ഡോ. കല ഷഹി
2024 ജൂലൈ ആദ്യവാരം വാഷിംഗ്ടണിൽ നടക്കുന്ന ഫൊക്കാന അന്തർദ്ദേശീയ കൺവെൻഷനിൽ തിരുവനന്തപുരം എം.പി.യും ലോക പ്രശസ്ത വാഗ്മിയും മലയാളികളുടെ അഭിമാനവുമായ ഡോ. ശശി തരൂർ എം.പി പങ്കെടുക്കുമെന്ന് ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്‌റ്റീഫൻ അറിയിച്ചു.
നയതന്ത്രജ്ഞൻ, രാഷ്ട്രീയ നേതാവ്, എഴുത്തുകാരൻ, വാഗ്മി തുടങ്ങിയ മേഖലകളിൽ പകരം വെയ്ക്കാനില്ലാത്ത ഡോ. ശശി തരൂർ മലയാളിയുടെ അഭിമാനമാണ്. 1978 ൽ 22-ാം വയസ്സിൽ മസാച്യുസെറ്റ്സിലെ ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ അദ്ദേഹം യു.എൻ. ഒയിൽ ജോലിക്ക് പ്രവേശിച്ചത് യുവതലമുറയ്ക്ക് ഒരു പാഠമാകേണ്ട നിമിഷമാണ്. കാരണം 22-ാം വയസിൽ ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയിലെ ഫ്ലച്ചർ ലോ ആൻഡ് ഡിപ്ലോമസിയിൽ നിന്ന് ഡോക്ടറേറ്റ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു ഡോ. തരൂർ. അദ്ദേഹത്തിന്റെ ഇന്നുവരെയുള്ള അക്കാദമിക ജീവിതം ലോകമെമ്പാടുമുള്ള യുവ തലമുറയ്ക്ക് പ്രചോദനമാണ്. അമേരിക്കൻ രാഷ്ട്രീയ രംഗത്ത് മലയാളി സാന്നിദ്ധ്യം ഉറപ്പാക്കാൻ ഫൊക്കാന നടപ്പിൽ വരുത്തിയ പദ്ധതികളുടെ തുടർച്ചയായി ഫൊക്കാന കൺവൻഷനിൽ യുവ നേതൃത്വം ഡോ. ശശി തരൂരുമായി സംവദിക്കുമെന്ന് ഡോ. ബാബു സ്‌റ്റീഫൻ അറിയിച്ചു.
ഡോ. ശശി തരൂരിന്റെ സാന്നിദ്ധ്യം ഫൊക്കാന അന്തർദ്ദേശീയ കൺവൻഷന്റെ മാറ്റ് കൂട്ടുമെന്ന് ഫൊക്കാന ജനറൽ സെക്രട്ടറി ഡോ. കല ഷഹി അറിയിച്ചു. മലയാളിയുടെ എക്കാലത്തേയും അഭിമാനമായ ഡോ. തരൂർ , അദ്ദേഹം കൈ വെച്ച എല്ലാ മേഖലയിലും പകരക്കാരൻ ഇല്ലാതെ തുടരുന്നത് അദ്ദേഹത്തിന്റെ സ്ഥിരോത്സാഹവും , ആത്മാർത്ഥമായ പരിശ്രമവും കൊണ്ടാണ്. നോൺ ഫിക്ഷൻ, ഫിക്ഷൻ എഴുത്തുകളിലൂടെ ലോകമെമ്പാടുമുള്ള വായനക്കാർക്ക് അദ്ദേഹത്തിന്റെ പുസ്തകങ്ങൾ ഹരമായി മാറുന്നതും വ്യത്യസ്തമായ ഭാഷാ ശൈലി കൊണ്ടാണ്. അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഫലപ്രദമായ രീതിയിൽ ഫൊക്കാന കൺവൻഷനിൽ ഫൊക്കാന യുവ നേതൃത്വം ഉപയോഗിക്കുവാൻ പ്രോഗ്രാമുകൾ തയ്യാറാക്കുമെന്നും ഡോ. കല ഷഹി അറിയിച്ചു.
ട്രഷറാർ ബിജു കൊട്ടാരക്കര, കൺവൻഷൻ ചെയർമാൻ ജോൺസൺ തങ്കച്ചൻ, ട്രസ്റ്റി ബോർഡ്, വിമൻസ് ഫോറം,നാഷണൽ കമ്മിറ്റി അംഗങ്ങൾ, റീജിയണൽ വൈസ് പ്രസിഡന്റുമാർ , ഫൊക്കാന കൺവൻഷൻ കമ്മിറ്റി ഭാരവാഹികൾ, ഫൊക്കാന ജനറൽ ബോഡി അംഗങ്ങൾ എല്ലാവരും ഡോ. ശശി തരൂരിന്റെ സാന്നിദ്ധ്യം ഫൊക്കാന നാഷണൽ കൺവൻഷന്റെ വിജയത്തിന് ശക്തി പകരുമെന്ന് അറിയിച്ചു