ചെന്നൈ : തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയായി ദളപതി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മണിക്കൂറുകള്‍ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ടാണ് വിജയ് പുതിയ തുടക്കമിടാന്‍ ഒരുങ്ങുന്നത്. നാളെ വൈകീട്ട് 3.15ന് വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ചടങ്ങുകള്‍.
വിടുതലൈ ചിരുതൈകള്‍ കക്ഷി (വിസികെ) തങ്ങളുടെ പിന്തുണ കത്ത് കൈമാറിയതോടെയാണ് വിജയ്യുടെ നേതൃത്വത്തിലുള്ള ടിവികെ സഖ്യ സര്‍ക്കാര്‍ മണിക്കൂറുകള്‍ നീണ്ട കണ്ഫ്യൂഷന് അവസാനിപ്പിച്ച് അധികാരത്തിലേക്ക് വരുന്നത്.ടിവികെയ്ക്കൊപ്പം മുസ്ലീം ലീഗിന്റെ 2 എംഎല്‍എമാരും പിന്തുണ അറിയിച്ച് കത്തു നല്‍കിയതോടെയാണ് അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമായത്.
234 അംഗ നിയമസഭയില്‍ 118 പേരുടെ പിന്തുണയാണ് സര്‍ക്കാരുണ്ടാക്കാന്‍ വേണ്ടത്. വിസികെയ്ക്കൊപ്പം ലീഗും പിന്തുണച്ചതോടെ മൊത്തം 120 അംഗങ്ങളുടെ പിന്തുണ ആര്‍ജിക്കാനും വിജയ്ക്ക് സാധിച്ചു. 120 അംഗങ്ങളുടെ പിന്തുണക്കത്തുമായി വിജയ് ലോക് ഭവനിലെത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ കണ്ടു. അദ്ദേഹം വിജയ്യെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചു.
വെള്ളിയാഴ്ച കോണ്‍ഗ്രസ്, സിപിഐഎം, സിപിഐ, വിസികെ പാര്‍ട്ടി എംഎല്‍എമാരുടെ പിന്തുണ വ്യക്തമാക്കി വിജയ് ഗവര്‍ണറെ സമീപിച്ചിരുന്നു. ഇവരുടെ പിന്തുണ കത്തും കൈമാറി. ഇന്ന് രാവിലെ 11 മണിക്ക് ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങുകളും തീരുമാനിച്ചു.
എന്നാല്‍ തൊട്ടുപിന്നാലെ വീണ്ടും നാടകീയമായി കാര്യങ്ങള്‍. സര്‍ക്കാരുണ്ടാക്കാന്‍ വിജയ് 116 എംഎല്‍എമാരുടെ പിന്തുണക്കത്ത് മാത്രമേ നല്കിയിട്ടുള്ളുവെന്നും ഭൂരിപക്ഷം ഉറപ്പിക്കണമെന്നും അതില്ലാതെ സത്യപ്രതിജ്ഞ അനുവദിക്കില്ലെന്നും ഗവര്‍ണര്‍ അറിയിച്ചതോടെയാണ് വീണ്ടും പ്രതിസന്ധി ഉടലെടുത്തത്.