ആത്മവിശ്വാസം പകരുന്ന ഇത്താപ്പിക്കഥകള്‍
ബിനീഷ ജി.
നിഷ്‌കളങ്കതയുടെ ഓമനത്തത്തിന്റെ പ്രതീകങ്ങളായ, നാളെയുടെ സകല ഭാഗധേയങ്ങളും നിര്‍ണയിക്കേണ്ട കുട്ടികളെ ലോകത്തിനും സമൂഹത്തിനും വ്യക്തിക്കും അനുയോജ്യമായ രീതിയില്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ കുട്ടികളുടെ കായികവും മാനസികവുമായ വളര്‍ച്ചയും ഏറെ പ്രധാനമാണ്. വ്യായാമവും കളികളും കായികാരോഗ്യവും മാനസികാരോഗ്യവും പ്രദാനം ചെയ്യുന്നുണ്ട്. ഭാഷാസ്വാധീനവും ബൗദ്ധികാരോഗ്യവും ഭാവനാപോഷണവും മാനസികാനന്ദവും നല്‍കാന്‍ ഏറെ യുക്തമായവയാണ് ബാലസാഹിത്യ കൃതികള്‍.
വര്‍ണങ്ങള്‍ വാരിപ്പൂശിയ കുട്ടികളുടെ ലോകം വനദേവതമാരുടെയും വര്‍ണശലഭങ്ങളുടെയും മാന്ത്രികക്കുതിരകളുടെയും രാജാക്കന്‍മാരുടെയും ലോകമാണ്. ആ സങ്കല്‍പലോകത്തിലൂടെ വിജ്ഞാനത്തിന്റെയും വിവേകത്തിന്റെയും പ്രായോഗികതയുടെയും തലത്തിലേക്ക് അവരെ കൊണ്ടെത്തിക്കുക എന്ന ദുഷ്‌കരമായ കൃത്യം സുചിന്തിതമായി നിര്‍വഹിക്കുന്നു സുദീപ് തെക്കേപ്പാട്ടിന്റെ 'ഭൂതത്താന്‍കുന്നിലെ ഇത്താപ്പി.' പേരുകൊണ്ടു തന്നെ കൗതുകമുളവാക്കുന്നതാണ് ഈ ബാലസാഹിത്യ കൃതി.
തുടക്കം തന്നെ കുട്ടികളുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന വിധത്തിലാണ് കഥയുടെ അവതരണം. 'പുല്ലാനിക്കാട് ഗ്രാമത്തിലെ മരമണ്ടനായിരുന്നു ഇത്താപ്പി. ധനികനായ രത്തന്‍സേഠിന്റെ വിശ്വസ്തനായ കാര്യസ്ഥനായിരുന്നു ഒരു കാലത്ത് ഇത്താപ്പിയുടെ പിതാവ് മാതേവന്‍. വസൂരിരോഗം മരണത്തിലേക്ക് നയിച്ചവരില്‍ ഈ മാതേവനും ഉണ്ടായിരുന്നു...' എന്നു തുടങ്ങുന്ന കഥ ധനാഢ്യമായ ബാല്യകാലം നിരാധാരമാകുന്നതിനെപ്പറ്റിയും ഇത്താപ്പിയുടെ മണ്ടത്തരത്തെപ്പറ്റിയും പറഞ്ഞ് വായനക്കാരനെ കഥയിലേക്ക് വഴി നടത്തുന്നു. തുടര്‍ന്ന് ഭാഗ്യം ഇത്താപ്പിയെ തുണയ്ക്കുന്നതു വായിക്കുമ്പോള്‍ ഏതു കുട്ടിക്കും നന്നാവാനുള്ള തീവ്രമായ അഭിലാഷം മന സ്സിലുദിക്കുന്നു.
ലാഭക്കണക്കുകള്‍ മാത്രം പറയുന്ന പുതുലോകത്തിന്റെ പ്രതീകമായ ഇത്താപ്പിയുടെ സഹോദരന്‍ വല്യാപ്പി. ലാഭേച്ഛയില്ലാതെ ജീവിതം സ്വപ്നം കാണുന്ന മണ്ടത്തരത്തിന്റെ പ്രതീകമായ ഇത്താപ്പി. ഇത്താപ്പി നേട്ടങ്ങള്‍ കൊയ്യുന്നത് കാണുമ്പോള്‍ വിജയിക്കാവുന്ന നന്മയെപ്പറ്റി കുട്ടി തീര്‍ച്ചയായും അറിയും. ഇന്നു ഭൂമിയില്‍ നഷ്ടപ്പെടുന്ന ജലവും മണ്ണും വായുവും ഉള്‍ക്കൊണ്ട പ്രകൃതിയെ വീണ്ടെടുക്കാനുള്ള ഒരു യത്‌നത്തിന്റെ വിത്ത് ഇത്താപ്പിയുടെ 'ജലപ്രാര്‍ഥന'യിലും തുടര്‍ന്നുള്ള സംഭവങ്ങളിലും കഥാകൃത്തായ സുദീപ് തെ ക്കേപ്പാട്ട് കൊണ്ടുവരുന്നു.
'മനുഷ്യരായാല്‍ സഹിക്കാനും ക്ഷമിക്കാനും മറക്കാനും കഴിയണം. നന്മയുള്ളിടത്തേ വിജയവും വെളിച്ചവുമുള്ളൂ.' 'ആരും നിസ്സാരരല്ല; ആരെയും അമിതമായി വിശ്വസിക്കരുത്...' എന്നിങ്ങനെയുള്ള ഗുണപാഠങ്ങളും ഇത്താപ്പിക്കഥകള്‍ നല്‍കുന്നു. ഇത്താപ്പിയുടെ ഭൂതം ജീവിതത്തിലുടനീളം വിജയം നേടിക്കൊടുക്കുന്ന കാഴ്ച വിസ്മയകരമാണ്! വലുപ്പച്ചെറുപ്പമില്ലാതെ ഏതു വായനക്കാരനെയും ആദ്യാവസാനം പിടിച്ചിരുത്താനുള്ള കഴിവ് കഥകളുടെ വിജയമായിത്തീ രുന്നു. ഏവര്‍ക്കും നല്ലതു വരട്ടെയെന്ന പ്രാര്‍ഥനയോടെ 'ഭൂതത്താന്‍കുന്നിലെ ഇത്താപ്പി'യുടെ രണ്ടാം പതിപ്പിന് വിജയാശംസകള്‍ നേരുന്നു.
വില 120 രൂപ
ഫോണ്‍-9744117700 (വാട്‌സ് ആപ്)