"ജീവിതം ഏകാന്തവും ശൂന്യവും നിരർത്ഥകവുമാണെന്ന് ചിലർക്കെങ്കിലും തോന്നിപ്പിക്കുന്ന വിധമായി പോയിട്ടും ജീവിച്ചു പോകുന്നവരെ പറ്റി ഞാൻ സദാ ചിന്തിക്കാറുണ്ട്. വേദനിക്കുന്ന, അവർ തരുന്ന ചിരി പോലും അധ്വാനമല്ലേ എന്നോർക്കാറുമുണ്ട്." ഒറ്റപ്പെടുന്നു എന്നു തോന്നുമ്പോഴൊക്കെ തന്റെ നീല ഞരമ്പുകൾ പിടയ്ക്കുന്നതായി അനുഭവപ്പെടുന്നവരുടെ കഥയാണ് ശ്രീദേവി വടക്കേടത്ത് എഴുതിയ ‘കൈകളിൽ നീല ഞരമ്പുകളുള്ളവർ’ എന്ന നോവൽ പറയുന്നത്.
ഇത് മൂന്ന് സുഹൃത്തുക്കളുടെ കഥയാണ്. "ഒരു സ്ത്രീ, ഒരു പുരുഷൻ, പുരുഷനിൽ നിന്ന് സ്ത്രീയിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരാൾ." "അവർക്ക് അവരല്ലാതെ മറ്റു ചങ്ങാതിമാരൊന്നും സിഡ്നിയിലില്ലായിരുന്നു. ജീവിതത്തിന്റെ ഒരു പ്രത്യേക പരിതസ്ഥിതിയിൽ സ്വന്തം നാട് വിട്ടു സിഡ്‌നിയിൽ എത്തിയവർ എന്നതായിരുന്നു അവർക്ക് മൂന്നു പേർക്കും ഒരേ പോലുണ്ടായിരുന്ന കാര്യം." ഇവർ തമ്മിൽ പിരിയാൻ തീരുമാനിക്കുന്നിടത്ത് നിന്നാണ് നോവലിസ്റ്റ് കഥ പറഞ്ഞു തുടങ്ങുന്നത്. "ഒന്നും പൂർണ്ണമല്ലെന്നും ഒന്നുമവസാനമല്ലെന്നും ഒരിക്കൽ കൂടി പറഞ്ഞുകൊണ്ടാണവർ പിരിയേണ്ടത്."
"വിജയം ആരുടേയും കുത്തകയല്ലെന്നും കൈയ്യടി പൊരുതുന്നവനും വിജയിക്കുന്നവനുമുള്ളതാണെന്നും എനിക്ക് ബോധ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു." നീലച്ച ഞരമ്പുകൾ കൈത്തണ്ടകളിൽ തെളിഞ്ഞു കിടക്കുന്ന ചിലർ ജീവിതത്തിലൊരിക്കലും സന്തോഷിക്കില്ല, അവരുടെ ജീവിതം ഒരു പരാജയമാണ് എന്നൊക്കെ ചിന്തിച്ച് ജീവിതം ഫുൾസ്റ്റോപ്പിടാനുള്ള സൂചനയായി അതെടുക്കും. പക്ഷെ, അങ്ങനെ ചിന്തിക്കാതിരിക്കലാണ് തനിക്ക് ചെയ്യാവുന്നത്. അത് താൻ ചെയ്തു കൊണ്ടിരിക്കും. എന്ന് ചിന്തിക്കുന്ന ആഗ്നസ് ആണ് ഒന്നാമത്തെ കഥാപാത്രം. അവൾ വന്നിരിക്കുന്നത് കേരളത്തിൽ നിന്നാണ്.
