പറുദീസ മുന്നില്‍ തെളിഞ്ഞ പോലെ, വിശാലമായ നീലക്കടലും അവയ്ക്കരികിലെ സുന്ദരമായ ബീച്ചുകളും സമ്പന്നമായ സംസ്കാരവും വര്‍ഷം മുഴുവനും ഊഷ്മളമായ കാലാവസ്ഥയുമെല്ലാമുള്ള മനോഹരരാജ്യമാണ് ടുണീഷ്യ. ഈയടുത്ത കാലത്തായി സഞ്ചാരികള്‍ക്കിടയില്‍ ഏറ്റവുമധികം ഡിമാന്‍ഡ് ഉള്ള മെഡിറ്ററേനിയൻ ഡെസ്റ്റിനേഷനുകളിൽ ഒന്നായി ഉയര്‍ന്നുവരികയാണ് ടുണീഷ്യ ഇപ്പോള്‍.
ഇറ്റലി, സ്പെയിൻ, ഫ്രാൻസ് തുടങ്ങി സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഒട്ടേറെ രാജ്യങ്ങളുള്ള ഈ മേഖലയില്‍ മുന്‍പ് പലപ്പോഴും ആരുടെയും ശ്രദ്ധയില്‍പ്പെടാതെ കിടന്ന ഈ രാജ്യത്തേക്ക് വിമാനടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്ന ആളുകളുടെ എണ്ണത്തില്‍ വന്‍ കുതിപ്പാണ് ഉണ്ടായതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇറ്റാലിയൻ ദ്വീപായ ലാംപെഡൂസയിൽ നിന്ന് 61 നോട്ടിക്കല്‍ മൈല്‍ മാത്രമാണ് ഇവിടേക്കുള്ള ദൂരം. അമിതനിരക്കില്‍ ടൂറിസം സേവനങ്ങള്‍ നല്‍കുന്ന ദക്ഷിണ യൂറോപ്യന്‍ രാജ്യങ്ങള്‍ ഒഴിവാക്കി, കൂടുതല്‍ പേര്‍ ഇവിടേക്ക് എത്തുന്നു എന്നതിനുള്ള വ്യക്തമായ തെളിവാണിത്. ഈ മേഖലയിലെ മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് പൊതുവേ ചിലവു കുറവാണ് ടുണീഷ്യയില്‍. ഈസിജെറ്റ് പോലുള്ള വിമാനക്കമ്പനികള്‍ ചില റൂട്ടുകളിൽ 20% വരെ കിഴിവ് നല്‍കുന്നുണ്ട്. ഈസിജെറ്റിന്‍റെ കണക്കനുസരിച്ച്, 2019 മുതൽ മറ്റെല്ലാം മെഡിറ്ററേനിയൻ ഡെസ്റ്റിനേഷനുകളെയും പിന്തള്ളിയാണ് ടുണീഷ്യയിലേക്കുള്ള യാത്രാപാക്കേജുകള്‍ ഒന്നാം സ്ഥാനത്തെത്തിയത്.
ഈസിജെറ്റിന്‍റെ റിപ്പോർട്ടിന് പുറമേ, ടുണീഷ്യൻ നാഷണൽ ടൂറിസ്റ്റ് ഓഫീസ്(ONTT) 2022 ഡിസംബർ 20- ഓടെ 6.1 ദശലക്ഷത്തിലധികം വിദേശികൾ രാജ്യത്ത് എത്തിയതായി സ്ഥിരീകരിച്ചു. 2021- ൽ ഇത് 2.3 ദശലക്ഷം വിനോദസഞ്ചാരികളായിരുന്നു. ഏകദേശം 159 ശതമാനം വർധനയാണ് ഉണ്ടായത്. യൂറോപ്പില്‍ നിന്നുള്ളവരാണ് ഇതില്‍ കൂടുതലും. ടുണീഷ്യൻ സമ്പദ്‌വ്യവസ്ഥയുടെ നെടുംതൂണുകളില്‍ ഒന്നാണ് ടൂറിസം, മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്‍റെ 14 ശതമാനം ഈ മേഖല പ്രതിനിധീകരിക്കുന്നു. മാത്രമല്ല, നേരിട്ടും അല്ലാതെയുമായി ഏകദേശം 400,000 തൊഴിലവസരങ്ങൾ നല്‍കുകയും ചെയ്യുന്നു.
വൃത്തിയുള്ള സുന്ദരമായ ബീച്ചുകള്‍ക്ക് പുറമേ, ടുണീഷ്യയുടെ കോസ്‌മോപൊളിറ്റൻ തലസ്ഥാന നഗരമായ ടുണിസ്, പുരാതനകാലത്തെ പ്രധാനനഗരങ്ങളില്‍ ഒന്നായ കാർത്തേജിന്‍റെ അവശിഷ്ടങ്ങൾ, ഡിജെർബയിലെ മുസ്ലീം, ജൂത ക്വാർട്ടേഴ്‌സ്, മൊണാസ്റ്റിറിനു പുറത്തുള്ള തീരദേശ റിസോർട്ടുകൾ, വര്‍ണ്ണാഭമായ രാത്രിജീവിതത്തിനു പേരുകേട്ട ഹമ്മമെറ്റ് മുതലായ ഒട്ടേറെ ടൂറിസ്റ്റ് ആകര്‍ഷണങ്ങള്‍ ഇവിടെയുണ്ട്. 2011- ലെ അറബ് വസന്ത കലാപം മൂലമുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയും, 2015- ൽ തലസ്ഥാനമായ ടുണീസിലെ ബാർഡോ മ്യൂസിയത്തിലും സൂസെയിലെ ബീച്ച് റിസോർട്ടിലുമുണ്ടായ ഭീകരാക്രമണവും മൂലം ടുണീഷ്യൻ ടൂറിസം മേഖല കഴിഞ്ഞ ദശകത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് നേരിട്ടത്. 2020 മുതൽ, കോവിഡ് -19 മൂലമുണ്ടായ സാമ്പത്തികപ്രതിസന്ധിയും രൂക്ഷമായിരുന്നു. ഏകദേശം മൂന്ന് വർഷത്തെ കർശനമായ യാത്രാ നിയന്ത്രണങ്ങൾക്കു ശേഷം, പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കാത്ത യുഎസ് പാസ്‌പോർട്ട് ഉടമകള്‍ക്കും രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുകയുണ്ടായി. യുഎസ് നിലവാരമനുസരിച്ച്, ടുണീഷ്യയിലെ ജീവിതച്ചെലവ് വളരെ കുറവാണ്.