ന്യൂയോർക്ക്: ന്യൂയോർക്കിലെ തിരക്കേറിയ ഗ്രാൻഡ് സെൻട്രൽ സബ് വേ സ്റ്റേഷനിൽ യാത്രക്കാരെ വെട്ടിപ്പരിക്കേൽപ്പിച്ച അക്രമിയെ പൊലീസ് വെടിവെച്ചു കൊന്നു. ശനിയാഴ്ച രാവിലെയാണ് സംഭവം. ആന്തണി ഗ്രിഫിൻ (44) എന്നയാളാണ് കൊല്ലപ്പെട്ടത്.
കൈക്കോടാലി ഉപയോഗിച്ച് സ്റ്റേഷനിലുണ്ടായിരുന്ന മൂന്ന് യാത്രക്കാരെ ഇയാൾ ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ചു. 84-ഉം 65-ഉം വയസ്സുള്ള പുരുഷന്മാർക്കും 70 വയസ്സുള്ള സ്ത്രീക്കുമാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ല.
സ്ഥലത്തെത്തിയ പൊലീസ് ആയുധം താഴെയിടാൻ 20 തവണ ആവശ്യപ്പെട്ടെങ്കിലും ഇയാൾ വഴങ്ങിയില്ല. സ്വയം ‘ലൂസിഫർ’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് അക്രമി പൊലീസിന് നേരെ അടുത്തതോടെയാണ് വെടിവെപ്പ് ഉണ്ടായത്.
അക്രമിക്ക് മുൻപും ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പൊലീസ് കമ്മീഷണർ ജെസീക്ക ടിഷ് അറിയിച്ചു. പൊലീസിന്റെ സമയോചിതമായ ഇടപെടലിനെ ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചുൾ പ്രശംസിച്ചു.