അബൂദബി: യാസ് ഐലന്‍ഡില്‍ കാണാക്കാഴ്ചകള്‍ സമ്മാനിക്കുന്ന പുതിയ തീം പാര്‍ക്കായ സീവേള്‍ഡ് യാസ് ഐലൻഡ് തുറന്നു. അബൂദബി കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാനാണ് പുതിയ തീം പാര്‍ക്ക് ഉദ്ഘാടനം ചെയ്തത്.
ഉദ്ഘാടനശേഷം ശൈഖ് ഖാലിദ് സീവേള്‍ഡ് ചുറ്റിക്കണ്ടു. സമുദ്രജീവികളെക്കുറിച്ച് സന്ദര്‍ശകര്‍ക്ക് ബോധ്യപ്പെടുന്ന രീതിയിലാണ് 1,83,000 ചതുരശ്ര മീറ്ററില്‍ വിനോദവും വിജ്ഞാനവും സംഗമിപ്പിച്ച് സീവേള്‍ഡ് യാസ് ഐലന്‍ഡ് ഒരുക്കിയിരിക്കുന്നത്.
മിറാലിന്റെ പങ്കാളിത്തത്തോടെയാണ് സീവേള്‍ഡ് പാര്‍ക്സ് ആന്‍ഡ് എന്റര്‍ടെയിന്‍മെന്റ് സീവേള്‍ഡ് യാസ് ഐലന്‍ഡ് നിര്‍മിച്ചത്. ഗവേഷണ, റെസ്ക്യൂ, പുനരധിവാസ, വിദ്യാഭ്യാസ കേന്ദ്രം കൂടിയായാണ് സീവേള്ഡിനെ സജ്ജീകരിച്ചിരിക്കുന്നത്.
അബൂദബി സാംസ്കാരിക, ടൂറിസം വകുപ്പ് ചെയര്‍മാനും മിറാല്‍ ചെയര്‍മാനുമായ മുഹമ്മദ് ഖലീഫ അല്‍ മുബാറക്, മിറാല്‍ സി.ഇ.ഒ മുഹമ്മദ് അബ്ദുല്ല അല്‍സാബി എന്നിവര്‍ ശൈഖ് ഖാലിദിനെ അനുഗമിച്ചു.