മഴയേ..
ഒരൊറ്റ ചുംബനം കൊണ്ട്
നീ കെടുത്തിയിട്ടത്
എന്റെ കണ്ണിലെരിയുന്ന
ഒരായിരം നക്ഷത്രങ്ങളെയാണ്..
അത് കൊണ്ട് മാത്രം
അവസാനമായി
നീയെന്നെ
കാണാൻ വരരുത്..
മണ്ണിനെ മറന്ന്
ഞാനിനിയും ജീവിക്കാൻ
ആശയുണ്ടെന്ന്
നിന്നോട്
കെഞ്ചികൊണ്ടേയിരിക്കും..
കണ്ണിലുറങ്ങുന്ന
നക്ഷത്രങ്ങളുടെ കരി
ആരോ കഴുകി കളഞ്ഞ്
പഞ്ഞി വെച്ച് മൂടികളഞ്ഞത്
നന്നായി..
അല്ലെങ്കിൽ
ആകാശമത്
നിന്നിലൂടെ തിരഞ്ഞ്
എന്റെ മൃതദേഹം
മാന്തിയെടുത്ത്
മാറോട് ചേർത്തേനെ..
ഒന്നുറക്കെ കരയണമെന്ന്
തോന്നുമ്പോഴൊക്കെ
നീ വരണം..
സാരമില്ലെന്ന്
ഞാനെന്റെ വിരലുകളിൽ
നിന്നോടെഴുതി വെച്ചത്
വായിച്ച് ചിരിക്കണം..
പ്രണയമെന്ന
വാക്കിന്റെ തണുപ്പ്
നീയപ്പോഴാണറിയുക..!
സബീഖ ഫൈസൽ. തൃശ്ശൂർ ജില്ലയിലെ ചേറ്റുവ സ്വദേശി. പാവറട്ടിയിൽ താമസം faisebi എന്നപേരിൽ സോഷ്യൽ മീഡിയയിൽ സജീവമാണ്. വർഷങ്ങളായി ഒട്ടേറെ മാസികകളിലും മറ്റും കവിതകളും കഥകളുംലേഖനങ്ങളും രചിച്ചിട്ടുണ്ട്. നാടിന്റെ വക ആദരവ് നേടിയ വ്യക്തി. നാദിയ നോവലാണ്. ഗസലുകളും പാട്ടുകളും എഴുതുന്നുണ്ട്. നിരൂപകയായും സ്ക്രിപ്റ്റ് റൈറ്ററായും നിലവിലുണ്ട്.സ്വകാര്യ കമ്പനിയിലെ ഈകൊമേഴ്‌സ് മാനേജ്‍മെന്റായി ജോലിചെയ്യുന്നു.ഹസ്ബന്റ് അഡ്വ ഫൈസൽ (കേരള ഹൈകോടതി)