യൂട്യൂബില്‍ നിന്നു മാത്രമല്ല ട്വിറ്ററില്‍ നിന്നും കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ക്കും പ്രശസ്തര്‍ക്കും വരുമാനമുണ്ടാക്കാം. നിങ്ങള്‍ പോസ്റ്റ് ചെയ്യുന്ന കണ്ടെന്റിന് മൂല്യമുണ്ടെന്നു കരുതുന്നുണ്ടോ? നിങ്ങള്‍ ഇടുന്ന കണ്ടെന്റ്, അത് വിഡിയോ ആണെങ്കിലും, ടെക്‌സ്റ്റായി നടത്തുന്ന ദൈര്‍ഘൈമുള്ള ട്വീറ്റാണെങ്കിലും, ന്യൂസ് ലെറ്റര്‍ ആണെങ്കിലും, ആരെങ്കിലുമൊക്കെ അതു കാണാന്‍ സബ്‌സ്‌ക്രൈബ് ചെയ്യുമെങ്കില്‍ പണമുണ്ടാക്കാനുള്ള അവസരമാണ് ട്വിറ്ററിന്റെ പുതിയ മേധാവി ഇലോണ്‍ മസ്‌ക് ഒരുക്കുന്നത്. ഇതിനു പുറമെ ട്വിറ്ററിലെ സബ്‌സ്‌ക്രൈബര്‍മാര്‍ക്കു മാത്രം പ്രവേശനം ലഭിക്കുന്ന 'സ്‌പെയ്‌സസി'ലേക്ക് കടക്കാന്‍ അനുമതിയും ലഭിക്കും, പ്രത്യേക സബ്‌സ്‌ക്രൈബര്‍ ചിഹ്നങ്ങളും നല്‍കും. ട്വിറ്റര്‍ ഫോളോവേഴ്സിനോട് നിങ്ങള്‍ ഇടുന്ന ദൈര്‍ഘ്യമുളള ടെക്‌സ്റ്റ് ആണെങ്കിലും മണിക്കൂറുകള്‍ നീളുന്ന വിഡിയോ ആണെങ്കിലും കാണാന്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ആവശ്യപ്പെടുക എന്നാണ് മസ്‌ക് പറഞ്ഞിരിക്കുന്നത്.
മാസവരുമാനം ലഭിക്കുന്നത് ഇങ്ങനെ
പണം മുടക്കി കണ്ടെന്റ് കാണാന്‍ തയാറുള്ള ഫോളോവേഴ്സിനെ കിട്ടിയാല്‍ നിങ്ങള്‍ക്ക് ട്വിറ്ററില്‍ നിന്ന് മാസവരുമാനം ഉണ്ടാക്കാം. ഇതിനു പുറമെ ട്വിറ്റര്‍ കമ്പനി 'സബ്‌സ്‌ക്രിപ്ഷന്‍സ്' വഴി നേടുന്ന പണത്തിന്റെ ഒരു പങ്കും കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ക്ക് നല്‍കിയേക്കും. നിങ്ങളുടെ ട്വീറ്റുകളോട് പ്രതികരിക്കുന്ന ഫോളോവേഴ്സിനായി അധിക കണ്ടെന്റ് നല്‍കി അവരോട് സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ആവശ്യപ്പെടുകയാണ് ചെയ്യേണ്ടത്.
സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് എന്തു ലഭിക്കും?
