ജനങ്ങൾക്ക് ക്രൈം ത്രില്ലറുകളോട് ഇഷ്ടം കൂടുന്നോ? അത് അവരുടെ സ്വഭാവത്തെ സ്വാധീനിക്കുന്നോ? വെറുതേ ഉണ്ടായ ചിന്തയല്ലിത്, പണ്ട് അന്തിപ്പത്രങ്ങൾ മാത്രം എഴുതിപ്പോന്നിരുന്ന കൊലപാതകങ്ങളുടെ സചിത്ര ഫീച്ചറുകൾ ഇന്ന് ഏറ്റെടുത്തിരിക്കുന്നത് ചാനലുകളാണ്. വെന്തു വളിച്ച വാർത്തയുമായി രാവിലെ വരാന്തയിൽ കിടക്കുന്ന പത്രത്തിലും അവസ്ഥ മറ്റൊന്നല്ല. ഏത് അരുംകൊലയും കണ്ണീരും പ്രതികാരവും സമാസമം ചേർത്ത് പകുതി പേജ് വാർത്ത കൊടുക്കാൻ അവർക്കും മടിയില്ല. ഇന്നുമുണ്ട് ഒരു പ്രതികാര കഥ. ഇന്നലെ വെണ്ണീറായ ദമ്പതികളുടെ കൊലപാതകത്തിലേക്കു നയിച്ച പ്രതികാര കഥ!
ആ വാർത്തയ്ക്കു തൊട്ടുമുമ്പ് ഒരു 'ദൃശ്യം' മോഡൽ കൊലപാതകത്തിൻ്റെ വാർത്ത സ്ക്രോൾ ചെയ്യുന്നുണ്ടായിരുന്നു.
ഇന്ന് ഗാന്ധിജയന്തിയാണ്! അക്രമത്തിൻ്റെ പാത ഉപക്ഷിക്കൂ എന്നുപറഞ്ഞ മഹാത്മാവിൻ്റെ ജന്മദിനം. ഇന്നു മുതൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങളും, ബോധവൽക്കരണവും ആരംഭിക്കുന്നുണ്ട് എന്ന് വാർത്തകൾ പറയുന്നു. പക്ഷേ, എനിക്കു തോന്നുന്നത് ലഹരിമരുന്നിനേക്കാൾ വലിയ ലഹരിയായി ക്രൈം വാർത്തകൾ മാറുന്നോ എന്നാണ്.
ഇന്നലെ ഉച്ചതിരിഞ്ഞനേരത്താണ് കേരളം മുഴുവൻ അയ്യേ എന്നു ശങ്കിച്ച ആ കെ എസ് ആർ ടി സി കണ്ടക്ടറുടെ പൂരപ്പാട്ട് വൈറലായത്. അതിനെക്കുറിച്ചു കെ എസ് ആർ ടി സി ഇത് എഴുതുംവരെ കമാന്നു മിണ്ടിയിട്ടില്ല. തലയ്ക്ക് ചുറ്റിക കൊണ്ടടിച്ച് പെട്രോൾ ഒഴിച്ച് തീകൊളുത്തുന്നതിലും ഭീകരമായിത്തോന്നി സർക്കാർ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥയുടെ ആ പൂരപ്പാട്ട്!
റോഡിലൂടെ നടന്നു പോകുമ്പോൾ അറിയാതെ തമ്മിൽ ഉരസിയാൽ അതൊരു കൊലപാതകത്തിനു കാരണമാകുന്ന കാലം! ഒരു സോറി പറയാത്തതിന് ജീവൻ പ്രതിഫലം കൊടുക്കേണ്ടി വന്നത്, ഭാഗ്യം... അതു നടന്നതു നമ്മുടെ രാജ്യത്തല്ല!!
ഏതായാലും ഉദ്ബോധനങ്ങൾ വഴിപോലെ നടക്കട്ടെ, ഇടക്ക് പ്രജകളുടെ മാനസികാരോഗ്യം ഒന്ന് പരിശോധിപ്പിക്കപ്പെടാൻ കൂടി വല്ല വഴിയും ഉണ്ടാക്കുന്നതു നല്ലതാകും എന്നു തോന്നുന്നു.
കെട്ട കാലത്തെ അതിലും കെട്ട ചിന്തകൾ...!!