48 മണിക്കൂറിന് മുമ്പ് ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ വൈദ്യുത നിലയങ്ങൾ ‘ഇല്ലാതാക്കുമെന്ന്’ ട്രംപ്

Malayalam Tribune
1 Min Read

വാഷിംഗ്ടൺ: പശ്ചിമേഷ്യൻ യുദ്ധം അതീവ അപകടകരമായ ഘട്ടത്തിലേക്ക്. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ പൂർണ്ണമായും തുറന്നുനൽകിയില്ലെങ്കിൽ ഇറാന്റെ വൈദ്യുതി നിലയങ്ങൾ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി.

ശനിയാഴ്ച ട്രൂത് സോഷ്യൽ മീഡിയയിലൂടെയാണ് ട്രംപ് ഈ അന്ത്യശാസനം നൽകിയത്. “ഭീഷണികളില്ലാതെ ഹോർമുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ ഇറാൻ തുറന്നില്ലെങ്കിൽ, അവരുടെ വൈദ്യുതി നിലയങ്ങൾ അമേരിക്ക തകർക്കും. ഏറ്റവും വലിയ നിലയത്തിൽ നിന്നായിരിക്കും ആക്രമണം തുടങ്ങുകയെന്നും ട്രംപ് പറഞ്ഞു.

സൈനിക നടപടികൾ കുറയ്ക്കുന്നതിനെക്കുറിച്ച് വെള്ളിയാഴ്ച ട്രംപ് സംസാരിച്ചിരുന്നെങ്കിലും, ശനിയാഴ്ചയോടെ കടുത്ത നിലപാടിലേക്ക് മാറുകയായിരുന്നു. യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായി ഇറാൻ ദീർഘദൂര ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചതായി ഇസ്രയേൽ സൈന്യം അറിയിച്ചു.

ഇന്ത്യൻ മഹാസമുദ്രത്തിലെ യുഎസ്-യുകെ സൈനിക താവളമായ ഡീഗോ ഗാർഷ്യ ലക്ഷ്യമിട്ട് 4,000 കിലോമീറ്റർ പരിധിയുള്ള രണ്ട് മിസൈലുകളാണ് ഇറാൻ വിക്ഷേപിച്ചത്. ഈ മിസൈലുകൾക്ക് ബെർലിൻ, പാരീസ്, റോം തുടങ്ങിയ യൂറോപ്യൻ നഗരങ്ങളെ നേരിട്ട് ആക്രമിക്കാൻ ശേഷിയുണ്ടെന്ന് ഇസ്രയേൽ സൈനിക മേധാവി എയൽ സാമിർ പറഞ്ഞു.

ഫെബ്രുവരി 28-ന് ആരംഭിച്ച യുഎസ്-ഇസ്രയേൽ ആക്രമണങ്ങളിൽ ഇറാനിൽ മാത്രം ഇതുവരെ 2,000-ത്തിലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഇറാന്റെ പ്രത്യാക്രമണങ്ങളിൽ 15 ഇസ്രയേലികളും കൊല്ലപ്പെട്ടു.

ശനിയാഴ്ച രാത്രി വൈകിയും ഇസ്രയേലിലെ ആണവനിലയത്തിന് സമീപം ഇറാൻ മിസൈൽ ആക്രമണം നടത്തിയതായും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ ഉപരോധം ആഗോള ഇന്ധനവില കുതിച്ചുയരാൻ കാരണമായിട്ടുണ്ട്.

TAGGED:
Share This Article