സമീപ കാലത്തായി നിരവധി മികച്ച ഫീച്ചറുകളാണ് വാട്സ്ആപ്പിൽ എത്തിക്കൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവിലായി ഐഫോൺ ഉപയോഗിക്കുന്നവർക്ക് ഒരു കിടിലൻ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് മെറ്റയുടെ കീഴിലുള്ള സന്ദേശയമക്കൽ ആപ്പ്.
വാട്സ്ആപ്പിലൂടെ ആരോടെങ്കിലും ബാങ്ക് അക്കൗണ്ട് നമ്പറോ, ഫോൺ നമ്പറോ ആവശ്യപ്പെട്ടാൽ സ്ക്രീൻഷോട്ട് എടുത്ത് അയച്ചുതന്നാൽ, നീരസം തോന്നാത്തവർ ചുരുക്കമായിരിക്കും. ‘അത് ടൈപ്പ് ചെയ്ത് അയച്ചാൽ എന്താണ് കുഴപ്പം’ എന്നും നമ്മൾ അവരോട് ചോദിച്ചേക്കാം. എന്നാൽ, ഇനി നീരസം പ്രകടിപ്പിക്കേണ്ടതില്ല. അത്തരത്തിൽ നമ്പറുകളോ എഴുത്തോ ആരെങ്കിലും ചിത്രങ്ങളായി വാട്സ്ആപ്പിലേക്ക് അയച്ചുതന്നാൽ, ആ ചിത്രത്തിൽ നിന്ന് തന്നെ അവ കോപ്പി ചെയ്തെടുക്കാം.
ആപ്പിൽ പങ്കിട്ട ഫോട്ടോകളിലെ ടെക്‌സ്‌റ്റ് എക്‌സ്‌ട്രാക്‌റ്റുചെയ്യാനുള്ള കഴിവ് ഉൾപ്പെടുന്ന പുതിയ iOS ബീറ്റ അപ്‌ഡേറ്റ് പതിപ്പ് 23.5.77 വാട്ട്‌സ്ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. iOS 16 പതിപ്പിൽ ഇതുപോലുള്ള ഒരു ഫീച്ചർ നൽകിയിട്ടുണ്ട്. ഐഫോൺ ഗ്യാലറി ആപ്പിലെ ചിത്രങ്ങളിൽ നിന്നും വിഡിയോകളിൽ നിന്നും ഇത്തരത്തിൽ ടെക്സ്റ്റുകൾ പകർത്താൻ കഴിയും. iOS 16 എ.പി.ഐ ഉപയോഗിച്ച് സമാന പ്രവർത്തനങ്ങൾ വാട്സ്ആപ്പിലേക്ക് വിപുലീകരിക്കുകയാണ് ചെയ്തിരിക്കുന്നത്. ആവശ്യമെങ്കിൽ നിങ്ങൾക്ക് ടെക്സ്റ്റ് വിവർത്തനം ചെയ്യാൻ പോലും കഴിയും.
ഈ ഫീച്ചർ ചില വാട്സ്ആപ്പ് സ്റ്റേബിൾ യൂസർമാർക്ക് ലഭ്യമാകാൻ തുടങ്ങിയതായി WABetaInfo റിപ്പോർട്ട് ചെയ്യുന്നു. കൂടെ വോയ്‌സ് സ്റ്റാറ്റസുകൾ അയയ്‌ക്കാനുള്ള ഫീച്ചറുമുണ്ട്. പുതിയ ഫീച്ചറിന്റെ എല്ലാവർക്കുമുള്ള റോൾഔട്ട് വരും ദിവസങ്ങളിൽ പ്രതീക്ഷിക്കാം.