സാംസങ് ഗ്യാലക്സി എം14 5ജി തിങ്കളാഴ്ച ഇന്ത്യയിൽ അവതരിപ്പിച്ചു. ഏറ്റവും പുതിയ എം-സീരീസ് സ്‌മാർട് ഫോൺ ഈ വർഷം ആദ്യം യുക്രെയ്‌നിലാണ് പുറത്തിറക്കിയത്. സാംസങ് ഗ്യാലക്സി എം14 5ജി യിൽ 5nm എക്‌സിനോസ് 1330 പ്രോസസറാണ് നൽകിയിരിക്കുന്നത്. 6,000 എംഎഎച്ച് ബാറ്ററിയാണ് മറ്റൊരു പ്രധാന ഫീച്ചർ.
സാംസങ് ഗ്യാലക്സി എം14 5ജിയുടെ 4 ജിബി + 128 ജിബി വേരിയന്റിന് 13490 രൂപയാണ് വില. അതേസമയം, 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 14,990 രൂപയും നൽകണം. ബ്ലൂ, ഡാർക്ക് ബ്ലൂ, സിൽവർ കളർ വേരിയന്റുകളിലാണ് ഗ്യാലക്സി എം14 5ജി എത്തുന്നത്. പുതിയ ഹാൻഡ്സെറ്റ് ഏപ്രിൽ 21 മുതൽ സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ആമസോണിലും തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകൾ വഴിയും വാങ്ങാം.
ഫുൾ-എച്ച്‌ഡി+ (2408 x 1080 പിക്‌സൽ) റെസലൂഷനോടു കൂടിയ 6.6 ഇഞ്ച് പിഎൽഎസ് എൽസിഡി ഡിസ്‌പ്ലേ പാനലാണ് ഗ്യാലക്സി എം14 5ജിയുടെ സവിശേഷത. ആൻഡ്രോയിഡ് 13 കേന്ദ്രമാക്കിയുള്ള സാംസങ്ങിന്റെ വൺ യുഐ 5 ആണ് ഒഎസ്. ഏറ്റവും പുതിയ എം സീരീസ് സ്മാർട് ഫോണിൽ 6 ജിബി വരെ റാമും 128 ജിബി വരെ ഇന്റേണൽ സ്റ്റോറേജും ജോടിയാക്കിയ മാലി ജി68 ജിപിയുയ്‌ക്കൊപ്പമുള്ള എക്സിനോസ് 1330 ആണ് പ്രോസസർ.
ഗ്യാലക്സി എം14 5ജിയുടെ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റിൽ f/1.8 അപ്പേർച്ചർ ലെൻസുള്ള 50 മെഗാപിക്സൽ മെയിൻ സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവ ഉൾപ്പെടുന്നു. എം സീരീസ് ഹാൻഡ്‌സെറ്റില്‍ 13 മെഗാപിക്‌സലിന്റേതാണ് സെൽഫി ക്യാമറ.
25W അതിവേഗ ചാർജിങ് ശേഷിയുള്ള് 6000 എംഎഎച്ച് ആണ് ബാറ്ററി. യുഎസ്ബി ടൈപ്പ്-സി പോർട്ട് വഴിയാണ് ചാർജിങ്. കോൾ ചെയ്യുമ്പോഴുള്ള പശ്ചാത്തല ശബ്‌ദം ഇല്ലാതാക്കാൻ സഹായിക്കുന്ന വോയ്‌സ് ഫോക്കസ് ഫീച്ചറും ഈ ഫോണിൽ ഉണ്ടെന്നാണ് അവകാശപ്പെടുന്നത്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ സജ്ജീകരിച്ചിരിക്കുന്നു. 5ജി, 4ജി, വൈ-ഫൈ, ബ്ലൂടൂത്ത് 5.2, എൻഎഫ്സി, ജിപിഎസ് എന്നിവയാണ് പ്രധാന കണക്റ്റിവിറ്റ് ഓപ്ഷനുകൾ.