സാൻഫ്രാൻസിസ്കോ: സമൂഹമാധ്യമമായ ട്വിറ്ററിന്റെ മാതൃസ്ഥാപനം ട്വിറ്റർ ഐഎൻസി ഔദ്യോഗികനാമം എക്സ് കോർപറേഷൻ എന്നു മാറ്റി. ഇനി മുതൽ എല്ലാ ഔപചാരിക രേഖകളിലും എക്സ് കോർപ് എന്നുപയോഗിക്കണമെന്ന് ഇലോൺ മസ്ക് കോർപറേറ്റ് പങ്കാളികളോട് ആവശ്യപ്പെട്ടു. കമ്പനിയുടെ പേരുമാറ്റം ട്വിറ്റർ സേവനങ്ങളെ ബാധിക്കില്ല. സമൂഹമാധ്യമത്തിന്റെ പേരിലും മാറ്റമുണ്ടാവില്ല.
ഇലോൺ മസ്കിന്റെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്പേസ് എക്സിന്റെ ചുവടുപിടിച്ച് ട്വിറ്റർ ഉൾപ്പെടെയുള്ള സേവനങ്ങളെ എക്സ് എന്ന ബ്രാൻഡിലൊതുക്കാനാണ് മസ്കിന്റെ നീക്കം എന്നാണ് സൂചന. കഴിഞ്ഞയാഴ്ച എക്സ് എഐ എന്ന പേരിൽ പുതിയൊരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനി റജിസ്റ്റർ ചെയ്തിരുന്നു.
ചൈനയിലെ വിചാറ്റിന്റെ മാതൃകയിൽ ബാങ്കിങ്, സമൂഹമാധ്യമം, വാർത്തകൾ, മെസഞ്ചർ എന്നിങ്ങനെ എല്ലാ സേവനങ്ങളും ഒന്നിച്ചു ലഭിക്കുന്ന ‘സൂപ്പർ ആപ്’ ആണ് തന്റെ ലക്ഷ്യം എന്ന് മസ്ക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 2015ൽ സമാനമായ രീതിയിൽ ഗൂഗിൾ കമ്പനിയുടെ പേര് ആൽഫബറ്റ് എന്നു മാറ്റിയിരുന്നു. 2000ൽ എക്സ്.കോം എന്ന പേരിൽ മസ്ക് ഒരു ഓൺലൈൻ ബാങ്കും സ്ഥാപിച്ചിരുന്നു. ഇതാണ് പിന്നീട് പേയ്പാൽ ആയി മാറിയത്. 2017ൽ പേയ്‌പാലിൽ നിന്ന് മസ്ക് എക്സ്.കോം എന്ന ഡൊമെയ്ൻ തിരികെ വാങ്ങി.