കൊച്ചി: കേരളത്തിലെ സംരംഭകരുടെയും സ്റ്റാർട്ടപ്പുകളുടെയും ഇ കൊമേഴ്‌സ് കയറ്റുമതി വർദ്ധിപ്പിക്കാൻ ആമസോൺ പദ്ധതി. ആമസോണിന്റെ ഗ്ലോബൽ സെല്ലിംഗ് പ്രോഗ്രാമിൽ 1500ലധികം കയറ്റുമതിക്കാരുണ്ട്. ഇത് വർദ്ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ആമസോൺ ഇന്ത്യയുടെ ഗ്ലോബൽ ട്രേഡ് ഡയറക്ടർ ഭൂപേൻ വകാങ്കർ പറഞ്ഞു.
എറണാകുളം, തൃശൂർ, തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, കണ്ണൂർ, മലപ്പുറം നഗരങ്ങളിൽ നിന്നാണ് കൂടുതൽ കയറ്റുമതിക്കാരുള്ളത്. കണ്ണൂരിൽ നിന്നുള്ള കൈത്തറി, കൊച്ചി, കൊല്ലം എന്നിവിടങ്ങളിലെ സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയ്ക്കാണ് പ്രിയം കൂടുതൽ.
ചെറുകിട സംരംഭകർ, സ്റ്റാർട്ടപ്പുകൾ എന്നിവയ്ക്ക് ഉത്പന്നങ്ങൾ ആമസോൺ വഴി വിദേശങ്ങളിലേയ്ക്ക് കയറ്റുമതി ഒരുക്കുകയാണ് ചെയ്യുന്നത്. അമേരിക്ക, യു.കെ. എന്നിവയാണ് പ്രധാനവിപണികൾ, യു.എ.ഇ., ആസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്ന് ആവശ്യക്കാർ വർദ്ധിക്കുന്നുണ്ട്.ആമസോൺ ഗ്ലോബൽ സെല്ലിംഗ് പ്രൊപ്പൽ സ്റ്റാർട്ടപ്പ് ആക്‌സിലറേറ്ററിന്റെ (പ്രൊപ്പൽ എസ് 3) മൂന്നാം സീസൺ ആരംഭിച്ചു. ഇന്ത്യൻ ബ്രാൻഡുകൾക്കും സ്റ്റാർട്ടപ്പുകൾക്കും ലോകവിപണിയിലെത്താൻ സഹായിക്കുന്ന സംരംഭമാണിത്. 2025 ഓടെ ഇന്ത്യയിൽ നിന്ന് 20 ബില്യൺ ഡോളറിന്റെ കയറ്റുമതി നേടാനുള്ള ശ്രമമാണ് പ്രൊപ്പൽ എസ് 3യെന്ന് അദ്ദേഹം പറഞ്ഞു.