ഗൾഫ് മേഖലയിൽ നിന്നും 8.4 ലക്ഷം ഇന്ത്യക്കാർ തിരിച്ചെത്തിയെന്ന് വിദേശകാര്യ മന്ത്രാലയം

Malayalam Tribune
1 Min Read

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വിദേശകാര്യ മന്ത്രാലയം വിപുലമായ ഏകോപന പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. ഫെബ്രുവരി 28 മുതൽ ഇതുവരെ ഏകദേശം 8.43 ലക്ഷം യാത്രക്കാർ ​ഗൾഫ് മേഖലയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയതായി മന്ത്രാലയം അഡീഷണൽ സെക്രട്ടറി അസീം ആർ. മഹാജൻ അറിയിച്ചു. പൗരന്മാർക്ക് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കാൻ മന്ത്രാലയത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂമും വിവിധ രാജ്യങ്ങളിൽ ഹെൽപ്പ് ലൈനുകളും സജ്ജമാക്കിയിട്ടുണ്ട്. മടങ്ങിയെത്തുന്നവർക്ക് സുഗമമായ സൗകര്യങ്ങൾ ഒരുക്കുന്നതിനായി സംസ്ഥാന സർക്കാരുകളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും മന്ത്രാലയം നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. ഇന്ത്യൻ മിഷനുകൾ 24 മണിക്കൂറും ഹെൽപ്പ് ലൈനുകൾ പ്രവർത്തിപ്പിക്കുന്നുണ്ടെന്നും ദുരിതബാധിത രാജ്യങ്ങളിലെ പൗരന്മാരെ സജീവമായി സഹായിക്കുന്നുണ്ടെന്നും മഹാജൻ വ്യക്തമാക്കി.

വ്യോമാതിർത്തി നിയന്ത്രണങ്ങൾക്കിടയിലും യുഎഇ, സൗദി അറേബ്യ, ഒമാൻ എന്നിവിടങ്ങളിൽ നിന്ന് പരിമിതമായ വാണിജ്യ സർവീസുകൾ തുടരുന്നുണ്ട്. യുഎഇയിൽ നിന്ന് മാത്രം ഒരു ദിവസം 95 വിമാനങ്ങൾ സർവീസ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ കുവൈറ്റ് വ്യോമാതിർത്തി അടഞ്ഞു കിടക്കുന്നതിനാൽ അവിടുള്ളവരെ സൗദിയിലെ ദമ്മാം വഴി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സമാനമായ രീതിയിൽ ബഹ്‌റൈനിൽ നിന്നും ദമ്മാം വഴി വിമാന സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്.

ഇറാനിൽ കുടുങ്ങിയ 981 വിദ്യാർത്ഥികളും 657 മത്സ്യത്തൊഴിലാളികളും ഉൾപ്പെടെ 2,180 പൗരന്മാരെ ടെഹ്‌റാനിലെ ഇന്ത്യൻ എംബസി വഴി അർമേനിയ, അസർബൈജാൻ എന്നിവടങ്ങളിലൂടെ സുരക്ഷിതമായി നാട്ടിലെത്തിച്ചു. ഇസ്രായേൽ വ്യോമാതിർത്തി ഭാഗികമായി മാത്രം തുറന്നിരിക്കുന്ന സാഹചര്യത്തിൽ അവിടെയുള്ളവർക്ക് ജോർജിയ, ഈജിപ്ത് വഴി യാത്രയൊരുക്കുമ്പോൾ ഇറാഖിലുള്ളവർക്ക് ജോർദാൻ, സൗദി അറേബ്യ വഴി മടങ്ങാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇന്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷനുകളുമായും കമ്പനികളുമായും ചേർന്ന് വിവരങ്ങൾ തത്സമയം പൗരന്മാരിലേക്ക് എത്തിക്കുന്നുണ്ടെന്നും സർക്കാർ സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Share This Article