നന്മയുടെ ഒരു ചെറുപ്രവൃത്തി പോലും വൃഥാവിലാവില്ല. വിദ്വേഷത്തിന്റെ അലകളും അങ്ങനെ തന്നെ. ശബ്ദത്തിന്റെ പ്രതിധ്വനി നിലയ്ക്കുന്നില്ല. ജലാശയത്തിൽ അലകൾ മരിക്കുന്നില്ല. പ്രവൃത്തി ഒരു വിത്താണെങ്കിൽ അത് മുളച്ച് വളർന്ന് ഒരു ചെടിയായി ഫലങ്ങളുണ്ടാവുന്ന അവസ്ഥയെ നേരിട്ടും സൂചനകളിലൂടെയും കാണിച്ചു തരുന്ന കഥകളാണ് അഖിലയുടെ (Akhila Sreeraj) സ്വപ്‌നങ്ങൾ നെയ്യുന്ന പെൺകുട്ടി എന്ന കഥാ സമാഹാരത്തിലുള്ളത്.
നന്മയുടെ കഥകൾ എന്നോ നിഷ്കളങ്കതയുടെ കഥകൾ എന്നോ ഒക്കെയുള്ള വിശേഷണം ചേരുന്ന ഒരു ചെറുപുസ്തകമാണ് സ്വപ്‌നങ്ങൾ നെയ്യുന്ന പെൺകുട്ടി. പ്രത്യേകിച്ച് ഈ സമാഹാരത്തിലെ ആദ്യഭാഗത്തെ കഥകൾ. വായനക്കാരിൽ മൂല്യബോധവും സന്മാർഗ്ഗവും വളർത്തുന്നതിനുതകും വിധം ലളിതവും ശക്തവുമാണ് ഈ കഥകൾ. അതെ സമയം തന്നെ ഒരു സ്ത്രീയുടെ കാഴ്ചപ്പാടിലൂടെ ലോകത്തെ കാണുകയും ലോകത്തോട് സംവദിക്കുകയും ചെയ്യുന്ന കഥകളും ഈ സമാഹാരത്തിലുണ്ട്. ഇതൊരു സമയത്തിന്റെ വൈരുധ്യമായി പരിഗണിക്കുമ്പോഴും രണ്ടു വിഭാഗത്തിൽ പെട്ട കഥകളും സാമാന്യം നല്ല നിലവാരം പുലർത്തുന്നുണ്ട് എന്നത് ആശ്വാസകരമാണ്.
റെയിൽവേ സ്റ്റേഷനിൽ ഒറ്റയ്ക്കിരിക്കുന്ന ഒരു വൃദ്ധൻ കുറച്ചു സ്കൂൾ കുട്ടികളിലേക്ക് ശ്രദ്ധ തിരിക്കുന്നതും അവിടെ ഒറ്റപ്പെട്ട ഒരു കുട്ടിയിലേക്ക് തന്റെ കരുണ എത്തിക്കുന്നതും ആ നല്ല പ്രവൃത്തിയുടെ ഫലം വൃദ്ധന്റെ ജീവിതത്തിലേക്ക് തന്നെ തിരികെ എത്തുന്നതുമാണ് ജയചന്ദ്രൻ എന്ന ഒന്നാം കഥയുടെ ഉള്ളടക്കം. മറ്റുള്ളവരെ സഹായിക്കുമ്പോൾ നാം നമ്മളെ തന്നെയാണ് സഹായിക്കുന്നത് എന്ന വലിയ പാഠം തീർത്തും ലളിതമായി ഇതിൽ വ്യക്തമാക്കുന്നുണ്ട്. കഥാ അവതരണത്തിൽ കാണിച്ച കൈയ്യടക്കം എടുത്തു പറയേണ്ടതാണ്. "ഉച്ചത്തിൽ നിരാശയോടെയുള്ള ആത്മഗതം കേട്ടപ്പോൾ കനലെരിഞ്ഞ മനസ്സിനെ തണുക്കാൻ വിട്ട് ഞാൻ അവനെ ശ്രദ്ധിച്ചു.", "അവനു ചേരുന്നത് ചെറിയ പേരുകളായിരുന്നു. അപ്പു, ഉണ്ണി, ചന്തു...ഇത്രയും ഓമനത്തമുള്ള ഒരു കുട്ടി...ജയചന്ദ്രൻ." വാക്കുകളെ എത്ര സൂക്ഷ്മതയോടെയും ഫലവത്തായുമാണ് എഴുത്തുകാരി തിരഞ്ഞെടുത്തുപയോഗിക്കുന്നത് എന്ന് നോക്കുക. ഒരേ സമയം പല ഉദ്ദേശ്യങ്ങൾ നിറവേറ്റുന്ന വാചകങ്ങൾ. വൃദ്ധന്റെ സ്നേഹത്തോടു കൂടിയ പിടിവാശിയെപ്പറ്റി സൂചിപ്പിക്കാൻ എഴുതിയ ഒരു സന്ദർഭം നോക്കുക "മറ്റേ കുട്ടി ഒരു വട്ടം കൂവി. ഉറക്കെ ചിരിച്ചു. എനിക്കവനോട് വളരെ ദേഷ്യം തോന്നി. ചെറിയ ഒരു കുട്ടിയെ അവൻ....അവനും അധികം പ്രായമൊന്നുമില്ല. എങ്കിലും....അവന്റെ പെരുമാറ്റം എനിക്കിഷ്ടപ്പെട്ടില്ല. അത്ര തന്നെ." മാഷെ എന്ന വാക്കുണർത്തുന്ന കുളിർമ പോലെ മനസ്സിനെ തണുപ്പിക്കുന്ന കഥയാണ് ജയചന്ദ്രൻ.
