കോവിഡിനു ശേഷം ലോകമാകെയുള്ള വിനോദ സഞ്ചാര വ്യവസായം സടകുടഞ്ഞെഴുന്നേറ്റിരിക്കുകയാണ്. 2020 ലും 2021 ലും നിര്‍ജീവമായി കിടന്ന പല വിനോദ സഞ്ചാര കേന്ദ്രങ്ങളും 2022ല്‍ ഉണര്‍ന്നിട്ടുണ്ട്. 2023 സഞ്ചാരികളുടെ കുത്തൊഴുക്കിന് സാക്ഷിയാവുമെന്നാണ് പ്രതീക്ഷ. ഈ വര്‍ഷം സഞ്ചാരികള്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കാനിടയുള്ള ചില ശീലങ്ങളെക്കുറിച്ചും യാത്രകളെക്കുറിച്ചും പ്രവചിക്കുകയാണ് വിനോദ സഞ്ചാര മേഖലയിലെ വിദഗ്ധര്‍.
വ്യത്യസ്തമായ താമസം
എവിടെ പോകുമ്പോഴും അവിടുത്തെ ഹോട്ടലുകളിലെ താമസവും ഭക്ഷണവുമൊക്കെ വലിയൊരു വിഭാഗം സഞ്ചാരികളിലും മടുപ്പുണ്ടാക്കുന്നതാണ്. പോകുന്ന സ്ഥലങ്ങളിലെ നാട്ടുകാരുമായി കൂടുതല്‍ ഇടപഴകാനും പ്രകൃതിയോട് കൂടുതല്‍ ചേര്‍ന്നു നില്‍ക്കാനും സാധിക്കുന്ന വ്യത്യസ്തമായ താമസസൗകര്യങ്ങള്‍ക്ക് ഈ വര്‍ഷം കൂടുതല്‍ പ്രചാരം ലഭിച്ചേക്കും.
കമ്യൂണിറ്റി ട്രാവല്‍
ഏതെങ്കിലും പ്രാദേശിക സമൂഹങ്ങളിലേക്ക് അവരുടെ അതിഥിയായി പോകാനും അവര്‍ക്കൊപ്പം താമസിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയാനും ശ്രമിക്കുന്ന സഞ്ചാരികളുടെ എണ്ണവും കൂടി വരികയാണ്. പ്രാദേശിക സമൂഹങ്ങള്‍ക്ക് നേരിട്ട് സാമ്പത്തിക സഹായമാവുന്ന ഇത്തരം യാത്രകള്‍ക്കും പ്രിയമേറുന്നുണ്ട്.
പ്രാദേശിക സമൂഹങ്ങള്‍ക്ക് തങ്ങളുടെ യാത്രകള്‍കൊണ്ട് പ്രയോജനം ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് സഞ്ചാരികളില്‍ ബഹുഭൂരിപക്ഷവും. എയര്‍ബിഎന്‍ബി നടത്തിയ സര്‍വേയില്‍, 79 ശതമാനം ഇന്ത്യന്‍ യാത്രികരും തങ്ങളുടെ യാത്രകൊണ്ട് പ്രാദേശികവാസികള്‍ക്ക് ഗുണമുണ്ടാവണമെന്ന് ആഗ്രഹിക്കുന്നവരാണെന്ന് കണ്ടെത്തിയിരുന്നു.
വെക്കേഷനല്ല വര്‍ക്കേഷന്‍
എവിടെയിരുന്നാലും പണിയെടുക്കാനാവുമെന്ന് വലിയൊരു വിഭാഗത്തെ പഠിപ്പിച്ച ശേഷമാണ് കോവിഡ് വിടവാങ്ങിയത്. അതുകൊണ്ടുതന്നെ പൂര്‍ണമായും അവധിക്കാലമല്ലാതെ തന്നെ പണിയെടുത്തുകൊണ്ട് ഏതെങ്കിലും പ്രദേശത്ത് ദീര്‍ഘകാലം താമസിക്കുന്ന വര്‍ക്കേഷന്‍ സമ്പ്രദായത്തിന് പ്രചാരം ലഭിക്കുന്നുണ്ട്. സാമ്പ്രദായികമായി അവധിയെടുത്ത് യാത്ര പോവുക എന്നതിനേക്കാള്‍ അവധിക്കാലവും ജോലിയും ആസ്വദിക്കാനാവുമെന്നതാണ് വര്‍ക്കേഷന്റെ സാധ്യത.
ഒരു യാത്ര പല തലമുറ
കുടുംബാംഗങ്ങളുമൊത്ത് യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നുവെന്നാണ് അഗോഡ 2022ല്‍ പുറത്തുവിട്ട ഫാമിലി ട്രാവല്‍ ട്രെൻഡ് സര്‍വേയില്‍ പങ്കെടുത്ത അഞ്ചില്‍ നാലു പേരും സമ്മതിച്ചത്. യാത്രകളുടെ ആവേശവും ആഘോഷവുമെല്ലാം സുഹൃത്തുക്കള്‍ക്കൊപ്പമാണെങ്കില്‍ മുകളില്‍ നില്‍ക്കുമെങ്കിലും വലിയൊരു ശതമാനം ഇപ്പോഴും കുട്ടിയും കുടുംബവുമായി യാത്ര ചെയ്യുന്നതിലെ സാധ്യത തിരിച്ചറിയുന്നുണ്ട്.
കംഫർട്ട് സോണിന് പുറത്ത്
ബുക്കിങ് ഡോട്ട് കോം 2023ലെ ട്രാവല്‍ പ്രഡിക്‌ഷന്‍സ് പുറത്തുവിട്ടിരുന്നു. ഇതില്‍ 71 ശതമാനം ഇന്ത്യക്കാരും ഞെട്ടിക്കുന്ന യാത്രാ അനുഭവങ്ങള്‍ ആഗ്രഹിക്കുന്നവരാണെന്നാണ് പറയുന്നത്. തികച്ചും വ്യത്യസ്തമായ ഭാഷയും സംസ്‌കാരവും ജീവിതരീതികളും പ്രകൃതിയുമൊക്കെയുള്ള പ്രദേശങ്ങളിലേക്ക് പോവാന്‍ വലിയൊരു വിഭാഗം ആഗ്രഹിക്കുന്നുണ്ട്. അധികം കേട്ടിട്ടില്ലാത്ത നഗരങ്ങളെ അടുത്തറിയാന്‍ ആഗ്രഹിക്കുന്നവരാണ് ഈ സര്‍വേയില്‍ പങ്കെടുത്ത 63 ശതമാനം പേരും.