വാഷിംഗ്‌ടൺ ഡി.സി., ശ്രീ നാരായണ മിഷൻ സെൻറർ ക്രിസ്മസ്സ്-പുതുവത്സര ആഘോഷങ്ങൾ മേരിലാൻഡ് സെവെൻലോക്ക് എലിമെന്ററി സ്കൂളിൽ വച്ച് പ്രൗഢ ഗംഭീരമായി ആഘോഷിച്ചു.

വർണശബളമായ ആഘോഷങ്ങളൾക്ക് മുതിർന്ന അംഗങ്ങൾ നിലവിളക്കു കൊളുത്തി തുടക്കം കുറിച്ചു. ക്രിസ്തുമസിന്റെ സ്നേഹ സന്ദേശവും പുതുവർഷ പുലരിയിൽ എല്ലാവർക്കും ആയുരാരോഗ്യ സമ്പത്സമൃദ്ധിയും ഉണ്ടാകട്ടെ എന്ന് ആശംസിച്ചു കൊണ്ട്, പ്രസിഡണ്ട് ശ്രീ ഷാം ജീ ലാൽ, എല്ലാവരേയും സ്വാഗതം ചെയ്തു.
പ്രായഭേദമെന്യേ എല്ലാവരും കലാപരിപാടികളിൽ പങ്കെടുത്തു. നാടൻ വിഭവങ്ങൾ ഉൾകൊണ്ട സദ്യ ആഘോഷങ്ങൾക്ക് മാറ്റു കൂട്ടി. സദസ്സിൽ മുതിർന്ന 'അമ്മമാരെ' ആദരിച്ചു. 2024 കാലയളവിൽ സഘടനാ പ്രവർത്തനങ്ങൾ വിജയിപ്പിക്കുന്നതിന് നിസ്വാർത്ഥമായി സഹകരിച്ച എല്ലാവർക്കും സെക്രട്ടറി ശ്രീമതി സതി സന്തോഷ് കൃതജ്ഞത രേഖപ്പെടുത്തി.

2025 വർഷത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കമ്മറ്റി അംഗങ്ങളെ സദസ്സിനു പരിചയപ്പെടുത്തുകയും, സംഘടനയുടെ ചുമതല നിയുക്ത പ്രസിഡണ്ട് ശ്രീ പ്രേംജിത്ത്, സെക്രട്ടറി ശ്രീമതി നീതു, ട്രെഷറർ ശ്രീമതി വിദ്യാ അരുൺ, എന്നിവർക്ക് ഔദ്യോഗികമായി കൈമാറുകയും ചെയ്തു. വരും വർഷത്തെ സംഘടനയുടെ പ്രവർത്തനങ്ങൾക്കു മാറ്റു കൂട്ടാൻ, എല്ലാവരുടേയും നിസ്വാർത്ഥവും അകമഴിഞ്ഞ സഹകരണവും ഉണ്ടാകണമെന്ന് നിയുക്ത പ്രസിഡന്റ് അഭ്യർത്ഥിച്ചു.
ശ്രീ സന്ദീപ് പണിക്കരുടെ നന്ദി പ്രകടനത്തോടെ ആഘോഷങ്ങൾ പര്യവസാനിച്ചു.
വാർത്ത : സന്ദീപ് പണിക്കർ