50 പൈസ ബാക്കി കൊടുക്കാൻ വേണ്ടി തിക്കിത്തിരക്കി നീങ്ങുന്ന വൃദ്ധയുടെ പ്രവൃത്തിയും ആ പ്രവൃത്തിയുടെ സ്വാധീനവുമാണ് 'അവിഹിതം' എന്ന കഥയിൽ പറയുന്നത്. "ഏയ്, അത് ശരിയല്ല. സർക്കാരിനെ നമ്മൾ പറ്റിക്കാൻ പാടില്ല. 50 പൈസയാണെങ്കിലും ഒരു വഞ്ചന അത് ശരിയല്ല. കൊടുക്കാനുള്ളതൊക്കെ അപ്പപ്പൊ തീർക്കാണം' എന്ന വൃദ്ധയുടെ വാക്കുകൾ അവളുടെ ചിന്തയെ സ്വാധീനിക്കുന്നതിങ്ങനെയാണ്. "എനിക്ക് ജാള്യത തോന്നിത്തുടങ്ങിയിരുന്നു....സ്കൂളിൽ പഠിക്കുമ്പോൾ കൺസെഷൻ തീർന്ന സമയത്തും ടിക്കറ്റെടുക്കാതെ പഴയ കൺസെഷൻ കാർഡ് ഉയർത്തിക്കാട്ടി കണ്ടക്ടറെ പറ്റിച്ചത്, ടിക്കറ്റെടുക്കാൻ 'അമ്മ തന്ന പൈസ കൊണ്ട് ഐസ്ക്രീം വാങ്ങി കഴിച്ചത്, കൂട്ടുകാരിൽ നിന്ന് വാങ്ങിയ പത്തു രൂപ തിരികെ കൊടുക്കാൻ കൂട്ടാക്കാതെ മറന്നുപോയ നാട്യത്തിൽ നടന്നത്..." മാറ്റങ്ങൾ പക്ഷെ അവിടെ അവസാനിക്കുന്നില്ല.
ഒരു പേരയ്ക്കയും കുറച്ചു പയ്യാരം പറച്ചിലും എന്ന കഥയും നന്മയുടെ അലകളുടേതാണ്. "ഓരോ തവണ മുറ്റത്തേക്കിറങ്ങുമ്പോഴും നന്ദിയോടെ മുഖത്ത് ഇലയിട്ടുരസുന്ന" പേരമരം നമ്മെ സ്വാധീനിക്കുക തന്നെ ചെയ്യും.
