advertisement
Skip to content

അപ്പോഴും നമുക്ക് മിണ്ടാതിരിക്കാം...

എനിക്കറിയാം, ഇതാരും വായിക്കില്ല, വായിക്കാൻ തുടങ്ങുമ്പോഴേ മാറ്റിവയ്ക്കും, കാരണം എന്റെ വീട്ടിലാരും ഇത് ഉപയോഗിക്കുന്നില്ല, പിന്നെ ഞാനെന്തിന് നേരം കളയണം? ആ സമയം രണ്ടു പ്രണയകവിതയോ, നാളെ സിനിമ ആക്കാൻ ഏതെങ്കിലും ഒരുത്തന് തോന്നുന്ന ഒരു മുപ്പതു പേജുള്ള ചെറുകഥയോ എഴുതിത്തള്ളാം.

Anil Kumar CP

ഇപ്പോൾ ഞെട്ടലില്ല. വെറും നിസ്സംഗത മാത്രം. പഴയ നാസി കോൺസെൻട്രേഷൻ ക്യാമ്പുകളെക്കുറിച്ച് ഈ അടുത്ത സമയത്ത് വായിച്ചിരുന്നു. അതിൽ പറയുന്ന ഒരു രംഗത്തിൽ, ഗ്യാസ് ചേമ്പറിലേക്ക് എത്തിക്കുന്നവരുടെ ആദ്യത്തെ ജോലി, അവർക്കു മുന്നിലുള്ള ചേമ്പർ തുറന്ന് തൊട്ടു മുൻപ് മരിച്ചവരുടെ മൃതദേഹങ്ങൾ എടുത്തുമാറ്റി അവിടം വൃത്തിയാക്കണം എന്നതാണ്. അതായത്, സ്വന്തം മരണസ്ഥലം സ്വയം ക്ലീനാക്കി, അവിടെ കേറിനിന്ന് വിഷവാതകം ശ്വസിച്ച് പിടഞ്ഞു മരിക്കുക. ഒന്നുകൂടി വിശദീകരിച്ചാൽ, ഒരാളെ തൂക്കിക്കൊല്ലാൻ വിധിക്കുന്നു എന്നു കരുതുക, അയാളെക്കൊണ്ട് സ്വന്തം തൂക്കുകയർ ഒരുക്കിക്കുക! എങ്ങനുണ്ട്? അതിനേക്കാൾ ആയിരം മടങ്ങു ഭീകരമാണ് കൺമുന്നിൽ മരണം മാത്രം കണ്ടു നിൽക്കുക, വൈകാതെ കൊല്ലപ്പെടുക എന്നത്.

ഇത്രയൊക്കെ പറയാൻ കാരണം എന്തെന്നല്ലേ? ഒരാഴ്ചയ്ക്കിടെ ഒരു വാർത്ത കണ്ടു, അശ്ലീല വീഡിയോയ്ക്ക് അടിമയായ പതിനേഴുകാരൻ പത്തു വയസ്സുള്ള അയൽക്കാരിയെ  ബലാൽസംഗം ചെയ്തു കൊന്നു എന്ന്! നിത്യേന വരുന്ന പത്തു ബലാൽസംഗക്കേസുകളിൽ  ഇതിലെന്താ ഇത്ര ആനക്കാര്യം? വായിച്ചോ വായിക്കാതെയോ കളഞ്ഞാപ്പോരെ അത് എന്നല്ലേ ചിലരെങ്കിലും ഓർത്തത്? ശരിയാണ്, എനിക്കൊരു മകളില്ല. പിന്നെ ഞാനെന്തിന് ആശങ്കപ്പെടണം? പക്ഷേ, ഈ പയ്യൻ മയക്കുമരുന്നിനും അടിമയായിരുന്നു എന്നതുകൂടി ചേർത്തു വായിക്കണം. തീർന്നില്ല, ഇന്നുമുണ്ട് നിയമസഭയിലും പരാമർശിച്ച ഒരു വാർത്ത, എന്താണെന്നോ? ഒരു പതിനാലുകാരിപ്പെൺകുട്ടി, മയക്കുമരുന്നിന്റെ കാരിയർ ആണത്രേ!

