സാൻഫ്രാൻസിസ്കോ: ട്വിറ്ററിന്റെ വഴിയേ പെയ്ഡ് സബ്സ്ക്രിപ്ഷൻ ആരംഭിച്ച് ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും. മെറ്റ വെരിഫൈഡ് എന്ന പെയ്ഡ് സർവീസ് ആരംഭിക്കുകയാണെന്ന് മെറ്റ സി.ഇ.ഒ മാർക്ക് സക്കർബെർഗ് ഞായറാഴ്ച പ്രഖ്യാപിച്ചു. അക്കൗണ്ടുകൾ വെരരിഫൈ ചെയ്യാൻ മാസം 11.99 ഡോളർ അടക്കണമെന്നാണ് പുതിയ സബ്സ്ക്രിപ്ഷൻ നയം പറയുന്നത്.
‘ഈ പുതിയ ഫീച്ചർ ഞങ്ങളുടെ സേവനത്തിന്റെ ആധികാരികതയും സുരക്ഷയും വർധിപ്പിക്കും.’ സക്കർബർഗ് ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമായി പ്രസിദ്ധീകരിച്ച പോസ്റ്റിൽ പയുന്നു.
ആസ്ട്രേലിയ, ന്യൂസിലാന്റ് എന്നിവിടങ്ങളിൽ മെറ്റ വെരിഫൈഡ് ഈ ആഴ്ച തന്നെ ലഭ്യമാകും. അതിനു ശേഷമായിരിക്കും അമേരിക്കയിലും മറ്റ് രാജ്യങ്ങളിലും ഇത് ലഭ്യമാവുക എന്നും സക്കർബർഗ് വ്യക്തമാക്കി.
സബ്സ്ക്രൈബർമാർക്ക് സർക്കാർ നൽകുന്ന തിരിച്ചറിയൽ രേഖ വെച്ച് അക്കൗണ്ട് വെരിഫൈ ചെയ്തതാണെന്ന് കാണിക്കുന്ന ബാഡ്ജ് ലഭിക്കും. ആൾമാറാട്ടത്തിൽ നിന്ന് അധിക സംരക്ഷണവും കസ്റ്റമർ കെയറിലേക്ക് നേരിട്ട് ബന്ധപ്പെടാൻ സാധിക്കുമെന്നും അക്കൗണ്ട് കൂടുതൽ ആളുകളിലേക്ക് എത്തിപ്പെടുമെന്നും കമ്പനി ഉറപ്പു നൽകുന്നു.
ഈ സർവീസ് ആദ്യം ലക്ഷ്യംവെക്കുന്നത്, കണ്ടന്റ് ക്രിയേറ്റേഴ്സിനെയാണ്. പരീക്ഷണ ഘട്ടത്തിനു ശേഷം ഇത് കൂടുതൽ വിപുലീകരിക്കും. നേരതെത തന്നെ വെരിഫൈഡ് മാർക്ക് ലഭിച്ച അക്കൗണ്ടുകൾക്ക് മാറ്റമൊന്നും ഉണ്ടാകില്ലെന്നും കമ്പനി വ്യക്തമാക്കി. കൂടാതെ, 18 വയസ് കഴിഞ്ഞവർക്ക് മാത്രമേ സബ്സ്ക്രിപ്ഷൻ സൗകര്യം ലഭ്യമാവുകയുള്ളൂവെന്നും കമ്പനി വ്യക്തമാക്കി.