പ്രമേയത്തിന്റെ വ്യത്യസ്തതയും സന്ദേശത്തിന്റെ ശക്തിയും കൊണ്ട് ശ്രദ്ധ പിടിച്ചു പറ്റുന്ന കഥയാണ് ശാഖീ നിന്നെ ഞാൻ പ്രണയിക്കുന്നു എന്നത്. ശാഖി ഒരു വേശ്യയാണ്. പക്ഷെ, ആത്മാഭിമാനമുള്ള വേശ്യ. അവളുടെ ഒരു കണ്ടീഷൻ വരുന്ന പുരുഷൻ ഒരു ദിവസം മുഴുവൻ അവളുടെ കൂടെ ചെലവഴിക്കണം എന്നതാണ്. ഈ ഒരു ദിവസം അവളുടെ കൂടെ ചിലവഴിക്കുന്ന പുരുഷന് അവൾ പകരം നൽകുന്നത് ശരീരം മാത്രമല്ല, ജീവിതകാലം മുഴുവൻ മറക്കാനാവാത്ത തിരിച്ചറിവുകൾ കൂടിയാണ്. "...അവളുടെ മനസ്സിന്റെ ഇഴപിരിയലുകൾക്കിടയിലൂടെ സൂക്ഷ്മതയോടെ നടന്ന്, അവളെയറിഞ്ഞ ബഹുമാനത്തോടെയാണ് ആ ശരീരത്തെ ഞാനനുഭവിച്ചത്. പ്രണയിക്കാതെ ഒരു സ്ത്രീയെയും തൊടരുത്..എന്നെന്നെ പറയാതെ പഠിപ്പിച്ചവളാണ്. പരസ്പരം ചോറ് വാരിയൂട്ടുമ്പോൾ, മനസ്സറിഞ്ഞ് ചിരിക്കുമ്പോൾ, കളിയാക്കലുകൾക്കിടയിൽ മുഖം വീർപ്പിക്കുമ്പോൾ ഇവൾ തീർച്ചയായും കഴിഞ്ഞ ജന്മത്തിന്റെ പ്രണയിനിയായിരുന്നിരിക്കണം എന്ന് ഞാനുറപ്പിച്ചു കഴിഞ്ഞിരുന്നു."
ചിലപ്പോഴെങ്കിലും നന്മക്കായി നമ്മൾ ചെയ്യുന്ന കാര്യങ്ങൾ നാമുദ്ദേശിക്കുന്ന ഗുണത്തിലേക്കല്ലാതെ ദോഷത്തിനായി ഫലിക്കുമോ എന്ന ആകുലതയാണ് സങ്കടത്തിനോരത്ത് എന്ന കഥയിൽ പറയുന്നത്. ആശുപത്രിയിൽ വെച്ച് ഒരു കുട്ടി വീട്ടിൽ നിരന്തരം പീഡിപ്പിക്കപ്പെടുന്ന ഒരു പെൺകുട്ടിയെ കാണുന്നതും അവളെ മനസ്സാ രക്ഷപ്പെടുത്തണമെന്നാഗ്രഹിക്കുമ്പോഴും ചെയ്ത പ്രവൃത്തി ദോഷമായിപ്പോയോ എന്ന് സന്ദേഹിച്ച് നൊമ്പരപ്പെടുന്ന കുഞ്ഞു മനസ്സിനെ ഈ കഥയിൽ നന്നായി വരച്ചു കാണിച്ചിരിക്കുന്നു.
'ജമോഗ' എന്ന കഥ 'സങ്കടത്തിനോരത്ത്' എന്ന കഥയുടെ പുനരാവിഷ്കരണമാണ്. ആദ്യത്തേത് ഒരു കുട്ടിയുടെ കാഴ്ചപ്പാടിലാണെങ്കിൽ ജമോഗ ആധുനിക സമൂഹത്തിലെ സ്ത്രീ അവസ്ഥയുടെ നേർക്കാഴ്ചയാണ് സമ്മാനിക്കുന്നത്. "ഈ നാട്ടിലെ പെൺകുട്ടികളെയൊക്കെ ജമോഗ പിടിച്ചോ? പ്രതികരിക്കാൻ ശേഷിയില്ലാതെ അവരിങ്ങനെ ചുരുണ്ടുകൂടുന്നതെന്താണ്?" എന്ന ചോദ്യം ഓരോ അകത്തളങ്ങളിലും ഇന്ന് മുഴങ്ങുന്നതാണ്. അതെ സമയം തന്നെ, "അവൾ കൊള്ളില്ലാതെയായി. ആ ജമോഗയെ ഞാനങ്ങ് വെട്ടിമാറ്റി രുഗ്മണി, നിങ്ങളുടെ ആ കത്തി കൊണ്ട് തന്നെ, ശ് ശ്...ആരോടും പറയല്ലേ...മിണ്ടല്ലേ...അവള് പൊയ്‌ക്കോട്ടെന്നേ...പ്രേതങ്ങള് പിടിക്കാത്ത എവിടെയെങ്കിലും പോയി രക്ഷപ്പെടട്ടെ എന്റെ മോള്.." എന്ന വിലാപം ദുരഭിമാന കൊലയുടെ വർത്തമാനകാലത്ത് വായനക്കാരെ പിടിച്ചു കുലുക്കുക തന്നെ ചെയ്യും. "നശിച്ച മനുഷ്യർ, ഇങ്ങനെ കൂട്ടം കൂടി ആൾക്കാരെ ശ്വാസം മുട്ടിക്കുന്നതെന്തിനാണ്? പോണം ഇവിടെ നിന്ന് രക്ഷപ്പെടണം." ശ്രദ്ധിച്ചു നോക്കിയാൽ ഇവിടെ ഒരു യു ടേൺ ഉണ്ട്. നന്മയ്‌ക്കൊപ്പം നിൽക്കുന്ന കഥകൾ പ്രത്യാശയെ നട്ടു വളർത്തുമ്പോൾ ഈ കഥയിൽ നിരാശയാണ് നട്ടു വളർത്തുന്നത്. സങ്കടത്തിനോരത്ത് എന്ന കഥയിലേത് പോലെ ഒരു നിഷ്കളങ്കമായ അവിചാരിതയല്ല, സമൂഹത്തിന്റെ സ്വാധീനത്താൽ നിസ്സഹായമാക്കപ്പെടുന്ന സാധാരണ സ്ത്രീ മനസ്സിന്റെ വിഹ്വലതകളാണ്.