"ഒളിച്ചോട്ടങ്ങളല്ല, രക്ഷപ്പെടലുകളാണ് ചില യാത്രകൾ." "ഞാനാരാണെന്ന് എന്നെ ഓർമ്മിപ്പിക്കുന്ന നീലഞരമ്പുകളെ ഞാനടക്കിയൊതുക്കി ഒളിപ്പിച്ചുപിടിച്ച് ഓടിക്കൊണ്ടിരിക്കും. ഏതെങ്കിലുമൊരു ദിവസമീ ഓട്ടമങ്ങ് മതിയാക്കിയാൽ ചിലപ്പോഴെവിടെയെങ്കിലും ഞാനിരിക്കുമായിരിക്കും. സ്വസ്ഥമായി, ശാന്തമായി." എന്ന് ചിന്തിക്കുന്ന ജോ/ ജെയ്‌സി ഫിലിപ്പീൻസുകാരൻ/കാരി ആണ് രണ്ടാമത്തെയാൾ.
"നോവിച്ചൊടുങ്ങിപ്പോകുന്ന ഒരു പ്രണയവും ആവിയായി പോകില്ല. അവസാനിപ്പിച്ചാലും അതിടയ്ക്കിടെ പുകഞ്ഞു പുകഞ്ഞ് ഹൃദയത്തെ പൊള്ളിച്ചുകൊണ്ടിരിക്കും." "കാലാവസ്ഥ അനുകൂലമല്ലെന്ന് തോന്നുന്നിടത്ത് നിന്നും പറന്നു പോകണം. എന്നെ സ്റ്റഫ് ചെയ്തൊരു മമ്മിയെപ്പോലാക്കി ഒരിടത്ത് അടക്കി വെയ്ക്കാൻ ഞാനൊരുക്കമല്ല." എന്ന് ചിന്തിച്ചു കൊണ്ട് ജീവിതത്തെ പറന്നു കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കുന്ന മുസ്തഫ ആണ് മൂന്നാമത്തെ ആൾ. അയാൾ ഈജിപ്തിൽ നിന്നാണ് വരുന്നത്.
ഒറ്റപ്പെടലുകളെ അല്ലെങ്കിൽ ഏകാന്തതയെ വിഷയമാക്കിയുള്ള നോവലുകൾ ആധുനിക കാലത്ത് വിരളമാണ്. മുകുന്ദന്റെയും വിജയന്റെയും കാലത്തേക്ക് ഒരു തിരിഞ്ഞു നോട്ടത്തിലേക്കും ഒരു വിഷാദത്തിലേക്കും വായനക്കാരെ ഈ നോവൽ എത്തിക്കുന്നുണ്ട്. എന്നാൽ മുകുന്ദന്റെയോ വിജയന്റേയോ കഥാപാത്രങ്ങളേക്കാൾ നിസ്സഹായരാണ് ശ്രീദേവിയുടെ കഥാപാത്രങ്ങൾ. അതിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ് അവർ എത്തിപ്പെടുന്നത്.
പ്രസവത്തിനായി ആശുപത്രിയിലേക്ക് പോകുന്ന ആഗ്നസിന്റെ അവസ്ഥ ഈ ഒറ്റപ്പെടലിന്റെ ഭീകരത നോവലിസ്റ്റ് വരച്ചു കാണിക്കുന്നുണ്ട്....
"അവൾ നേരത്തേ കൂട്ടി ഒരുക്കിവച്ചിരുന്ന കറുത്ത ട്രോളി ബാഗും വലിച്ച് വീടു പൂട്ടിയാണ് പുറത്തേയ്ക്കിറങ്ങി ചെന്നത്. ഒറ്റപ്പെട്ടു പോകുന്നവരുടെ ചില നേരങ്ങൾ പറഞ്ഞാലോ, എഴുതിയതു വായിച്ചാലോ ആർക്കും ഒന്നും മനസ്സിലാവില്ല എന്നവൾ അന്നേരവും ഓർത്തിരുന്നു."
"അനസ്തേഷ്യ നൽകാനുള്ള അനുമതി പാത്രത്തിൽ അവൾ തന്നെ ഒപ്പിട്ടു കൊടുത്തു."
"അതിന്റെ അഞ്ചാം ദിവസമാണ്, കൂട്ടിനുപോലും ആരുമില്ലാതെ തനിയെ ഒരു പെയ്ഡ് ടാക്സിയിൽ അവൾ ആശുപത്രി വിട്ടത്." ഫ്ലാറ്റ് അവിടെ അത് പോലെ തന്നെ ഉണ്ടായിരുന്നു. ഒരു മാറ്റവുമില്ലാതെ. ആരും കൂട്ടില്ലാതെ.
