്നും കവിതയുമായി എനിക്കൊരു ബന്ധവുമില്ല.
എന്തെങ്കിലും പറയാനുണ്ടെങ്കില്‍ നേരേ ചൊവ്വേ അങ്ങു പറഞ്ഞാല്‍ പോരേ എന്ന പിന്തിരിപ്പന്‍ ചിന്താഗതിക്കാരനാണ് ഞാന്‍. എന്തിന് കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ അവിടെയുമിവിടെയും അടുക്കിവെച്ച് വായനക്കാരെ ബുദ്ധിമുട്ടിക്കണം?
നേഴ്‌സിംഗ് പഠനത്തിനായി തങ്കമണി ബോംബെയ്ക്ക് പോയെന്നും, അവിടെവെച്ച് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടുവെന്നുമുള്ള ഒരു വാര്‍ത്ത പില്‍ക്കാലത്ത് കേട്ടിരുന്നു.