പ്രണയത്തിന്റെ പവിത്രതയാണ് നഷ്ടങ്ങളുടെ തൂക്കുപാത്രം എന്ന കഥയുടെ ആത്മാവ്. കല്യാണി എന്ന തന്റെ പൂർവ്വകാല പ്രണയത്തെ അവിചാരിതമായി കണ്ടെത്തുകയാണ് രാമു. "ദേഷ്യത്തിലും സങ്കടത്തിലും പരിഭവത്തിലും ചിരിക്കുന്ന പെണ്ണേ, നിന്നെയെനിക്കിഷ്ടമാണ്." ഇതായിരുന്നു കല്യാണിക്ക് അയാൾ ആദ്യമായി കൊടുത്തിരുന്ന പ്രേമ ലേഖനം. അവർ തമ്മിൽ കാണുമ്പോൾ വീട്ടു വിശേഷങ്ങൾക്കും നാട്ടുവിശേഷങ്ങൾക്കുമൊപ്പം ഓർമ്മകൾ തിക്കിത്തിരക്കി വന്നു തുടങ്ങി. അയാളുടെ ഹ്രദയത്തിൽ ഒരു മഞ്ഞുകണം വീണലിഞ്ഞു. 'രാമൂ.' അവളുടെ പഴയ വിളി. ആ തണുപ്പിൽ പൊതിഞ്ഞ് സുഖമായിരിക്കുമ്പോൾ കല്യാണി വീണ്ടും പറഞ്ഞു "നമുക്ക് നമ്മളെത്തന്നെ മനസ്സിലാക്കാൻ ചില സ്ഥലങ്ങൾ, ചില സന്ദർഭങ്ങൾ ഒക്കെ നല്ലതാ രാമൂ" പക്ഷെ, "കല്യാണിയിപ്പോൾ രാമനാഥന്റെയല്ല എന്ന വസ്തുത അയാളെ വേദനിപ്പിച്ചു." ക്ലൈമാക്സ് പ്രവചിക്കാവുന്നതായിരിക്കുമ്പോഴും നല്ല വായനാനുഭവമാണ് ഈ കഥ നൽകിയത്. മനോഹരമായി എഴുതിയിരിക്കുന്ന 'നഷ്ടങ്ങളുടെ തൂക്കുപാത്രം' ഈ സമാഹാരത്തിലെ മികച്ച കഥകളിലൊന്നാവുന്നതോടൊപ്പം പ്രണയകഥകൾ എഴുതുന്നതിൽ എഴുത്തുകാരിക്കുള്ള കഴിവ് വ്യകതമാക്കുന്നുമുണ്ട്.
മൂന്ന് ജന്മങ്ങൾക്കപ്പുറം, പ്രേഷിത, രവി എന്നീ കഥകൾ അല്പം കൂടെ വ്യക്തതയും തീക്ഷ്ണതയും കൊടുത്ത് നന്നാക്കാവുന്നവയായിരുന്നു എന്ന് തോന്നി.