"ശൈലവും കോട്ടയും പാറയും രക്ഷകനുമില്ലാതാകുന്ന മനുഷ്യർക്കും കൂടിയുള്ളതാണീ ഭൂമി. ഏത് അഗാധഗർത്തങ്ങളിലേക്കെറിയപ്പെട്ടാലും തിരിച്ച് കയറാനുള്ള ത്വരയാണ് മനുഷ്യനാവശ്യം. ആരെ വിളിച്ച് കരഞ്ഞാലും വിളി കേൾക്കണമെന്നില്ല. മന്ദിരങ്ങളിലിരിക്കുന്നവർക്ക് കാതടഞ്ഞു പോയാലും തോറ്റു പോകാതെ മരിക്കുംവരെ ജീവിക്കുന്നവനാകണം മനുഷ്യൻ." എന്ന ബദൽ വേദ വാക്യങ്ങളിലാണ് ഈ നോവലിന്റെ ആത്മാവ് കുടി കൊള്ളുന്നതെന്ന് തോന്നുന്നു. ഒറ്റപ്പെട്ടിരിക്കുക എത്ര ദുസ്സഹമാണ്? ഒറ്റപ്പെടുന്നവർക്കും പരസ്പരം താങ്ങായും തണലായും നിന്നുകൂടെ എന്ന ചിന്തയാണ് ഈ നോവലിന്റെ ശക്തി. "ചങ്ങാത്തമൊരു പരിശീലനമാണ്. കൂടെ നടക്കുന്നവരെ സഹിക്കുക എന്നതൊരു ശീലം വഴി സ്വായത്തമാക്കിയെടുക്കുന്ന കഴിവാണ്."
ഒറ്റപ്പെട്ടവരോട് കരുത്തരാവാൻ ആഹ്വാനം ചെയ്യുന്ന നോവലാണ് കൈകളിൽ നീലഞരമ്പുകളുള്ളവർ.
"ലുസിമോളെ, തളർന്നു പോകുന്ന എല്ലാ സന്ദർഭങ്ങളിലും ചാരാനൊരു തോൾ കിട്ടിയേക്കുമെന്ന് കരുതി ജീവിക്കരുത്. മറ്റാരെങ്കിലുമൊക്കെ ഉണ്ടെന്നു കരുതി ജീവിതത്തെ കരു പിടിപ്പിക്കരുത്. ആരുമില്ലെങ്കിലും ജീവിതം മുന്നോട്ട് പോയെ പറ്റൂ." എന്നും, "മാറ്റത്തിലേക്കുള്ള പറക്കൽ. ജീവിതമിനി ഒരൊറ്റ പോയിന്റിലും സംശയിച്ച് നിൽക്കില്ലെന്ന് അന്ന് ആകാശത്തുവെച്ച് അവൻ ഉറപ്പിച്ചു. എങ്ങനെയാണോ ജീവിതം മുന്നിൽ വന്ന് നിൽക്കുന്നത്, അങ്ങനെ തന്നെ അതിനെ കൊണ്ട് പോകുക. വല്യേ മാജിക്ക് ഒന്നും പ്രതീക്ഷിക്കാതെ." എന്നും ഈ നോവലിൽ നാം വായിക്കും.
പുരുഷൻ, സ്ത്രീ എന്നീ ലിംഗങ്ങളിൽ നിൽക്കുന്നവർക്ക് മാത്രമല്ല മൂന്നാമതൊരു വിഭാഗത്തിന് കൂടി ലോകത്തിൽ ജീവിക്കാൻ അവകാശമുണ്ട് എന്ന് ഊട്ടിയുറപ്പിക്കുന്ന നോവലാണ് കൈകളിൽ നീലഞരമ്പുകളുള്ളവർ. "ഞാനൊരു പുരുഷനല്ല, സ്ത്രീയുമല്ല എന്ന് തിരിച്ചറിഞ്ഞ നാൾ മുതൽ, അന്നു മുതൽ, ഞാനെന്നിൽ നിന്നും ഒളിച്ചോടിക്കൊണ്ടിരുന്നു." (ഇത്, ഒരു പുരുഷനാണ്, ഒരു സ്ത്രീയുമാണ് എന്നും വാചകം തിരുത്തി വായിക്കാം.)