ഒരു കണ്ടെന്റ് ക്രിയേറ്ററുടെ 'സബ്‌സ്‌ക്രിപ്ഷന്‍സ്' ഓഫര്‍ സ്വീകരിച്ച് പണമടച്ച് കണ്ടെന്റ് കാണുകയാണെങ്കില്‍ സബ്‌സ്‌ക്രൈബര്‍മാരല്ലാത്ത ഫോളോവേഴ്സിന് ലഭിക്കാത്ത കണ്ടെന്റ് ലഭിക്കും. ഇത് ന്യൂസ് ലെറ്ററുകളാകാം, ദൈര്‍ഘ്യമുള്ള വിഡിയോകളോ മറ്റ് കണ്ടെന്റോ ആകാം. ഇതു കൂടാതെ, കണ്ടെന്റ് ക്രിയേറ്ററുമായി നേരിട്ട് ഇടപെടാനും സബ്‌സ്‌ക്രൈബര്‍മാരെ അനുവദിക്കും. സബ്‌സ്‌ക്രൈബര്‍മാര്‍ ആണെന്ന് അറിയിക്കാന്‍ അവരുടെ പേരിന് സമീപം ഒരു അടയാളവും നല്‍കും. അതായത് കണ്ടെന്റ് ക്രിയേറ്റര്‍ തന്റെ എല്ലാ ഫോളോവേഴ്സിനും നല്‍കുന്നതിലേറെ കണ്ടെന്റ് സബ്‌സ്‌ക്രൈബര്‍മാര്‍ക്കു നല്‍കും.
മികച്ച കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ക്കും പ്രശസ്തര്‍ക്കും ഇതു ഗുണകരമായേക്കും
നിങ്ങളുടെ കണ്ടെന്റിന് പ്രതിമാസം 2.99 ഡോളര്‍, 4.99, ഡോളര്‍, 9.99 ഡോളര്‍ എന്നിങ്ങനെ മൂന്നു രീതിയിലാണ് മാസവരിയിടാന്‍ അനുവദിച്ചിരിക്കുന്നത്. (രൂപയിലുള്ള മാസവരി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.) നിങ്ങള്‍ക്ക് ഇതില്‍ ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാം. ഫോളോവേഴ്സ് ഈ തുക നല്‍കി സബ്‌സ്‌ക്രൈബ് ചെയ്താല്‍ ആ തുക ട്വിറ്റര്‍ അവരില്‍ നിന്ന് ഈടാക്കി കണ്ടെന്റ് ക്രിയേറ്റര്‍ക്കു നല്‍കും.
ക്രിയേറ്റര്‍ക്കു വേണ്ട കുറഞ്ഞ യോഗ്യതകള്‍
ഇങ്ങനെ സബ്‌സ്‌ക്രൈബര്‍മാരെ ലഭിക്കണമെങ്കില്‍ വേണ്ട കുറഞ്ഞ യോഗ്യതയും പ്രഖ്യാപിച്ചു. വ്യക്തിക്ക് കുറഞ്ഞത് 18 വയസ് ആയിരിക്കണം. കുറഞ്ഞത് 10,000 ഫോളോവേഴ്സ് ഉണ്ടായിരിക്കണം. കഴിഞ്ഞ 30 ദിവസത്തിനിടയ്ക്ക് 25 തവണയെങ്കിലും ട്വീറ്റ് ചെയ്തിരിക്കണം. കൂടാതെ 30 ദിവസത്തിനുള്ളില്‍ 25 ട്വീറ്റ് നടത്തുന്നതില്‍ കണ്ടെന്റ് ക്രിയേറ്റര്‍ പരാജയപ്പെട്ടാല്‍ പണമുണ്ടാക്കാനുള്ള യോഗ്യത നഷ്ടപ്പെടുകയും ചെയ്യാം.
ഏതെല്ലാം രാജ്യക്കാര്‍ക്ക്?
മുകളില്‍ പറഞ്ഞ യോഗ്യതകള്‍ ഉള്ളവര്‍ക്ക് അമേരിക്കയില്‍ ഇപ്പോള്‍ത്തന്നെ ഇതിനുള്ള നടപടിക്രമങ്ങളിലേക്ക് കടക്കാം. അതേസമയം, ആഗോള തലത്തില്‍ ഐഫോണിലോ, ആന്‍ഡ്രോയിഡിലോ ട്വിറ്റര്‍ ഉപയോഗിക്കുന്നവര്‍ക്കും ഇതിന് അപേക്ഷിക്കാം. ബ്രൗസറില്‍ ട്വിറ്റര്‍.കോം ഉപയോഗിക്കുന്നവരാണെങ്കില്‍ അമേരിക്കയ്ക്കു പുറമെ കാനഡ, ന്യൂസിലൻഡ്, ഓസ്‌ട്രേലിയ എന്നിവടങ്ങളില്‍ ഉള്ളവര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കുക.