സത്യം പറഞ്ഞാൽ ഒരു വിജ്രംഭനം തോന്നുന്നു, ആഹാ അന്തസ്സ്... മലയാളി ഡാ....!!
പറഞ്ഞു വരുന്നത് ദ സെയിം തലശ്ശേരിക്കഥയാണ്. ആറു വയസ്സുകാരൻ, അശുവായ ഒരു കുഞ്ഞിനെ ചവിട്ടിമലർത്തിയ ഇരുപതുകാരൻ ബിരുദവിദ്യാർത്ഥി, അവനെയോർത്ത് അഭിമാനിക്കാതെങ്ങനെ?
എന്തെന്നല്ലേ?
ആ ചവിട്ടിയവൻ ആള് പൊളിയാണ്, എന്താന്നോ? ധൃതി പിടിക്കല്ലേ... വിശദമായി പറയാം.
ഒന്നാമത് മലയാളിക്ക് ഒരു വല്യ ധാരണയുണ്ട്, ലോകത്തെ സകലമാന സംസ്‌കാരവും ദാ ഇങ്ങ് നമ്മുടെ വിയർത്ത കക്ഷത്തിനിടയിലാണെന്ന്! അല്ല എന്നു തർക്കിക്കരുത്. പകൽപോലെ സത്യത്തിനുനേരെ മുഖം തിരിച്ചിട്ടു കാര്യമില്ല.
അപ്പോൾ ചോദിക്കും, ഇവൻ കാമുകനു വിഷം കൊടുത്തവളുടെയത്രയും വിഷമല്ലല്ലോ എന്ന്,
കാമുകനു വിഷം കൊടുത്ത കാമുകി ഒരു ക്രിമിനലാണ്. അവൾ ബുദ്ധിപൂർവ്വം തിരക്കഥ ഒരുക്കി, അഭിനേതാക്കളെ സംഘടിപ്പിച്ച് നടത്തിയ 'അഞ്ചാംപാതിര'യാണ് ആ സംഭവമെങ്കിൽ, ഇവിടെ ഒരു ബന്ധവുമില്ലാത്ത ഒരു കുഞ്ഞിനുനേരെ കാലുയർത്തി ചവിട്ടുകയാണ്! അതിനവനെ പ്രേരിപ്പിച്ചത്, കുഞ്ഞ് അവൻ്റെ വെള്ളക്കാറിൽ ചേർന്നുനിന്നതും! വെറും ഇരുപതുകാരനാണ് ആ ചവിട്ട് ചവിട്ടിയത് എന്ന് ഓർക്കണം. ജീവിതത്തിൻ്റെ വലിയ പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോകുന്നതോ, അതെല്ലെങ്കിൽ കടുത്ത മാനസിക സംഘർഷങ്ങൾ ഉള്ളതോ ആയ ഒരാളല്ല ആ കോളേജ് കുമാരൻ എന്നു മനസ്സിലാക്കണം. അത്യാവശ്യം തിന്നാനും കുടിക്കാനും വകയുള്ള വീട്ടിലെ ഓമനപ്പുത്രൻ, പുരോഗമന രാഷ്ട്രീയ ചിന്തകളുള്ള അവൻ ഒരു കുഞ്ഞിനുനേരെ കാലുയർത്തുന്നുവെങ്കിൽ ഒന്നു സമ്മതിക്കണം, നമ്മുടെ കപട സാംസ്ക്കാരിക മുഖംമൂടിയിൽ ചെളിപിടിച്ചിരിക്കുന്നുവെന്ന്!
അവൻ, നമ്മുടെ പ്രതിനിധിയാണ്.
നമ്മൾ മനസ്സിൽ സൂക്ഷിക്കുന്ന കെട്ട ജാതിചിന്തയില്ലേ,
അത് സവർണ്ണനു അവർണ്ണനോടു തോന്നുന്നത് മാത്രമല്ല, അവർണ്ണനു സവർണ്ണനോടു തോന്നുന്നതും ഉൾപ്പെടുന്ന ജാതിചിന്തയുടെ പ്രതിനിധിയാണ്...
നമ്മൾ മനസ്സിൽ സൂക്ഷിക്കുന്ന സാമ്പത്തിക ഉച്ചനീചത്വങ്ങളില്ലേ? അതിൻ്റെ പ്രതിനിധിയാണ്...
നമ്മൾ മനസ്സിൽ സൂക്ഷിക്കുന്ന സങ്കുചിത ദേശചിന്തയില്ലേ? അവൻ അതിൻ്റെ പ്രതിനിധിയാണ്...
നമ്മൾ മനസ്സിൽ സൂക്ഷിക്കുന്ന വൃത്തികെട്ട വൃത്തിബോധമില്ലേ?
ആരാൻ്റെ ഒഴിഞ്ഞ പറമ്പിലേക്ക് മാലിന്യമെറിയുന്ന അതേ വൃത്തിബോധത്തിൻ്റെ, പ്രതിനിധിയാണ്...
നമ്മൾ മനസ്സിൽ ഭദ്രമാക്കിയ അന്യസംസ്ക്കാരങ്ങളോടുള്ള ആ മഹാപുച്ഛമില്ലേ, അതിൻ്റെയും പ്രതിനിധിയാണ്.
ഡാ കൊച്ചനേ, നിൻ്റെ ആ ചവിട്ട് കൊണ്ടത് ആ കുഞ്ഞുദേഹത്താണെങ്കിലും, നീ ചവിട്ടിയപ്പോൾ പുറത്തുവന്നത് ദയാരഹിത്യത്തിൻ്റെ വിഷമുള്ളുകളാണ്
പിന്നെ ഒരു വാൽക്കഷണം,
പ്രിയപ്പെട്ട പോലീസുകാരേ, നിങ്ങളോ ഡിപ്പാർട്ട്മെൻ്റിൻ്റ പേര് മധ്യസ്ഥ പ്രാർത്ഥനാ ഡിപ്പാർട്ട്മെൻ്റ് എന്നാക്കുവിൻ. എന്നിട്ട് ആരെങ്കിലും തല്ലിയേന്നോ കൊന്നെന്നോ പറഞ്ഞ് വന്നാൽ പ്രതിക്ക് ബോണ്ടയും നാരങ്ങാവെള്ളവും വാങ്ങിക്കൊടുത്ത്, പരാതി കൊടുക്കാൻ വരുന്നവൻ്റെ പുറം പൊളിച്ച് അകത്തിടുക. പിന്നവൻ കമാന്ന് മിണ്ടരുത്! ഒരു ആറു മാസം കൊണ്ട് നമ്മുടെ നാട് കേസില്ലാനാടായി മാറുന്ന പുഷ്ക്കല കാലം വരും, വരാതിരിക്കില്ല!!