പണ്ട് ബീഡി, സിഗററ്റ്, കള്ള്, വാറ്റ്, കഞ്ചാവ് ഇത്രേം ആയിരുന്നു ദുശ്ശീലങ്ങൾ. പിന്നെയുള്ളത് പരഗമനമാണ്, അതു മാറ്റിവച്ചാൽ ആ പറഞ്ഞ അഞ്ച് എണ്ണം മാത്രമേ പ്രശ്നമായിട്ടുണ്ടായിരുന്നുള്ളൂ. എന്നാൽ, പിന്നീട് ഹാഷിഷ്, ബ്രൗൺഷുഗർ എന്നിവയൊക്കെ കടന്നുവന്നുവെങ്കിലും പെത്തഡിൻ പോലുള്ള മരുന്നുകൾക്കു കിട്ടിയ സ്വീകാര്യത മറ്റുള്ളവയ്ക്ക് കിട്ടിയില്ല. പെത്തഡിനും മെഡിക്കൽ ഫീൽഡിൽ ഉളളവരിൽ ഒതുങ്ങിനിന്നു. ഇവയുടെയൊക്കെ ലഭ്യത താരതമ്യേന പരിമിതമായിരുന്നു. ഒപ്പം ഒരിക്കൽ മയക്കുമരുന്നു കേസിൽ പെട്ടാൽ പുറംലോകം കാണില്ല എന്ന ഭയവും. എന്നാൽ പിന്നീട് കാര്യങ്ങൾ മാറി. ചാരായം നിരോധിക്കപ്പെട്ടു. വീര്യം കുറഞ്ഞ കള്ള് കിട്ടുന്നതു ദുർലഭം.

സ്വാഭാവികമായും ബിവറേജസിൽ ക്യൂ നിൽക്കാൻ ആവശ്യക്കാർ നിർബന്ധിതരായി. തീർത്തും വൃത്തികെട്ട അവസ്ഥയിൽ വെയിലത്തും മഴയത്തും ഗ്രില്ല് അടിച്ച കൂട്ടിൽ നിന്നും കൊള്ളവിലയ്ക്ക് മദ്യം വാങ്ങേണ്ടി വന്നവർ സ്വാഭാവികമായും വിലകുറഞ്ഞ ലഹരി തേടി. മെല്ലെ സൈക്യാട്രി, ന്യൂറോ മരുന്നുകൾ വ്യാജ കുറിപ്പടിയിൽ വാങ്ങി ഉപയോഗിക്കുന്നവരും അത്തരക്കാരുടെ വിതരണ ശൃംഖലയും രൂപം കൊണ്ടു. തീർന്നില്ല, ലോക്ക്ഡൗൺ വന്നു. പണിയില്ല, എന്തു ചെയ്യും? പണമില്ല, എന്തു ചെയ്യും? എന്തും ചെയ്യും എന്ന അവസ്ഥയിൽ ഈസീ മണി എന്ന ചിന്ത ഉദയം ചെയ്തു.