സമൂഹത്തോട് എഴുത്തുകാരിക്ക് ചിലതൊക്കെ പറയാനുണ്ട് എന്നതാണ് ഓരോ കഥകളും സാക്ഷ്യപ്പെടുത്തുന്നത്. എല്ലാം നന്മയെന്നു കരുതുന്ന നിഷ്കളങ്കതയുടെ സന്മാർഗ്ഗപുസ്തക കഥകൾ മാത്രമല്ല, എല്ലാം രാക്ഷസന്മാർ എന്ന് കരുതുന്ന അവസ്ഥയും എഴുത്തുകാരി വായനക്കാർക്ക് പരിചയപ്പെടുത്തുന്നുണ്ട്. "പെണ്ണിന്റെ ഹൃദയം മൃദുവും സുന്ദരവുമാണെങ്കിലും അതിനുറപ്പു കൂടുതലാണ്. അതിന്റെ ഉള്ളറകളിലേക്ക് കടക്കാൻ എളുപ്പമല്ലെന്ന് മനസ്സിലാക്കിക്കൊള്ളൂ." എന്ന് ആധുനിക സ്ത്രീയെ അടയാളപ്പെടുത്താനും ശ്രമിക്കുന്നുണ്ട് ഈ ചെറുപുസ്തകം.
കുറച്ചു വരികളിലൂടെ കൂടുതൽ കാര്യങ്ങൾ പറയുക എന്നത് അത്ര എളുപ്പമായ കാര്യമല്ല. പക്ഷെ അഖില അത് അനായാസം കൈകാര്യം ചെയ്യുന്നുണ്ട്. ഒപ്പം തന്നെ ലളിതസുന്ദരമായ ഭാഷയാണ് അഖിലയുടെ ശക്തി. ഒരു തുടക്കക്കാരിയുടേതിൽ നിന്ന് പ്രതീക്ഷിക്കാവുന്നതിൽ കൂടുതൽ ശക്തമാണ് ഭാഷയും അവതരണവും. കുട്ടികൾക്കുള്ള കഥകളെന്ന് എളുപ്പത്തിൽ എഴുതിത്തള്ളാവുന്ന കഥകളെപ്പോലും ഭാഷയുടെ മന്ത്രികസ്പർശത്താൽ മികച്ചതാക്കുന്നുണ്ട് കഥാകാരി. എഴുത്തിന്റെ രണ്ടു കാലഘട്ടത്തിലാണ് ഇവ എഴുതപ്പെട്ടിട്ടുള്ളതെന്ന് വിഷയങ്ങളുടെ പ്രത്യേകതയാലും പ്രതികരണത്തിന്റെ സ്വഭാവത്താലും തോന്നാമെങ്കിലും ഭാഷയിൽ ഈ വ്യത്യാസം കണ്ടു പിടിക്കാനാവുമെന്ന് തോന്നുന്നില്ല. കഥാപാത്രങ്ങളുടെ മനസ്സിലൂടെ യാത്ര ചെയ്യാനുള്ള കഥാകാരിയുടെ കഴിവും പ്രശംസനീയമാണ്.
പുസ്തകത്തിന്റെ പിൻ മുഖകുറിപ്പിൽ ബെന്യാമിൻ പറയുന്നത് പോലെ, "എഴുത്തിലെ പുതുക്കക്കാരിയുടെ പരിഭ്രമങ്ങൾ അല്ല, ഇരുത്തം വന്ന എഴുത്തിന്റെ ഒരുക്കമാണ് ഈ കഥകൾക്കിടയിൽ നാം കണ്ടെത്തുന്നത്" എന്നത് സത്യമാണ്. കുറച്ചു കൂടെ വ്യത്യസ്തമായ മേഖലകളിലേക്ക് കഥാ ഭൂമികയെയും സന്ദേശങ്ങളെയും കൊണ്ടു പോകുന്നതായിരിക്കും അഖിലയുടെ വരാനിരിക്കുന്ന കഥകൾ എന്ന സൂചന ഈ പുസ്തകം തരുന്നുണ്ട്. അതങ്ങനെയായിരിക്കുകയും വേണം. ഒപ്പം തന്നെ, ചെറുകള്ളികളിൽ ഒതുങ്ങാതെ മാനവികതയുടെ വിശാലമായ കാഴ്ചപ്പാടിൽ നിന്നു കൊണ്ട് കഥകൾ പറയാൻ ഈ കഥാകാരിക്ക് കഴിയട്ടെ എന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു.
നന്മ ഇനിയും സാധ്യമാണ് എന്നത് എത്ര നല്ല സാധ്യതയാണ്? ഒരു തൂവൽസ്പർശം പോലെ കുളിർമയേകുന്നതാണ് അഖിലയുടെ സ്വപ്‌നങ്ങൾ നെയ്യുന്ന പെൺകുട്ടി എന്ന കഥാ സമാഹാരം.
പോൾ സെബാസ്റ്റ്യൻ
പ്രസാധനം - ഗ്രീൻ മോട്ടിവേഷൻ
പേജ് - 79
ഒന്നാം എഡിഷൻ വില - 95 രൂപ