ഡാളസിൽ യു.ഡി.എഫ് വിജയലഹരി; ആവേശം പകർന്ന് പ്രവാസി മലയാളികളുടെ ഒത്തുചേരൽ

Biju Kottarakara
1 Min Read

ഫ്രാൻസിസ് സെബാസ്റ്റ്യൻ, ഡാളസ്

ഡാളസ്: ഡാളസ്: കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ ഉജ്ജ്വല വിജയം അമേരിക്കയിലെ ഡാളസിലുള്ള മലയാളി സമൂഹം ആഘോഷമാക്കി. വൻ ജനപങ്കാളിത്തത്തോടെ മെയ് 10 ഞായറാഴ്ച  വൈകീട്ട്  റെഡ് ചില്ലി ഇന്ത്യൻ റെസ്റ്റോറന്റിൽ സഘടിപ്പിച്ച വിജയാഘോഷം പ്രവാസി മലയാളികളുടെ രാഷ്ട്രീയ ആവേശത്തിന്റെയും നാടിനോടുള്ള സ്നേഹത്തിന്റെയും നേർക്കാഴ്ചയായി മാറി.

ഓവർസീസ് കോൺഗ്രസ് നേതാവ് പ്രദീപ് നാഗനൂലിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രമുഖ പത്രപ്രവർത്തകൻ പി.പി. ചെറിയാൻ, ബോബൻ കൊടുവത്ത്, ബേബി കൊടുവത്ത്, ബാബു സൈമൺ, തോമസ് രാജൻ, സാജു കരിയാമ്പുഴ, ജെജു ജോസഫ്, ഫ്രാൻസിസ് സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു. കേരളത്തിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും യു.ഡി.എഫിന്റെ വിജയത്തെക്കുറിച്ചും നേതാക്കൾ വാചാലരായി.

അമേരിക്കൻ ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും ഒത്തുചേർന്ന പ്രവാസികളുടെ മനസ്സ് മുഴുവൻ കേരളത്തിന്റെ മണ്ണിലായിരുന്നു. രാഷ്ട്രീയ ചർച്ചകൾക്കപ്പുറം, നാട്ടുവിശേഷങ്ങളും പഴയ തിരഞ്ഞെടുപ്പ് കാലത്തെ ഓർമ്മകളും പങ്കുവെച്ചപ്പോൾ ഡാളസിലെ ഈ സായാഹ്നം മറ്റൊരു കേരളമായി മാറി. ഏഴു കടലുകൾക്കപ്പുറത്താണെങ്കിലും കേരള രാഷ്ട്രീയം ഇന്നും പ്രവാസിയുടെ ഉള്ളിലെ അടങ്ങാത്ത താളമാണെന്ന് തെളിയിക്കുന്നതായിരുന്നു ഈ കൂടിച്ചേരൽ.

കേരളത്തിന്റെ വികസനത്തിനായി അധികാരത്തിലെത്തുന്ന പുതിയ യു.ഡി.എഫ് സർക്കാരിന് യോഗം എല്ലാവിധ വിജയാശംസകളും നേർന്നു. ഒപ്പം, അർഹരായ നേതാക്കളിലൂടെ തികച്ചും ജനാധിപത്യപരവും ഏകോപനപരവുമായ രീതിയിൽ പാർട്ടി നേതൃത്വത്തിലേക്ക് പുതിയ ഭാരവാഹികൾ വരുമെന്ന ആത്മവിശ്വാസവും യോഗം പ്രകടിപ്പിച്ചു.

റിപ്പോർട്ട്:
ഫ്രാൻസിസ് സെബാസ്റ്റ്യൻ, ഡാളസ്

Share This Article