ന്യൂ യോർക്ക് :അമേരിക്കയിലെ ഏറ്റവും വലിയ ഓണഘോഷങ്ങളിൽ ഒന്നായ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണഘോഷം 2024 സെപ്റ്റംബർ 21 ന് ശനിയാഴ്ച 11 മണി മുതല്‍ 6.00 മണി വരെ പോർചെസ്റ്റർ ഹൈസ്കൂൾ ആഡിറ്റോറിയത്തിൽ (1 Tamarack Road , Port Chester, NY 10573) വെച്ച് വിപുലമായ പരിപാടികളോട് നടത്തുന്നതിന്റെ ഫ്ലയർ പ്രകാശനം ചെയ്തു.

അസോസിയേഷന്റെ 50- ആം ഓണഘോഷമാണ് ഈ വർഷം. അൻപതു ഓണം കണ്ട അപൂർവ സംഘടനകളിൽ ഒന്നാണ് വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ. എല്ലാ വർഷവും നടക്കുന്ന നമ്മുടെ ഓണാഘോഷം കേരളകരയിലേക്ക് നമ്മെ തിരികെ കൊണ്ടുപോകുന്ന ഒരു പ്രതീതി കൂടി ഉണ്ടാക്കുന്നതാണ് വെസ്റ്റ് ചെസ്റ്ററിന്റെ ഓണാഘോഷം. എല്ലാവർഷവും നൂതനമായ കലാപരിപാടികളാലും വിഭവ സമർത്ഥമായ സദ്യകൊണ്ടും എന്നും അമേരിക്കയിലെ തന്നെ ഏറ്റവും വലിയ ഓണാഘോഷങ്ങളിൽ ഒന്നാക്കി മാറ്റാൻ അസോസിയേഷന്റെ ഭാരവാഹികൾ ശ്രദ്ധിക്കാറുണ്ട്.
അൻപതാം വർഷ ആഘോഷങ്ങളുടെ ഭാഗമായി ഈ വർഷത്തെ ഓണാഘോഷവും എൻട്രൻസ് ഫീ ഇല്ലാതെ നടത്തുവാൻ ആണ് അസോസിയേഷൻ കമ്മിറ്റിയുടെ തീരുമാനം.ഒരു സംഘടന ഗോൾഡൻ ജൂബിലി ആഘോഷിക്കുക എന്നത് ഒരു ചരിത്രം തന്നെയാണ് പ്രേത്യേകിച്ചും ജനിച്ച നാടും വീടും വിട്ടു മറ്റൊരു ഭുമികയിലാകുമ്പോൾ ആ ചരിത്ര മുഹുർത്തത്തിനു പത്തരമാറ്റു ഭംഗി കൂടും .

ഓണക്കാലത്തിന്റെ എല്ലാ അനുഭൂതിയും ഉണര്‍ത്തുന്ന പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. ചെണ്ടമേളവും ശിങ്കാരി മേളത്തോടും കുടി താലപ്പൊലിയുമായി മാവേലി തമ്പുരാനെ വരവേല്‍ക്കുന്നതോടെ തുടങ്ങുന്ന പരിപാടികളില്‍ അത്തപ്പൂക്കളവും, തിരുവാതിരകളിയും, പുലിക്കളിയും അങ്ങനെ കേരളത്തിലെ ഓണത്തിന്റെ എല്ലാ ആഘോഷങ്ങളോടും കേരള തനിമയോട് കുടി വെസ്റ്ചെസ്റ്റർ മലയാളി അസോസിയേഷന്റെ ഓണം കൊണ്ടാടുബോൾ നമ്മളെ സന്തോഷിപ്പിക്കാനും ഓണ വിരുന്നുകളുമായി വളരെയധികം കലാപരിപാടികളും ചിട്ടപ്പെടുത്തിയിട്ടുണ്ട്.
വെസ്റ്ചെസ്റ്ററിന്റെ ഓണം ന്യൂയോർക്ക് മലയാളികളുടെ ഒത്തുചേരൽ കൂടിയാണ്. പ്രവാസിയുടെ സ്‌നേഹകൂട്ടായ്മകളിലെ ആഘോഷങ്ങളില്‍ നമ്മുടെ ഓണം കഴിഞ്ഞേ ഉള്ളു മറ്റുഏതൊരു ആഘോഷവും. പിന്നിട്ട ഇടവഴികളില്‍ നാം ഒന്ന് തിരിഞ്ഞു നോക്കിയാൽ സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശങ്ങള്‍ ആഴത്തില്‍ നല്‍കിയ ആഘോഷങ്ങളില്‍ വെസ്റ്ചെസ്റ്ററിന്റെ ഓണം കഴിഞ്ഞേ മറ്റൊരാഘോഷവും അമേരിക്കയിൽ എണ്ണപ്പെടുന്നുള്ളൂ.

ഓണഘോഷം വിജയപ്രദമാക്കുവാന്‍ വെസ്റ്റ്‌ചെസ്റ്റര്‍ , ന്യൂയോർക്ക് നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയുംസഹായ സഹകരണങ്ങള്‍ അഭ്യർഥിക്കുന്നതായി പ്രസിഡന്റ് വർഗീസ് എം കുര്യൻ (ബോബൻ ) , സെക്രട്ടറി: ഷോളി കുമ്പിളിവേലി ,ട്രഷറര്‍ : ചാക്കോ പി ജോർജ് (അനി) , വൈസ് പ്രസിഡന്റ് ജോയി ഇട്ടൻ ,ജോ. സെക്രട്ടടറി : നിരീഷ് ഉമ്മൻ , ജോയിന്റ് ട്രഷർ അലക്സാണ്ടർ വർഗീസ് ട്രസ്റ്റി ബോര്‍ഡ് ചെയര്‍ രാജ് തോമസ് , കോർഡിനേറ്റേഴ്‌സ് ആയ ടെറൻസൺ തോമസ് , ശ്രീകുമാർ ഉണ്ണിത്താൻ എന്നിവര്‍ അറിയിച്ചു.
