ഡെല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ അവാര്‍ഡ് സമ്മാനിച്ചു
2019 മുതല്‍ ലോകമെങ്ങുമായി നൂറിലേറെ ഫ്യുവല്‍ ടാങ്ക് സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു, ടാങ്ക് ചോര്‍ച്ചയെത്തുടര്‍ന്നാണ് ക്രിക്കറ്റ്താരം ഋഷഭ് പന്തും കാറപകടത്തില്‍പ്പെട്ടത്
ഡെല്‍ഹി: കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയലും സഹമന്ത്രി സോം പ്രകാശും ഡെല്‍ഹിയില്‍ ഇന്നലെ (ജനു 18) സമ്മാനിച്ച ദേശീയ സ്റ്റാര്‍ട്ടപ്പ് അവാര്‍ഡുകളില്‍ സേഫ്റ്റി, സെക്യൂരിറ്റി വിഭാഗത്തില്‍ അവാര്‍ഡു നേടി മലയാളികള്‍ പ്രൊമോട്ടു ചെയ്യുന്ന ആറ്റം അലോയ്‌സ്. തീപിടുത്തം, അപകടം, സൈനിക ആക്രമണം എന്നിവ ഉണ്ടായാല്‍പ്പോലും വാഹനങ്ങളുടെ ഫ്യുവല്‍ ടാങ്ക് പൊട്ടിത്തെറിക്കാതെ സൂക്ഷിക്കുന്ന കണ്ടുപിടുത്തത്തിനാണ് ചെയര്‍മാന്‍ അനില്‍ നായരും സിഇഒ അജിത് തരൂരും സിടിഒ വിനോദ് മേനോനും സഹസ്ഥാപകരായ ആറ്റം അലോയ്‌സ് അവാര്‍ഡു നേടിയത്. ഒബ്രോയ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മൂവരും ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.
പെട്ടെന്ന് തീപിടിക്കുന്ന സാധാരണ ഇന്ധനങ്ങള്‍, എല്‍പിജി എന്നിവയുടെ സംഭരണ ടാങ്കുകള്‍ക്ക് പരമാവധി സുരക്ഷ ഒരുക്കുന്നതാണ് ഒരു ദശകത്തിലേറെ നീണ്ട ഗവേഷണങ്ങളിലൂടെ കമ്പനി വികസിപ്പിച്ചെടുത്ത് പേറ്റെന്റ് എടുത്ത സംവിധാനമെന്ന് ആറ്റം അലോയ്‌സ് ചെയര്‍മാനും സഹസ്ഥാപകനുമായ അനില്‍ നായര്‍ പറഞ്ഞു.
ഫ്യൂവല്‍ ടാങ്കുകളുടെ സ്‌ഫോടനം എങ്ങനെ ഭീഷണിയാകാമെന്നത് ഈയിടെ ക്രിക്കറ്റ് താരം ഋഷഭ് പന്തുള്‍പ്പെട്ടെ അപകടം തെളിയിച്ചുവെന്ന് സിടിഒ വിനോദ് മേനോന്‍ ചൂണ്ടിക്കാണിച്ചു. അതേ സമയം തങ്ങള്‍ വികസിപ്പിച്ചെടുത്ത ഈ സംവിധാനം കാറുകള്‍ക്കും ടാങ്കറുകള്‍ക്കും മാത്രമല്ല ബോട്ടുകള്‍, കപ്പലുകള്‍ തുടങ്ങിയ ജലയാനങ്ങളിലും ഉപയോഗിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം അപകടങ്ങള്‍ എണ്ണത്തില്‍ കുറവായിരിക്കും, പക്ഷേ സംഭവിച്ചാലോ നഷ്ടങ്ങളും കനത്തതായിരിക്കും, അദ്ദേഹം വിശദീകരിച്ചു. ഇന്ത്യയില്‍ മഹാരാഷ്ട്രയിലെ നവി മുംബൈയിലാണ് കമ്പനിയുടെ ആസ്ഥാനം.
ഫോട്ടോ ക്യാപഷ്ന്‍: ഡെല്‍ഹിയില്‍ നടന്ന ദേശീയ സ്റ്റാര്‍ട്ടപ്പ് അവാര്‍ഡുകളില്‍ സേഫ്റ്റി, സെക്യൂരിറ്റി വിഭാഗത്തില്‍ അവാര്‍ഡു നേടിയ ആറ്റം അലോയ്‌സിനു വേണ്ടി സ്ഥാപകരായ ചെയര്‍മാന്‍ അനില്‍ നായരും സിഇഒ അജിത് തരൂരും സിടിഒ വിനോദ് മേനോനും കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍, സഹമന്ത്രി സോം പ്രകാശ് എന്നിവരില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങുന്നു.