ഡാലസ് : തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന ആയ അസോസിയേഷൻ ഓഫ് മാർ ഇവാനിയോസ് കോളേജ് ഓൾഡ് സ്റ്റുഡൻസ് (അമിക്കോസ് ) നോർത്ത് അമേരിക്കയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര കൺവെൻഷനും, എഴുപത്തിയഞ്ചാം വാർഷിക സമ്മേളനത്തിനും നാളെ വൈകിട്ട് 5 മണിക്ക് ഡാളസിൽ തുടക്കം കുറിക്കും.
2024 ഒക്ടോബർ 11 വെള്ളി (നാളെ ) മുതൽ 13 ഞായർ വരെ ടെക്സാസിലെ ഹിൽട്ടൺ ഗാർഡൻ ഇൻ ഡാളസ്, ഡങ്കൻവില്ലെയിൽ വെച്ച് നടത്തപ്പെടുന്ന സമ്മേളനം അമിക്കോസ് രക്ഷാധികാരിയും, മലങ്കര കത്തോലിക്ക സഭയുടെ ബത്തേരി രൂപതയുടെ അധ്യക്ഷനും, തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് മുൻ അധ്യാപകനും, പ്രമുഖ ധനതത്വശാസ്ത്ര പണ്ഡിതനുമായ ബിഷപ് ഡോ.ജോസഫ് മാർ തോമസ് ഉത്ഘാടനം ചെയ്യും.
അമിക്കോസ് പ്രസിഡന്റും, മുൻ കേരള സംസ്ഥാന ചീഫ് സെക്രട്ടറിയും, പ്രമുഖ സാഹിത്യകാരനുമായ കെ.ജയകുമാർ ഐ എ എസ്, മുൻ ഡിജിപി ഋഷിരാജ് സിംഗ് ഐ പി എസ്, അഡ്വ. ചാണ്ടി ഉമ്മൻ എംഎൽഎ, ചലച്ചിത്ര താരങ്ങളായ നന്ദു, സാബു തിരുവല്ല, ഡിനി എലിസബത്ത് ദാനിയേൽ, വ്യവസായി ഇ. എം. നജീബ് എന്നിവരെ കൂടാതെ വിവിധ രാജ്യങ്ങളിൽ നിന്നും അനേക മാർ ഇവാനിയോസ് കോളേജ് പൂർവ്വ വിദ്യാർഥികളും ചടങ്ങിൽ സംബന്ധിക്കും.
1949-ൽ രൂപീകൃതമായ മാർ ഇവാനിയോസ് കോളേജ് അക്കാദമികവും സാംസ്‌കാരികവുമായ മികവിന്റെ ഒരു പര്യായമാണ്. "കാലത്തിനപ്പുറം കലാലയത്തിനുമപ്പുറം "എന്ന ടാഗ് ലൈനിനെ ആസ്പദമാക്കിയുള്ള ഈ കൺവെൻഷൻ ഒരു ഒത്തുചേരൽ എന്നതിനപ്പുറം കോളേജിലെ പൂർവ്വ വിദ്യാർത്ഥികളിൽ ഇപ്പോഴും ആഴത്തിൽ വേരോടുന്ന വൈകാരികതയെക്കുറിച്ചുമുള്ള ഓർമ്മപ്പെടുത്തലും, മധുരമേറിയ ഓർമ്മകളിലൂടെ സഞ്ചരിക്കാനും പുതിയ വ്യക്തിബന്ധങ്ങൾ സൃഷ്ടിക്കുന്നതിനും ലക്ഷ്യമാക്കിയുള്ളതാണന്ന് സംഘാടകർ അറിയിച്ചു.
ഡാളസിലെ ഡങ്കൻവില്ലേ സിറ്റി മേയർ ഗ്രേഗ് കോൺട്രേറസ് , ഫൊക്കാന മുൻ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ , വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൺ പ്രസിഡന്റ് ജോൺസൺ തലച്ചെല്ലൂർ , എഴുത്തുകാരിയും കവിയുമായ ത്രേസ്യാമ്മ നാടാവള്ളിൽ ,ഗായകനും സംഗീത സംവിധയകനുമായ ഡോ. രജു ജോസഫ് തുടങ്ങിയ അമേരിക്കയിലെ വിവിധ സാമൂഹിക സാംസ്‌കാരിക നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കും.
അമിക്കോസ് അന്താരാഷ്ട്ര കൺവെൻഷന്റെ പ്രസിഡന്റ് സാബു തോമസ്, കൺവീനർ ജിമ്മി കുളങ്ങര, കോ - കൺവീനർ സുജൻ കാക്കനാട്ട് എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മറ്റിയാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.