തനിച്ചാവുക എന്നാൽ
കൂട്ടമില്ലാതെയാവുകയല്ല !!
ഭ്രാന്തു പൂക്കുന്ന
ആരവങ്ങൾക്കിടയിലും
നമുക്ക് നമ്മോട് പോലും
മിണ്ടാനാവാതെ
സ്വയം ആശ്വസിക്കാനാവാത്ത
ഉന്മാദ ചിന്തകൾ കൂർത്ത മുനകളാൽ ഹൃദയാഴങ്ങളിലേക്ക്
നിങ്ങളെ തുരക്കുന്നു എന്നതാണ്...
മറ്റാർക്കും കാണാനാവില്ലെങ്കിലും
രക്തവും മാംസവുമവിടെ
തളം കെട്ടി നിൽപ്പുണ്ടാവും ...
ജീവതാളം പുറത്തു
നിന്നൊരു കുഞ്ഞു കാറ്റിനെപ്പോലും
അകത്തേക്കെടുപ്പില്ലയെങ്കിലും
പനിക്കോളിനെ ഓർമിപ്പിക്കും വിധം
നെഞ്ചകം വിങ്ങും
ചൂടുള്ള ശ്വാസവേഗങ്ങൾ
അറ്റമില്ലാത്ത
ഭ്രാന്തൻ തിരയായ്
നമ്മിലേയ്ക്ക് തന്നെ
പകയോടെ വീശിയടിക്കും..
ഓർമ്മകളപ്പോൾ
കരിനാഗങ്ങളായ് ഫണം വിടർത്തും
വസന്തം വരണ്ട മരുഭൂമിയാവും
ഗ്രീഷ്മം കനൽ വിതയ്ക്കും !!
അനാഥ സ്വപ്നങ്ങൾ വ്യഥകളിൽ
മുങ്ങിമരിയ്ക്കും..
ഒറ്റയായവളുടെ ഇഷ്ടങ്ങൾക്ക്
കാലം കാവലാവുകയില്ല !!
നോട്ടങ്ങളിൽ കണ്ണേറാവുന്ന,
ഒറ്റച്ചിലമ്പാൽ പുരമെരിയ്ക്കുന്നവൾ ...
തനിച്ചാവുക എന്നാൽ
കൂട്ടമില്ലാതെയാവുകയല്ല ..
ചുറ്റും ആർത്തലയ്ക്കുന്ന കൂട്ടമുണ്ടായിട്ടും
ഭൂമിയിൽ തീർത്തും ഒറ്റയാവുക
എന്നതാണ്
എന്നതു മാത്രമാണ് !!
