advertisement
Skip to content

കാമാത്തിപുരയിലെ ജീവിതങ്ങള്‍...

സന്ധ്യമയങ്ങുമ്പോള്‍ കാമാത്തിപുര കൂടുതല്‍ അണിഞ്ഞൊരുങ്ങി സുന്ദരിയാകും. ട്രാന്‍സ്‌ജെന്ററുകളുടെയും ഇടനിലക്കാരുടെയും ടാക്‌സിക്കാരുടെയും സാന്നിധ്യവും തെരുവിലുണ്ടാകും

സുദീപ് തെക്കേപ്പാട്ട്

ഫീച്ചര്‍: സുദീപ് തെക്കേപ്പാട്ട്

മടക്കയാത്രയ്ക്കു മുമ്പുള്ള മുംബൈയിലെ അവസാന പകല്‍. അറിവു വച്ച കാലം മുതല്‍ വായിച്ചും കേട്ടുമറിഞ്ഞ ചുവന്നതെരുവുകള്‍!
സഹയാത്രികരുടെ കണ്ണുവെട്ടിച്ച് പുറത്തിറങ്ങി. മുബൈ മെട്രോ റെയില്‍ കോര്‍പറേഷന്റെ ട്രെയിന്‍ ടിക്കറ്റ് കൗണ്ടറില്‍, ചുണ്ടില്‍ ചായം തേച്ച് ഒരു സുന്ദരി. അവള്‍ വഴി പറഞ്ഞുതന്നു. പെട്ടെന്നു തിരിച്ചെത്തണം. വൈകിയാല്‍ വിമാനയാത്ര അസാധ്യമാകും. കൊല്‍ക്കത്ത യാത്രയില്‍ അവിടുത്തെ ചുവന്ന തെരുവായ 'സോനാഗച്ചി' നഷ്ടമാക്കിയത് ഗൈഡിന്റെ സ്‌നേഹപൂര്‍ണമായ വിലക്കായിരുന്നു. തീവണ്ടിയിറങ്ങി. ഇവിടെ നിന്ന് ഒന്നരക്കിലോ മീറ്റര്‍ ദൂരമുണ്ട് കാമാത്തിപുരയ്ക്ക്.
'ഗാഡി ചാഹിയെ സാഹിബ്... കഹാം ജാത്തി ഹെ...' കാമാത്തിപുരയ്ക്കാണെന്നു പറഞ്ഞപ്പോള്‍ ചെറുപ്പക്കാരനായ ഡ്രൈവര്‍ക്ക് ഹരംകയറി. അവന്‍ കൂടുതല്‍ ഉത്സാഹിയായി.

''പാഞ്ച് സൗ രുപ്പയെ...''
''500 രൂപ. ദൈവമേ... ഒന്നരക്കിലോ മീറ്റര്‍ ദൂരത്തിനോ...''
ഗ്രാമത്തില്‍ നിന്ന് എത്തിച്ച കന്യകമാര്‍ മുതല്‍ സൗന്ദര്യം വിട്ടൊഴിയാത്ത മധ്യവയസ്‌കകള്‍ വരെ തന്റെ കസ്റ്റഡിയിലുണ്ടെന്ന് വെളിപ്പെടുത്തിയപ്പോള്‍ നാസര്‍ ഒരു പിമ്പാണെന്നു തോന്നി.

കാമാത്തിപുരയടക്കമുള്ള നഗരത്തിലെ ചുവന്നതെരുവുകള്‍, കൊച്ചുകൊച്ചു വേശ്യാലയങ്ങള്‍, ലൈംഗികവ്യാപാരം നടക്കുന്ന വീടുകള്‍ എല്ലാം നാസറിന് മനപ്പാഠം. 500 രൂപ മുതല്‍ 5000 രൂപ വരെ ഒരു രാത്രിക്ക് വില വാങ്ങുന്നവരുണ്ട്. ചിലര്‍ക്ക് മണിക്കൂറിനാണ് നിരക്ക്.

''ഹേ ഭായീ... നിങ്ങള്‍ക്ക് അറിയാമോ.. പട്ടിണി കൊണ്ടാണ് പലരും ശരീരം വില്‍ക്കാനിറങ്ങുന്നത്. ചതിയിലും വഞ്ചനയിലും പ്രേമവാഗ്ദാനങ്ങളിലും പെട്ടുപോയവരും അനവധി. പലപ്പോഴും ഇവിടുത്തെ ചേരിക്കാരുടെ ദുരിതത്തിന് അറുതിയാകുന്നില്ല. അവര്‍ പട്ടിണിയില്‍ നിന്ന് പട്ടിണിയിലേക്കു കൂപ്പുകുത്തിക്കൊണ്ടേയിരിക്കുന്നു.

കാര്‍ കാമാത്തിപുര തെരുവിലേക്കു പ്രവേശിച്ചു. നിറംമങ്ങിയ കെട്ടിടങ്ങള്‍. അവ കാലപ്പഴക്കത്താല്‍ പൊട്ടിയുംപൊളിഞ്ഞും വിണ്ടുകീറിയും നിന്നു. രണ്ടുംമൂന്നും നിലകളുള്ള കെട്ടിടങ്ങളില്‍ നിറയെ കൊച്ചുകൊച്ചു മുറികള്‍. ഇവയില്‍ ചിലതു കര്‍ട്ടനുകള്‍ കൊണ്ട് വേര്‍തിരിച്ചിരിക്കുന്നു. എയര്‍കണ്ടീഷന്‍ഡ് ചെയ്ത മുറികളുമുണ്ട്. അത് കൂടുതല്‍ പണം മുടക്കുന്ന ഇടപാടുകാര്‍ക്കുള്ളതാണ്. ഒറ്റമുറിവീട്ടില്‍ കിടപ്പും ഭക്ഷണമുണ്ടാക്കലുമൊക്കെ ഒരിടത്തു തന്നെ. പേരിനു മാത്രം ശൗചാലയങ്ങള്‍, ദ്രവിച്ച പൊതുടാപ്പുകള്‍, വൃത്തിഹീനമായ ജീവിത ചുറ്റുപാടുകള്‍. ആധുനികതയുടെ അടയാളം പോലെ ഇവിടുത്തെ സ്ത്രീകള്‍ക്കെല്ലാം വില കുറഞ്ഞ മൊബൈല്‍ ഫോണുകളുണ്ട്. നിത്യ ഇടപാടുകാരുമായി ജീവിതം പങ്കുവയ്ക്കാനുള്ള ചാലകമാണ് ഈ ഫോണുകള്‍.

