ഫിഫ വേൾഡ് കപ്പ്: ഡാളസിലെയും ആർലിംഗ്ടണിലെയും ഹോട്ടൽ ബുക്കിംഗുകൾ ഫിഫ റദ്ദാക്കി

P.P Cherian
1 Min Read

ഡാളസ് : 2026-ലെ ലോകകപ്പ് ആരംഭിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, അമേരിക്കയിലെ ഡാളസ്, ആർലിംഗ്ടൺ നഗരങ്ങളിൽ മുൻകൂട്ടി ബുക്ക് ചെയ്തിരുന്ന നൂറുകണക്കിന് ഹോട്ടൽ മുറികൾ ഫിഫ റദ്ദാക്കി.

ടൂർണമെന്റ് സ്റ്റാഫുകൾക്കും മാധ്യമങ്ങൾക്കുമായി നീക്കിവെച്ച മുറികളാണ് റദ്ദാക്കിയത്. കാണികളുടെ എണ്ണത്തിൽ വ്യക്തത വരുന്നതിനനുസരിച്ചുള്ള സ്വാഭാവിക ക്രമീകരണം മാത്രമാണിതെന്ന് ഫിഫ അറിയിച്ചു.

അമേരിക്കയിലെ കർശനമായ വിസ നിയമങ്ങളും ട്രാവൽ ബോണ്ട് നിബന്ധനകളും അന്താരാഷ്ട്ര സഞ്ചാരികളുടെ വരവിനെ ബാധിക്കുമെന്ന് ആശങ്കയുണ്ട്. ചില രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ ലഭിക്കാൻ 15,000 ഡോളർ വരെ ബോണ്ട് നൽകേണ്ടി വരുന്നത് വിദേശ ആരാധകരെ പിന്നോട്ട് വലിക്കുന്നു.

വിദേശ സഞ്ചാരികൾ കുറഞ്ഞാലും അമേരിക്കയിലെ ഫുട്ബോൾ പ്രേമികൾക്കിടയിൽ വലിയ താൽപ്പര്യമുള്ളതിനാൽ ടിക്കറ്റുകൾ വിറ്റുപോകാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

ഇത്രയൊക്കെയാണെങ്കിലും ഡാളസിലെ ഹോട്ടൽ നിരക്കുകളിൽ 46% വർദ്ധനവുണ്ട്. ലോകകപ്പ് വഴി മേഖലയിൽ 1.5 ബില്യൺ മുതൽ 2 ബില്യൺ ഡോളർ വരെ വരുമാനം പ്രതീക്ഷിക്കുന്നു.

ഏറ്റവും കൂടുതൽ മത്സരങ്ങൾക്ക് (9 എണ്ണം) ആതിഥേയത്വം വഹിക്കുന്ന നഗരമാണ് ആർലിംഗ്ടൺ. ടൂർണമെന്റ് അടുക്കുന്നതോടെ ബുക്കിംഗുകൾ വീണ്ടും സജീവമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

Share This Article