പണ്ട് ചാരായം വാറ്റുമ്പോൾ കിക്കു കിട്ടാൻ അട്ടയും ബാറ്ററിയും ഒക്കെ പരീക്ഷിച്ചവരുടെ പിന്തുടർച്ചക്കാർ ഇവിടെയും പരീക്ഷണങ്ങൾ തുടങ്ങി. അപ്പോഴേക്കും ആവശ്യക്കാരേറെയായി. പത്തായത്തിൽ നെല്ലുണ്ടെങ്കിൽ എലി നൈജീരിയയിൽ നിന്നും വരും! വന്നു നൈജീരിയയിൽ നിന്ന്, എലിയല്ല, മറിച്ച് വലിയ മയക്കുമരുന്നുവിതരണക്കാർ! നൈജീരിയ എന്നതുമാത്രമായി ചുരുക്കണ്ട, ആഫ്രിക്കൻ വംശജരുടെ വലിയ ഗ്രൂപ്പ്, ഒപ്പം ഇന്ത്യയുടെ വടക്കുകിഴക്കു സംസ്ഥാനങ്ങളിലെ വേറൊരു  വലിയ ഗ്രൂപ്പ്! എല്ലാവരും ഒത്തുചേർന്ന് ആഞ്ഞു പിടിച്ചപ്പോൾ ഈ കൊച്ചു കേരളത്തിലും സംഗതി ഖുശിയായി. വെറും പതിനാലു വയസ്സ്, ആ പെൺകുട്ടിപോലും കാരിയർ ആവുക എന്നാൽ? അതിന്റെ ആഘാതം എത്ര വലുതാണ്. സ്വബോധം അഥവാ ആക്ടീവ് ആയ മനസ്സ് അഥവാ ബോധമനസ്സ് ശൂന്യം. അവിടേക്ക് ഉണരുന്ന ഉപബോധമനസ്സ്. കാണുന്ന ചിത്രങ്ങൾ, വാർത്തകൾ എല്ലാം സ്വാധീനിച്ച് വെടക്കാക്കിയ ആ ഉപബോധമനസ്സിന് ഭയമില്ല, അറപ്പില്ല, ദയയില്ല, അപ്പോൾ? അപ്പോഴാണ് ആദ്യം പറഞ്ഞ പോലുള്ള കാര്യങ്ങൾ സംഭവിക്കുക. പതിനേഴുകാരൻ കൊന്ന പത്തു വയസ്സുകാരി അങ്ങനെ ഉണ്ടായതാണ്.

അല്ല, ഞാനുൾപ്പെടെയുള്ള സാഹിത്യ സാംസ്ക്കാരിക നായകൾ ഒന്നും മിണ്ടില്ല. കാരണം, ഏതോ സംസ്ഥാനത്ത് ഏതോ പത്തു വയസ്സുകാരി മരിച്ചാൽ എനിക്കെന്ത്? ഇനി എന്റെ  പഞ്ചായത്തിൽ അങ്ങനൊന്ന് സംഭവിച്ചാലും എനിക്കെന്ത്? ഇനി എന്റെ വീട്ടിലതു സംഭവിച്ചാൽ അന്നെന്റെ മൗനം മുറിയുമോ?

അതോ അന്നും ഞാൻ കിട്ടാത്ത അവാർഡിനെ ഓർത്ത്, കിട്ടാത്ത പ്രശംസാപത്രത്തേ ഓർത്ത് മൗനം ദീക്ഷിക്കുമോ? ഇപ്പോൾ എന്തെങ്കിലും ചെയ്യാനാകണം.

എനിക്കറിയാം, ഇതാരും വായിക്കില്ല, വായിക്കാൻ തുടങ്ങുമ്പോഴേ മാറ്റിവയ്ക്കും, കാരണം എന്റെ വീട്ടിലാരും ഇത് ഉപയോഗിക്കുന്നില്ല, പിന്നെ ഞാനെന്തിന് നേരം കളയണം? ആ സമയം രണ്ടു പ്രണയകവിതയോ, നാളെ സിനിമ ആക്കാൻ ഏതെങ്കിലും ഒരുത്തന് തോന്നുന്ന ഒരു മുപ്പതു പേജുള്ള ചെറുകഥയോ എഴുതിത്തള്ളാം.

ശരിയാണ്, നൂറുകൂട്ടം കാര്യങ്ങൾക്കിടയിൽ കണ്ണടയ്ക്കാൻ പറ്റുന്നത് ഇത്തരം വാർത്തകൾക്കു നേരെയാണ്. ഞാനും കണ്ണടയ്ക്കുകയാണ്. ഞാനെന്തിനു ദണ്ഡപ്പെടണം? എന്റെ കോളം കൂടുതൽ വായിക്കപ്പെടട്ടെ, അതു മാത്രമേ എനിക്കും ലക്ഷ്യമുള്ളൂ. അപ്പോൾ പറഞ്ഞുവന്നത്, ഇനി വരും നാളുകളിൽ കൂടുതൽ ഭീഭത്സമായ വാർത്തകൾ നമുക്കു കേൾക്കാം. അപ്പോഴും നമുക്ക് മിണ്ടാതിരിക്കാം!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest