കാലിഫോർണിയ: ഭീമൻ സ്പേസ്ഷിപ്പിനെ ബഹിരാകാശത്തേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സ് നിർമിച്ച അത്യാധുനിക റോക്കറ്റ് എൻജിൻ പരീക്ഷണം വിജയകരം. 33 ബൂസ്റ്റർ എൻജിനുകളിൽ 31 എൻജിനും ജ്വലിച്ചതോടെയാണ് പരീക്ഷണം വിജയകരമായത്.
ലോകത്ത് നിർമിച്ചതിൽ ഏറ്റവും കരുത്തേറിയ റോക്കറ്റ് എൻജിന്റെ പരീക്ഷണമാണ് സൗത്ത് ടെക്സസിലെ വിക്ഷേപണത്തറയിൽ നടന്നത്.
പത്ത് സെക്കൻഡോളം എൻജിനുകൾ ജ്വലിക്കുന്നതിന്റെ ദൃശ്യവും പുറത്തുവിട്ടിട്ടുണ്ട്. സ്പേസ് എക്സ് ലക്ഷ്യംവെക്കുന്ന ചാന്ദ്ര, ചൊവ്വ ദൗത്യങ്ങൾക്ക് കരുത്ത് പകരുന്നതാണ് റോക്കറ്റ് എൻജിൻ പരീക്ഷണം. മാർച്ചിൽ ബഹിരാകാശത്തേക്കെത്തിക്കുന്ന പരീക്ഷണവും നടക്കും.
‘ഒരു ദിവസം സ്റ്റാർഷിപ് നമ്മളെ ചൊവ്വയിലേക്ക് എത്തിക്കും’ എന്നാണ് റോക്കറ്റ് എൻജിൻ പരീക്ഷണം വിജയിച്ചയുടൻ സ്പേസ്എക്സ് മേധാവിയായ ഇലോൺ മസ്ക് ട്വീറ്റ് ചെയ്തത്. ബൂസ്റ്റർ 7 സൂപ്പർ ഹെവി റോക്കറ്റ് ഉപയോഗിച്ച് സ്റ്റാർഷിപ്പിൽ അഞ്ച് വർഷത്തിനകം ചൊവ്വയിലെത്താൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
പരമാവധി പത്തു വർഷമാണ് ചൊവ്വ ദൗത്യത്തിന് എടുക്കുകയെന്നും ട്വിറ്ററിലൂടെയുള്ള ചോദ്യത്തിന് മറുപടിയായി പറഞ്ഞു.