പക്ഷെ, സൗഹൃദത്തിന് ഇതൊന്നും തടസ്സമാവാൻ പാടില്ല. പരസ്പരം സഹകരിക്കുന്നതിന് അതൊരു തടസ്സമാവാൻ പാടില്ല. "സൗഹൃദത്തിൽ എന്ത് ലിംഗപ്രശ്നം ജോ? നല്ല സൗഹൃദങ്ങളുടെ പാരമ്യത്തിൽ ലിംഗനഷ്ടമുണ്ടാവണം. അങ്ങനെയൊന്നില്ലെന്ന മട്ടിലായിരിക്കണം ചങ്ങാത്തങ്ങൾ." "ഇവരോടൊത്ത് ചിലവിടുന്ന സന്ദർഭങ്ങളിൽ തങ്ങൾ മൂവരും ലിംഗങ്ങളില്ലാത്തവരായി തീരുന്നത് അവൻ അത്യദ്ഭുതത്തോടെ വീക്ഷിച്ചിട്ടുണ്ട്. പൗരുഷവും സ്ത്രീത്വവും ലിംഗമില്ലായ്മയും ഒന്നിക്കുന്ന, ഒന്നായിത്തീരുന്ന സന്ദർഭങ്ങൾ." ഈ സൗഹൃദം പരസ്പരം മനസ്സിലാക്കുന്നതിന്റേതാണ്. സ്വയം അല്ലെങ്കിൽ മറ്റുള്ളവരെ പ്രദർശന വസ്തുക്കളാക്കുന്നതിലല്ല. അത്തരം ആളുകളോട് അനുഭവം പ്രകടിപ്പിച്ചുള്ള പ്രകടനങ്ങളോട് നോവലിനോ നോവലിസ്റ്റിനോ അനുഭാവമില്ല. "അവനെപ്പോലെ അസാധാരണമായ ലൈംഗീക ചിന്തയുള്ളവരെ കാണുമ്പോഴവന് ആശ്വസിക്കുമെന്ന് ധരിച്ച അവരെ അമ്പരിപ്പിച്ചു കൊണ്ടാണവൻ പ്രതികരിച്ചത്. "കഷ്ടം, അറിഞ്ഞുകൊണ്ട് പ്രദർശനവസ്തുക്കളാവുന്നവർ. ഇവർക്ക് ചുറ്റും കൂടിയിരിക്കുന്ന ആ കാഴ്ചക്കാരെ നോക്കൂ. അവരൊന്നും സ്നേഹം കൊണ്ടോ സിമ്പതി കൊണ്ടോ നോക്കി നിൽക്കുകയാണ്. അവരുടെയൊക്കെ കണ്ണുകൾ നോക്കൂ. മൃഗശാലയിലെ അഴിക്കുള്ളിൽ കിടക്കുന്ന മൃഗത്തെ കാണുമ്പോഴത്തെ ഭാവമല്ലേ എന്ന്! അല്ലെന്ന് നിങ്ങൾക്ക് ചിലപ്പോൾ തോന്നിയേക്കാം. എന്നാൽ എനിക്കങ്ങനെ മാത്രമേ തോന്നുന്നുള്ളൂ." വായനക്കാരുടെ മനോഭാവത്തെ നവീകരിക്കുന്നതിനും നോവലിസ്റ്റ് ആഗ്രഹിക്കുന്നുണ്ട്. "പുരുഷന്റെ രൂപവും സ്ത്രീയുടെ മനസ്സുമായി ജീവിക്കേണ്ടി വരുന്ന ഒരാളുടെ വേദന എത്രത്തോളമാകുമെന്ന് അവനെ കണ്ട നാളുകളിൽ അവൾ ഓർക്കാറുണ്ട്. ഒരു ഗേ ഒളിച്ചു കൊണ്ട് നടക്കുംപോലെ അവന് തന്റെ ഈ പ്രശ്നം ഒളിച്ചു പിടിക്കാനാവില്ല. അപ്പോളവൾ ഓർത്തു. ഒളിച്ചു പിടിക്കാൻ സാധിക്കുന്നതും ഒരവകാശമല്ലേ, ഒരാളത് ആഗ്രഹിക്കുന്നുവെങ്കിൽ." ഒപ്പം അവരുടെ പ്രശ്നങ്ങളെ ശരിയായി മനസിലാക്കുക എന്നത് തന്നെയാണ് അവരോട് ചെയ്യാവുന്ന നന്മ.
സിറിയയിലും ഈജിപ്തിലും എന്നിങ്ങനെ മിഡ്‌ഡിൽ ഈസ്റ്റ് ആഫ്രിക്കൻ രാജ്യങ്ങളിൽ നടക്കുന്ന പ്രശ്നങ്ങൾ വ്യക്തികളെയും സമൂഹത്തെയും എങ്ങനെ ബാധിക്കുന്നു എന്ന് നോവൽ വ്യക്തമായി പറയുന്നു. "ഒരു രാജ്യമെങ്ങനെ ആയിത്തീരരുത് എന്നതിനുള്ള ഉത്തമോദാഹരണമായാണ് ഈജിപ്ത് ഇപ്പോൾ നിലകൊള്ളുന്നത്." "ബുദ്ധിശൂന്യതയിൽ സ്വയം നശിച്ചുകൊണ്ടിരിക്കുന്ന ഒരു രാജ്യത്ത് ഹോമിച്ചു കളയാനുള്ളതല്ല തന്റെ ജീവിതം എന്നൊരു ഉൾവിളി അവനുണ്ടായിരുന്നു." ഇത് അവിടുത്തെ ജനങ്ങളുടെ ചിന്തയെ ഏറെ സ്വാധീനിക്കുന്നു. നോവലിൽ ഒരു കഥാപാത്രം പറയുന്നത് കേൾക്കുക. "പോകണമെന്ന് തോന്നിയാൽ ഉടൻ പോകണം മാമാ. ഒരു ബോംബിൽ എപ്പോൾ വേണമെങ്കിലും തീർന്നു പോകാവുന്നവരാണ് നമ്മളൊക്കെ. ആശകളൊക്കെ അപ്പപ്പോൾ തീർക്കണം." "നിസ്സഹായരാണ്, ഇവിടെ ജീവിക്കുന്ന മനുഷ്യനും മൃഗങ്ങളും. ഭൂമി തുരന്നു തല നീട്ടി പുറത്തു വരുമ്പോഴേക്കും കരിഞ്ഞു പോകേണ്ടി വരുന്നു ഈ മണ്ണിലെ ചെടികൾ പോലും." നന്നായി ഭരിക്കുന്ന രാജാവിന്റെ നാട്ടിലെ മനുഷ്യർ മാത്രമല്ല, മൃഗങ്ങളും പക്ഷികളും സസ്യങ്ങളും നന്നായിരിക്കും എന്ന് മഹാഭാരതത്തിൽ വായിച്ചത് ഓർമ്മ വരുന്നു. ഇന്നത്തെ ലോകത്തിന്റെ നേർ ചിത്രമാണ് നോവലിസ്റ്റ് വരച്ചു കാണിക്കുന്നത്. പുരുഷനെപ്പോലെ എടുത്തു ചാടുന്ന മിഡിൽ ഈസ്റ്റ്, എല്ലാറ്റിനും വഴങ്ങിക്കൊടുക്കുന്ന പഴയകാലത്തെ സ്ത്രീകളെപ്പോലെ ഇന്ത്യ, അവിടെയുമല്ല ഇവിടെയുമല്ല എന്ന മട്ടിൽ നിൽക്കുന്ന കിഴക്കൻ രാജ്യങ്ങൾ. നല്ല നാളെയുടെ പ്രതീക്ഷയുമായി പുതുമയുടെ കുതിപ്പിന് ഒരു രാജ്യത്തു നിന്ന് പരിശ്രമിക്കുന്നു. അതിന്റെ അനന്തരഫലം എന്തെന്ന് അറിയാതിരിക്കുമ്പോഴും ആ പരിശ്രമം തന്നെയാണ് സന്ദേശം എന്നിടത്ത് വായനക്കാരുടെ ചിന്ത ഉടക്കേണ്ടിയിരിക്കുന്നു.
