ജോസ് കണിയാലി
നോർത്ത് അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ഇരുപത്തിയൊന്നാമത് അന്തർദ്ദേശീയ കൺവൻഷന് വാഷിംഗ്ടൺ ഡിസി ഒരുങ്ങിക്കഴിഞ്ഞുവെന്ന് ഫൊക്കാന ട്രഷറർ ബിജു കൊട്ടാരക്കര പറഞ്ഞു. ജൂലൈ 18 മുതൽ 20 വരെ വാഷിംഗ്ടൺ ഡിസി നോർത്ത് ബെഥെസ് ഡയിലുള്ള മോണ്ട് ഗോമറി കൗണ്ടി മാരിയറ്റ് ഹോട്ടൽ കോൺഫറൻസ് സെൻ്ററിലാണ് ഫൊക്കാന കൺവൻഷൻ നടക്കുക. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന കൺവൻഷൻ്റെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി കഴിഞ്ഞു. 18 ന് ഘോഷയാത്രയോടെ ആരംഭിക്കുന്ന കൺവൻഷനിൽ ഉദ്ഘാടന സമ്മേളനം മുതൽ സമാപനം വരെ നിരവധി അതിഥികളെ കൊണ്ട് സമ്പന്നമാകുന്ന വേദികളിൽ അമേരിക്കൻ യുവജന പ്രാതിനിധ്യവും വിസ്മയം തീർക്കും. കോൺഗ്രസ് മാൻ രാജാ കൃഷ്ണമൂർത്തി എം.പി മാരായ ജോൺ ബ്രിട്ടാസ്, ഫ്രാൻസിസ് ജോർജ്, എം. മുകേഷ് എം.എൽ. എ, മാധ്യമ പ്രവർത്തകൻ എം.വി. നികേഷ് കുമാർ ഗായകൻ വിവേകാനന്ദൻ, നടൻ അനീഷ് രവി തുടങ്ങിയവർ വിവിധ വേദികളെ അലങ്കരിക്കും. ഫൊക്കാനയുടെ കഴിഞ്ഞ രണ്ട് വർഷത്തെ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്ന സുവനീർ കൺവൻഷനിൽ പ്രകാശനം ചെയ്യുമെന്നും ബിജു കൊട്ടാരക്കര അറിയിച്ചു. ഡോ. ബാബുസ്റ്റീഫൻ നേതൃത്വം നൽകുന്ന ഫൊക്കാനയ്ക്കൊപ്പം ട്രഷററായി പ്രവർത്തിക്കാൻ ലഭിച്ച സന്ദർഭം വിലപ്പെട്ടതായിരുന്നു. കാരണം ഒരു ട്രഷറാർ എന്ന നിലയിൽ സാമ്പത്തികമായ ബാധ്യതകൾ അദ്ദേഹം പ്രസിഡൻ്റായതുകൊണ്ട് വേണ്ടി വന്നില്ല എന്നതാണ്. പണം ഉണ്ടായാൽ മാത്രം പോരാ അത് ചിലവഴിക്കുന്നതിന് മനസ്സുണ്ടാവണം . അത് പ്രധാനമാണ്. അദ്ദേഹത്തോട് ഏറ്റവും കൂടുതൽ ബഹുമാനം തോന്നിയ സന്ദർഭം കുവൈറ്റ് തീപിടുത്ത ദുരന്തത്തിൽ മരിച്ച മലയാളികളുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം 50 ലക്ഷം രൂപ നൽകിയ നിമിഷമാണ്. ലോക കേരള സഭയുടെ സമ്മേളനത്തിൽ അദ്ദേഹം അത് പ്രഖ്യാപിച്ച നിമിഷമായിരുന്നു ഫൊക്കാനയുടെ കഴിഞ്ഞ വർഷങ്ങളിലെ ജീവകാര്യണ്യ പ്രവർത്തനങ്ങളിലെ ഏറ്റവും ധന്യനിമിഷമായി എനിക്ക് തോന്നിയത് . ഫൊക്കാനയുടെ കഴിഞ്ഞ രണ്ട് വർഷത്തെ പ്രവർത്തനങ്ങളിൽ ഏറ്റവും പ്രധാന്യം നൽകിയതും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായിരുന്നു. അതു കൊണ്ടുതന്നെ വ്യക്തിപരമായി ഏറെ സന്തോഷം തോന്നിയ നിമിഷങ്ങൾ സമ്മാനിച്ച രണ്ടു വർഷങ്ങളാണ് കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ ഫൊക്കാനയുടെ അന്തർദ്ദേശിയ കൺവൻഷൻ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഓർമ്മ പുതുക്കുന്ന നിമിഷങ്ങൾ കൂടിയാവണം. ഡോ. ബാബു സ്റ്റീഫൻ, ഡോ. കല ഷഹി , ട്രസ്റ്റി ബോർഡ് ചെയർമാൻ സജി പോത്തൻ, വുമൻസ് ഫോറം ചെയർ ഡോ. ബ്രിജിറ്റ് ജോർജ് അതിലുപരി വാഷിംഗ്ടൺ ഡിസി കൺവൻഷന് ചുക്കാൻ പിടിക്കുന്ന ചെയർമാൻ ജോൺസൺ തങ്കച്ചൻ , ഫൊക്കാന കമ്മറ്റി അംഗങ്ങൾ , ആർ വി.പി മാർ , ജനറൽ ബോഡി അംഗങ്ങൾ എല്ലാവരോടും ഈ അവസരത്തിൽ ഒപ്പം നിന്നതിന് നന്ദിയും അറിയിക്കുന്നതായി ബിജു കൊട്ടാരക്കര പറഞ്ഞു.