advertisement
Skip to content

വാട്‌സ് ആപ്പില്‍ ഇനി ഫോണ്‍ നമ്പറുകള്‍ക്ക് പകരം യൂസര്‍നെയിം

വാട്‌സ് ആപ്പില്ലാതെ ഒരു ദിവസം പോലും കടന്നുപോകാത്ത കാലത്താണ് നമ്മള്‍ ഇന്ന് ജീവിക്കുന്നത്. ഔദ്യോഗിക ആവശ്യത്തിനു മുതല്‍ സൗഹൃദത്തിനു വരെയായി ഇപ്പോള്‍ വാട്‌സ് ആപ്പ് ഉപയോഗിച്ചു വരുന്നു. അതിനാല്‍ തന്നെ വാട്‌സ് ആപ്പുമായി ബന്ധപ്പെട്ട ഏതൊരു അപ്‌ഡേഷനുകളെ കുറിച്ചും അവര്‍ അവതരിപ്പിക്കുന്ന പുതിയ ഫീച്ചറുകളെ കുറിച്ചും നമ്മള്‍ അറിയേണ്ടതുണ്ട്.

സമീപദിവസം വാട്‌സ് ആപ്പ് ഒരു പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. edit message എന്നതായിരുന്നു അത്. നമ്മള്‍ വാട്‌സ് ആപ്പില്‍ ഒരു മെസേജ് അയച്ചു കഴിഞ്ഞ് അതില്‍ തെറ്റുണ്ടെന്നു ബോധ്യപ്പെട്ടാല്‍ അതുമല്ലെങ്കില്‍ എന്തെങ്കിലും കൂട്ടിച്ചേര്‍ക്കലുകള്‍ ആവശ്യമാണെന്നു തോന്നിയാല്‍ അത് തിരുത്താനും കൂട്ടിച്ചേര്‍ക്കാനും അനുവദിക്കുന്നതാണ് edit message ഫീച്ചറിലുള്ളത്. പക്ഷേ, സന്ദേശം അയച്ചതിനു ശേഷം 15 മിനിറ്റിനുള്ളില്‍ എഡിറ്റിംഗ് നടത്തിയിരിക്കണം. 15 മിനിറ്റ് കഴിഞ്ഞാല്‍ എഡിറ്റിംഗ് നടത്താനാകില്ല.

വാട്‌സ് ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പിലാണ് ഈ എഡിറ്റിംഗ് ഫീച്ചര്‍ ലഭ്യമാവുന്നത്.

ഇപ്പോള്‍ ഇതാ വാട്‌സ് ആപ്പ് മറ്റൊരു ഫീച്ചര്‍ കൂടി അവതരിപ്പിക്കാന്‍ പോവുകയാണെന്ന് WABetaInfo റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.വാട്‌സ് ആപ്പിലെ മാറ്റങ്ങള്‍ മുന്‍കൂട്ടി റിപ്പോര്‍ട്ട് ചെയ്യുന്നവരാണ് WABetaInfo. വാട്‌സ് ആപ്പിന്റെ ആന്‍ഡ്രോയ്ഡ് ബീറ്റാ വേര്‍ഷന്‍ 2.23.11.15-ല്‍ യൂസര്‍നെയിം ഫീച്ചര്‍ കണ്ടതായിട്ടാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുപ്രകാരം വാട്‌സ് ആപ്പ് ഉടമയ്ക്ക് യൂസര്‍ നെയിം തിരഞ്ഞെടുക്കാനാകുമെന്നാണ്. അതുവഴി ഫോണ്‍ നമ്പര്‍ സ്വകാര്യമാക്കി വയ്ക്കാനുമാകും.ഇൗ ഫീച്ചര്‍ യൂസറിന്റെ സ്വകാര്യത സംരക്ഷിക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്.

സമീപകാലത്ത് വാട്‌സ് ആപ്പിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന വിധത്തില്‍ ഏതാനും വിവാദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അവയിലൊന്ന് വര്‍ക് ഫ്രം ഹോം പോലുള്ള ഓഫറുകള്‍ വാട്‌സ് ആപ്പിലൂടെ നല്‍കി സാമ്പത്തികതട്ടിപ്പിനായി പ്ലാറ്റ്‌ഫോമിനെ ദുരുപയോഗം ചെയ്യുന്നു എന്നതാണ്.

രണ്ടാമത്തേത്, വാട്‌സ് ആപ്പ് യൂസറിന്റെ അനുമതിയില്ലാതെ ഫോണിലെ മൈക്രോഫോണ്‍ വാട്‌സ് ആപ്പ് ഉപയോഗിക്കുന്നു എന്നതാണ്.

താന്‍ ഉറങ്ങിക്കിടന്നപ്പോള്‍ വാട്‌സ് ആപ്പ് ഫോണിലെ മൈക്ക് അനധികൃതമായി ഉപയോഗിച്ചുവെന്ന് ആരോപിച്ച് ട്വിറ്ററിലെ എന്‍ജിനീയറിങ് ഡയറക്ടര്‍ ഫോഡ് ഡാബിരിയ രംഗത്തുവന്നിരുന്നു. തെളിവായി മൈക്രോഫോണ്‍ ഉപയോഗിച്ചതിന്റെ സ്‌ക്രീന്‍ ഷോട്ടും ട്വിറ്ററില്‍ അദ്ദേഹം പോസ്റ്റ് ചെയ്തു.

എന്നാല്‍ ആന്‍ഡ്രോയ്ഡ് ഫോണിലെ തകരാര്‍ മൂലമാണ് അങ്ങനെ സംഭവിച്ചതെന്നാണ് വാട്‌സ് ആപ്പ് പ്രതികരിച്ചത്. ഇന്‍സ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് അതിന്റെ എതിരാളികളായ ടെലിഗ്രാം, സിഗ്‌നല്‍ എന്നിവയില്‍ നിന്ന് കടുത്ത മത്സരം നേരിടുകയാണ്. വിപണിയില്‍ അതിജീവിക്കാന്‍, മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്‌സ് ആപ്പ് അതിന്റെ ഉപയോക്താക്കളെ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനുള്ള എല്ലാ ശ്രമവും നടത്തുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest