വിമാനത്തിൽ യാത്രക്കാരന്റെ ജീവൻ രക്ഷിച്ച് മലയാളി നഴ്സ്

Malayalam Tribune
1 Min Read

ദുബായ് : ദുബായിൽ നിന്ന് തിരുച്ചിറപ്പള്ളിയിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ്സ്വിമാനത്തിൽ ഉണ്ടായ അടിയന്തര സാഹചര്യത്തിൽ മലയാളി നഴ്സ് അഖില നായർ യാത്രക്കാരന്റെ ജീവൻ രക്ഷിച്ചു.

യാത്രയ്ക്കിടെ 32-കാരനായ യാത്രക്കാരൻ ബോധരഹിതനായി വീഴുകയും ശ്വാസമുണ്ടായിരുന്നെങ്കിലും മറ്റ് പ്രതികരണങ്ങളൊന്നും കാണിക്കാതിരിക്കുകയും ചെയ്തു. പിന്നാലെ ശരീരം വിറയ്ക്കുകയും കൈകാലുകൾ ഇട്ടടിക്കാനും തുടങ്ങിയതോടെ വിമാനത്തിനുള്ളിൽ ആശങ്ക പരന്നു.

കാബിൻ ക്രൂവിന്റെ അടിയന്തര അറിയിപ്പ് കേട്ട അഖില ഉടൻ സഹായത്തിനായി എത്തി. പരിമിതമായ മെഡിക്കൽ സൗകര്യങ്ങൾ മാത്രമുണ്ടായിരുന്നിട്ടും, വിമാനത്തിലുണ്ടായിരുന്ന മറ്റൊരു ഡോക്ടറുടെ സഹായത്തോടെ പ്രഥമ ശുശ്രൂഷ നൽകി. ഐവി ലൈൻ ഒരുക്കി മരുന്നും ഗ്ലൂക്കോസും നൽകിയതോടെ യാത്രക്കാരന്റെ നില മെച്ചപ്പെട്ടു.

രണ്ടു മണിക്കൂറിലേറെ നിരീക്ഷണത്തിന് ശേഷം യാത്രക്കാരൻ ബോധം വീണ്ടെടുത്തു. വിമാനം ഇന്ത്യയിൽ ഇറങ്ങിയ ഉടൻ മെഡിക്കൽ സംഘത്തിന് അദ്ദേഹത്തെ കൈമാറി.

വാർത്ത: പ്രസാദ് തീയാടിക്കൽ

Share This Article