നോവലിന്റെ തുടക്കം താല്പര്യജനകമാവും വിധം അലങ്കരിച്ചിട്ടുണ്ടെങ്കിലും പല പുതുമുഖ നോവലിസ്റ്റുകൾക്കും പറ്റുന്നത് പോലെ, അടുത്ത അധ്യായങ്ങളിൽ ആ ജിജ്ഞാസ നില നിർത്താൻ എഴുത്തുകാരി ബുദ്ധിമുട്ടുന്നതായി അനുഭവപ്പെട്ടു. കുറച്ചങ്ങോട്ട് പോയതിൽ പിന്നെ പക്ഷെ, വളരെ നല്ല ഒരു വായനാനുഭവമാണ് നോവൽ നൽകിയത്. ചിന്തയും കഥയും കോർത്തിണക്കി വായനക്കാരുടെ സാമാന്യ സംശയങ്ങൾക്കൊക്കെ ഒരു വിധം ഉത്തരം നൽകി നോവൽ അവസാനിപ്പിക്കുനന്തിൽ ശ്രീദേവി വിജയിച്ചിരിക്കുന്നു. ഒരു പക്ഷെ, ഒന്നു കൂടി ഒതുക്കി ഈ നോവലിനെ പറഞ്ഞിരുന്നെങ്കിൽ ഇതിന് കൂടുതൽ ഭംഗി വരുമായിരുന്നു. എന്നിരിക്കിലും ആദ്യത്തെ നോവൽ കൊണ്ട് തന്നെ തന്റെ സജീവ സാന്നിധ്യം അറിയിക്കുകയാണ് ശ്രീദേവി വടക്കേടത്ത് എന്ന നോവലിസ്റ്റ്. ഈ നോവലും ശ്രീദേവി എഴുതാനിരിക്കുന്ന മറ്റു നോവലുകളും മലയാളം വായിക്കുക തന്നെ ചെയ്യും.
മലയാള നോവൽ രാജ്യത്തിൻറെ അതിർത്തി കടക്കുന്നതായും ആഗോള പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതായും അടുത്തിടെ ഇറങ്ങുന്ന നോവലുകൾ നിരീക്ഷിക്കുന്നവർക്ക് ബോധ്യപ്പെടും. നമുക്ക് പരിചിതമല്ലാത്ത സ്ഥലങ്ങളും പ്രശ്നങ്ങളും അനുഭവിപ്പിക്കുന്ന, അതിർത്തി കടന്നുള്ള ഒരു നോവൽ കൂടിയാണ് കൈകളിൽ നീല അഞരമ്പുകളുള്ളവർ. (അതങ്ങനെയായിരിക്കുമ്പോഴും, തൃശൂർ ഭാഷ മനോഹരമായി കൈകാര്യം ചെയ്യുന്ന ചില അധ്യായങ്ങളും ഇതിലുണ്ട്.)
"ദയയോടെ മനുഷ്യൻ പെരുമാറുന്നത് കാണുന്നതാണ് ലോകത്തിലെ ഏറ്റവും മനോഹരമായ കാഴ്ച." വീണു കിടക്കുന്നവരാണെങ്കിലും നിരാലംബർക്കും പരസ്പരം കൈത്താങ്ങിലൂടെ ഒത്തൊരുമിച്ചു ലോകത്തെ മനോഹരമായ ഒരിടമാക്കാം എന്ന സന്ദേശം പേറുന്ന കൈകളിൽ നീല അഞരമ്പുകളുള്ളവർ എന്ന നോവൽ നല്ല വായന വാഗ്ദാനം ചെയ്യുന്നു.
പ്രസാധനം - ഗ്രീൻ ബുക്സ്
പേജുകൾ - 208
വില - 245 രൂപ