അമ്മയാണത്രേ അവർ! വായിച്ചപ്പോൾ അത്ഭുതം തോന്നി. പിന്നീടൊന്ന് ചിന്തിച്ചപ്പോൾ ചരിത്രം മറ്റൊരു തരത്തിൽ ആവർത്തിക്കുന്നുവെന്നു തോന്നി. ദ്രോണർ പ്രിയശിഷ്യന് എതിരാളി ഉണ്ടാകുന്നതുകണ്ട് ഏകലവ്യനോട് വലതുകയ്യിലെ പെരുവിരൽ ദക്ഷിണയായി ചോദിച്ചു. മകനു രാജ്യം ലഭിക്കാൻ കൈകേയി, രാമനെ പതിനാലുവർഷം വനവാസത്തിനയച്ചു. സ്വന്തം എന്നു കരുതുന്നവർക്കായി മറ്റുള്ളവരെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾക്ക് മനുഷ്യനുണ്ടായ കാലം മുതലുള്ള ചരിത്രം പറയാനുണ്ടാവും എന്നു ശാന്തമായി ചിന്തിച്ചപ്പോൾ തോന്നി. എന്നാൽ, ഇക്കാലത്ത്, ഒരമ്മ ഇത്രയും ക്രൂരയാകുമോ? പോണ്ടിച്ചേരിയിൽ ഒരമ്മ, സ്വന്തം മകളേക്കാൾ നന്നായി പഠിക്കുന്നു, പഠനേതര പ്രവർത്തനങ്ങളിൽ മുന്നിട്ടുനിൽക്കുന്നു എന്നുപറഞ്ഞ് മകളുടെ അതേ പ്രായമുള്ള അവളുടെ സഹപാഠിയെ വിഷം കൊടുത്തു കൊല്ലുക !
എങ്ങനെയാണ് കുഞ്ഞുങ്ങളോട് ഒരമ്മയ്ക്ക് ഇങ്ങനെ പ്രവർത്തിക്കാനാകുന്നത്? അമ്മ എന്നാൽ സദാ സ്നേഹത്തിന്റെ നിറകുടമായി, മലയാള സിനിമയിലെ ടിപ്പിക്കൽ അമ്മ മനസ്സ് ആയ കവിയൂർ പൊന്നമ്മയുടെ അമ്മ കഥാപാത്രത്തെപ്പോലെ ആകണം എന്നല്ല. എന്നാൽ കനിവിന്റെ, ദയയുടെ അംശം അപ്പാടെ ഇല്ലാതാകുന്നതു കാണുമ്പോൾ ആകെ അവിശ്വസനീയത മാത്രം.
സ്വന്തം മകളേക്കാൾ മാർക്ക് കൂടുതൽ വാങ്ങുന്നു എന്നതാണ് ബാലമണികണ്ഠൻ എന്ന പന്ത്രണ്ടുകാരൻ കുഞ്ഞിനോട് വിക്ടോറിയ ദൈവസഹായം എന്ന നാൽപ്പത്തിരണ്ടുകാരിക്ക് വിദ്വേഷം തോന്നാൻ കാരണം. അപ്പോൾ ആ ഒന്നാം സ്ഥാനക്കാരൻ ഇല്ലാതാകണം. അങ്ങനെ വന്നാൽ നിലവിലെ രണ്ടാം സ്ഥാനക്കാരി ഒന്നാം സ്ഥാനക്കാരിയായി മാറും. അതിനായി സ്ക്കൂളിൽ മത്സരങ്ങൾ നടക്കുന്ന ദിവസം, ആയുർവേദ മരുന്നുകടയിൽ നിന്നും വാങ്ങിയ ഏതൊക്കെയോ മരുന്ന് പൊടിച്ചിട്ട ജ്യൂസുമായി സ്ക്കൂൾ സെക്യൂരിറ്റിയെ കണ്ട്, ബാലമണികണ്ഠന്റെ അമ്മയാണ്, മകന്റെ ക്ഷീണം മാറ്റാൻ ഈ ജ്യൂസ് നൽകണമെന്ന് ആവശ്യപ്പെട്ടു. സ്വന്തം അമ്മയാണ് മകന് ജ്യൂസ് കൊണ്ടു വന്നിരിക്കുന്നത് എന്ന് അയാൾ കരുതി. അയാൾ കുട്ടിക്ക് ആ ജ്യൂസ് നൽകി. വൈകുന്നേരത്തോടെ വീട്ടിലെത്തിയ കുട്ടി ശർദ്ദിച്ച് അവശനായി. അടുത്തുള്ള ആശുപത്രിയിൽ എത്തിച്ച് അധികം വൈകാതെ മരണപ്പെട്ടു. മരിക്കുന്നതിനുമുൻപ് സെക്യൂരിറ്റി നൽകിയ ജ്യൂസിനെക്കുറിച്ച് കുട്ടി സൂചന നൽകി. അതുപ്രകാരം സെക്യൂരിറ്റിയെ ചോദ്യം ചെയ്തപ്പോൾ സി സി ടി വി യിൽ നിന്നാണ് വിക്ടോറിയയെ തിരിച്ചറിഞ്ഞത്.
അസൂയയും അതിൽ നിന്നുളവാകുന്ന വിദ്വേഷവും ലോകം തന്നെ ഇല്ലാതാക്കാൻ പോന്നതാണ്. ഇവിടെ രണ്ടു കുടുംബങ്ങളെ നേരിട്ടു ബാധിച്ച ഒന്നാണ് ഈ പ്രശ്നം. ഒരു കുടുംബത്തിന് മകനെ നഷ്ടപ്പെട്ടു. മറുഭാഗത്ത്, അമ്മയുടെ ക്രൂരതയിൽ ഒരു പെൺകുട്ടി അവളുടെ ജീവിതംകൊണ്ട് കടപ്പെട്ട അവസ്ഥയും. തീർന്നില്ല, ഈ സംഭവം ആ ക്ലാസ്സിലെ കുട്ടികളിൽ ഉണ്ടാക്കിയ ഭീതി എന്തായിരിക്കുമെന്ന് ഊഹിക്കാനാകുമോ? ഒരു അമ്മയാണ് പ്രതി. ആ കുഞ്ഞുങ്ങൾ ഇനി ആരെയാണ് വിശ്വസിക്കുക?
ഏതായാലും അമ്മ മനസ്സ്, നന്മ മനസ്സ് എന്നൊക്കെയുള്ള ബിംബങ്ങൾ ഉടയുകയാണ്. അത്രമാത്രം....