ഷാർജ: റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രമുഖ സ്ഥാപനങ്ങൾ അണിനിരക്കുന്ന ഷാർജ റിയൽ എസ്റ്റേറ്റ് എക്സിബിഷൻ വ്യാഴാഴ്ച ആരംഭിക്കും. ഷാർജ കിരീടാവകാശിയും ഡെപ്യൂട്ടി ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ മുഖ്യ രക്ഷാകർതൃത്വത്തിൽ നടക്കുന്ന പ്രദർശനം എക്സ്പോ സെൻററിലാണ് അരങ്ങേറുന്നത്. ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും ഷാർജ റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ വകുപ്പും സംയുക്തമായാണ് പ്രദർശനം ഒരുക്കുന്നത്.
യു.എ.ഇക്ക് അകത്തും പുറത്തുമുള്ള വിവിധ റിയൽ എസ്റ്റേറ്റ് കമ്പനികൾ പുതിയ പദ്ധതികൾ മേളയിൽ പരിചയപ്പെടുത്തും. റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ, സാമ്പത്തിക സ്ഥാപനങ്ങൾ, നിർമാണക്കമ്പനികൾ, റിയൽ എസ്റ്റേറ്റ് ഏജന്റ്സ്, പ്രോജക്ട് മാനേജ്മെന്റ് സർവിസ് കമ്പനികൾ, റിയൽ എസ്റ്റേറ്റ് ഉടമകൾ, എൻജിനീയറിങ് സർവിസ് കമ്പനികൾ എന്നിവർ എക്സിബിഷനിൽ പങ്കെടുക്കും.
ഇതിന് പുറമെ വിവിധ സർക്കാർ സ്ഥാപനങ്ങളും വകുപ്പുകളും പങ്കെടുക്കുന്നുണ്ട്. എക്സിബിഷൻ ദിനങ്ങളിൽ സന്ദർശകർക്കായി വിവിധ ഓഫറുകളും മറ്റും ഒരുക്കിയിട്ടുണ്ട്. വിവിധ സ്ഥാപനങ്ങളിൽ നിക്ഷേപത്തിന് അവസരമൊരുക്കുന്നതുമായിരിക്കും മേള. ഇത്തവണ സൗജന്യ വർക്ഷോപ്പുകളും പാനൽ ചർച്ചകളും ഒരുക്കിയിട്ടുമുണ്ട്. ഇംഗ്ലീഷിലും അറബിയിലുമായിരിക്കും പരിപാടികൾ നടക്കുക. മേയ് 28നാണ് മേള സമാപിക്കുക