സന്ധ്യമയങ്ങുമ്പോള്‍ കാമാത്തിപുര കൂടുതല്‍ അണിഞ്ഞൊരുങ്ങി സുന്ദരിയാകും. ട്രാന്‍സ്‌ജെന്ററുകളുടെയും ഇടനിലക്കാരുടെയും ടാക്‌സിക്കാരുടെയും സാന്നിധ്യവും തെരുവിലുണ്ടാകും. മുഖത്ത് പുഞ്ചിരി തൂകി, ചുണ്ടില്‍ ചായം തേച്ച് വിലചോദിക്കുന്നവനു മുന്നില്‍ കാഴ്ചപ്പണ്ടാരങ്ങളായി വലിയൊരു കൂട്ടം ഇവിടെയുണ്ടാകും. ജാതിയും മതവും ദേശവും ഭാഷയും ആചാരങ്ങളും സംസ്‌കാരവും വിശ്വാസങ്ങളും തോറ്റുപോയിടത്തു പുനര്‍ജനിച്ച മറ്റൊരു കൂട്ടം!

കാമാത്തിപുരയില്‍ ഒളിമറകളില്ല. ആരെയും ഭയക്കേണ്ടതില്ല. പിടിച്ചുപറിയും അക്രമസംഭവങ്ങളും കുറഞ്ഞതായും ടാക്‌സി ഡ്രൈവര്‍ നാസര്‍ പറഞ്ഞു. ''ഭായി... അങ്ങ് തെരുവിലേക്ക് ഇറങ്ങാനിഷ്ടപ്പെടുന്നുണ്ടോ? പുറത്തിറങ്ങിയാല്‍ പലരും ചുറ്റിലും കൂടിയേക്കാം. അതു പട്ടിണി കൊണ്ടാണ്. സാമ്പത്തിക പ്രതിസന്ധി ഇവിടെയും ബാധിച്ചിരിക്കുന്നു. കാമാത്തിപുരയുടെ പഴയ പ്രതാപമൊക്കെ അസ്തമിച്ചു തുടങ്ങിയിരിക്കുന്നു.''

കാറിനകത്തെ ജാലക്കക്കാഴ്ചയ്ക്കിടയില്‍ ചുവപ്പ് സാരിയണിഞ്ഞ് ഒരു പഞ്ചാബി സുന്ദരി. അവളെ കണ്ട മാത്രയില്‍ നാസര്‍ കാറിന്റെ വേഗം കുറച്ചു. ''നോക്കൂ ഭായി... അവളാണ് ചമേലി. ഒരു പാവമാണ്. ഞാന്‍ അങ്ങേക്ക് അവളെ പരിചയപ്പെടുത്തട്ടെ.''
ഒരു കാലത്ത് തന്റെ പതിവുകാരനായിരുന്ന നാസറിനെ കണ്ടഭാവം നടിക്കാതെ ചമേലി എന്നെ നോക്കി കള്ളച്ചിരിയാല്‍ കണ്ണിറുക്കി. ആദ്യമൊന്ന് അമ്പരന്നെങ്കിലും ഞാന്‍ കൈവീശി അവളെ അഭിവാദ്യം ചെയ്തു.

വേഗത കുറച്ച കാറിന് ചുറ്റിലും വൃദ്ധന്‍മാരുടെ പട. ''ലഡ്കി ചാഹിയെ... അച്ചാ മാല്‍ ഹേ.. ആയിയെ...'' ദൈവമേ, നര വന്ന് വൃദ്ധരായ പിമ്പുകള്‍!
''നാസര്‍ വേഗം വണ്ടി വിടൂ.. എനിക്ക് അതിവേഗം ഗൊരേഗാവില്‍ എത്തേണ്ടതുണ്ട്.''കേട്ടപാടെ ഒരു ആജ്ഞാനുവര്‍ത്തിയെ പോലെ ടാക്‌സി ഡ്രൈവര്‍, കാറിന്റെ ആക്‌സിലറേറ്റില്‍ കാല്‍ അമര്‍ത്തിച്ചിവിട്ടി. കാറിന്റെ കുതിപ്പില്‍, വൃദ്ധന്‍മാരൊക്കെയും ഭയപ്പാടോടെ പിന്‍മാറി. കാറിന്റെ റിയര്‍വ്യൂ മിററിലേക്ക് ഞാന്‍ ഒരുവേള കണ്ണോടിച്ചു. സ്വപ്നസദൃശമായ മായക്കാഴ്ചകളില്‍ 'കാമാത്തിപുര' വീണ്ടും മാടിവിളിക്കുന്നു, പിരിയാന്‍ വിടാത്ത കാമുകിയെ പോലെ!

കടപ്പാട്: ജേണലോഗ്, കേരള
യൂനിയന്‍ ഓഫ്
വര്‍ക്കിങ് ജേണലിസ്റ്റ്)

സുദീപ് തെക്കേപ്പാട്ട്
വാട്‌സ് ആപ്- 9744117700

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest