അനുഭവങ്ങൾ ഉണ്ടായിരിക്കുക, അനുഭവങ്ങളെ ഓർത്തെടുക്കുക, അതിനെ വായനക്കാരെ പിടിച്ചിരുത്തുന്ന വിധം മനോഹരമായി എഴുതുക. ഏതൊരു അനുഭവക്കുറിപ്പിനുമുണ്ടാവേണ്ട ഗുണങ്ങളാണിവ. ഈ ഗുണങ്ങളാൽ സമ്പുഷ്ടമാണ് സബീന എം സാലി Sabeena M Sali എഴുതിയ ഗന്ധദ്വീപുകളുടെ പാറാവുകാരി എന്ന പുസ്തകം.
സൂക്ഷ്മനിരീക്ഷണം
തനിക്ക് ചുറ്റുമുള്ള ലോകത്തെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് നല്ല കാഴ്ചയുടെ ലക്ഷണം. നല്ല കാഴ്ച അനുഭവങ്ങൾ എഴുതുന്നവർക്ക് മാത്രമല്ല, ഏതൊരെഴുത്തുകാരനും എഴുത്തുകാരിക്കും അവശ്യം വേണ്ട ഗുണമാണ്. അത്തരം ഒരു സൂക്ഷ്മ നിരീക്ഷണത്തിന്റെ തെളിവാണ് ഗാന്ധദ്വീപുകളുടെ പാറാവുകാരി എന്ന ആദ്യത്തെ കുറിപ്പിൽ നിന്ന് ഞാൻ വായിച്ചെടുക്കുന്നത്. സൗദി അറേബ്യയിൽ ഫാർമസിസ്റ്റ് ആയ എഴുത്തുകാരി ഫാർമസിയിലേക്ക് വരുന്നവരെ അവർ കൊണ്ടു വരുന്ന ഗന്ധങ്ങളുടെ അടിസ്ഥാനത്തിൽ നോക്കിക്കാണുകയാണ്. അവരുടെ നോവും വേവും വിയർപ്പും സന്തോഷവുമെല്ലാം അവർ കൂടെ കൂട്ടിക്കൊണ്ട് വരുന്ന ഗന്ധത്തോടാണ് എഴുത്തുകാരി ബന്ധിപ്പിക്കുന്നത്.
"ജീവിതത്തിന്റെ ഒട്ടു മിക്ക ഗന്ധങ്ങളും ഇവിടെ സമന്വയിക്കുന്ന. കണ്ണീരായും വിയർപ്പായും ചിരിയായും ചിന്തയായും ഞാനെന്റെ വെണ്ണക്കൽഭരണിയിൽ നിറച്ചു വെച്ചിരിക്കുന്ന സുഗന്ധ തൈലങ്ങൾ...ചില സമയരാശികളിൽ, അവ വാരിയണിഞ്ഞ് എനിക്കു മാത്രമറിയാവുന്ന ഉന്മാദത്തിന്റെ ദിവ്യജലത്താൽ സ്നാനം ചെയ്ത് കവിയും കാമുകിയും ഭ്രാന്തിയുമായി നിഗൂഢപ്പെടാറുണ്ട്. വിചിത്രഭാവനകൾ മുഴുവൻ ഉന്മാദത്തിന്റെ തീനാമ്പുകളാൽ ദഹിച്ച് തീരുമ്പോഴാണ് കടലാസ്സിൽ വാക്കുകൾ പിറവിയെടുക്കുന്നത്."
"എട്ട് മണിക്കൂർ പകൽ ജോലിക്കിടയിൽ പല രൂപത്തിൽ കാറ്റ് ജനൽ വാതിലിൽ മുട്ടും. അതെ, മരുഭൂമിയിലെ ഓരോ മനുഷ്യർക്കും ഓരോ ഗന്ധമാണ്."
"ഒരു ചുമ കൊണ്ടു മാത്രം ഞാനിവിടെയുണ്ട് എന്ന് പറയാതെ പറയുമ്പോൾ അവർക്ക് മരുന്നു മാത്രം പോര, അലിവിന്റെ അപ്പക്കഷണങ്ങളും കൂടെ വേണമെന്ന് എനിക്ക് തോന്നാറുണ്ട്."
"പൂക്കളേക്കാൾ പഴ ഗന്ധങ്ങളോടാണ് മാന്മിഴികളായ അറേബ്യൻ സുന്ദരികൾക്ക് പ്രിയം. ലിപ്സ്റ്റിക്കും റൂഷും മസ്‌ക്കാരയുമൊക്കെയായി അവർ കാറ്റിന് സുഗന്ധം കടം കൊടുക്കും."
എവിടെ നിന്നോ വന്ന് എവിടേക്കോ പോകുന്ന ഓരോ യാത്രക്കാരും കാറ്റ് പോലെയാണ്. അവർ വരുന്നു. കൊണ്ടുവരുന്ന ഗന്ധം അവിടെ വിട്ട് തിരികെ പോകുന്നു. പക്ഷെ, ഈ പോക്കുവരവിന് ചുറ്റുപാടുമുള്ള ലോകത്തിന്റെ വിവിധ മുഖങ്ങളെയും ഭാവങ്ങളെയും എഴുത്തുകാരി അവിടെ പിടിച്ചു നിർത്തുന്നുണ്ട്. ഈ കുറിപ്പിൽ കാണുന്നത് എഴുത്തുകാരിയുടെ സൂക്ഷ്മ നിരീക്ഷണ ശീലമാണ്. എഴുത്തിന്റെ വഴിയിൽ ഇത് ഏറെ മുതൽക്കൂട്ടായിരിക്കും എന്ന് തീർച്ച.
അനുഭവങ്ങൾ
"പാമ്പ് പടം പൊഴിച്ചിടും പോലെ, ഓരോ കാലഘട്ടങ്ങളിലെ ഓർമകളെ, അക്ഷരങ്ങളിലൂടെ പൊഴിച്ചിടുമ്പോൾ, ബാല്യകാലം പോലെ, ജീവിതത്തിന്റെ മറ്റൊരു ഋതുവും നമ്മെ വീണ്ടും വീണ്ടും മോഹിപ്പിക്കില്ല. അത്രയ്ക്ക് ഹരിതാഭമായിരുന്നു അക്കാലം. ഡൗൺലോഡും അപ്‌ലോഡും എന്തെന്നറിയാത്ത കാലം. യുട്യൂബും ബ്ലൂ ടൂത്തുമൊന്നും സ്വപ്നത്തിൽ പോലും കടന്നു വരാതിരുന്ന കാലം. അല്ലെങ്കിലും അപൂർവ്വഭംഗികൾക്കൊക്കെ അല്പായുസ്സാണെന്ന് കേട്ടിട്ടുണ്ട്."
"ഓരോ മനുഷ്യരും ഓരോ യാത്രക്കാരാണ്. ഭൂതകാലത്തെ ചുവന്നു നടക്കുന്ന യാത്രക്കാർ" എന്ന് തുടങ്ങുന്ന 'ബാല്യം സഞ്ചരിച്ച നെടുംപാതകൾ' എന്ന കുറിപ്പ് നമ്മെ നമ്മുടെ കുട്ടിക്കാലത്തേക്ക് എത്തിക്കും. സ്കൂൾ അവുധി ദിനങ്ങളെ ആഘോഷമാക്കുന്ന ഓർമ്മകൾ വായിക്കുമ്പോൾ നാമും ആ കൂട്ടത്തിൽ ഉണ്ടായിരുന്നില്ലേ എന്ന് സംശയിക്കും.
"ഇലക്ഷൻ സീസണാണെങ്കിൽ പറയണ്ട. രണ്ടു മുന്നണികൾക്കു വേണ്ടിയും മുദ്രാവാക്യം വിളിക്കാൻ ഞങ്ങൾ തയ്യാർ. ഒരൊറ്റ വിപ്ലവബീജം പോലും രക്തത്തിൽ ഇല്ലാതിരുന്നിട്ടും, പരിപ്പ് വടയോടുള്ള മോഹം കൊണ്ട്, "ഇന്ക്വിലാബിൻ മക്കളെ... അരിവാൾ ചുറ്റിക നക്ഷത്രം അതാണ് നമ്മുടെ അടയാളം" എന്നൊക്കെ വെച്ചു കാച്ചും.
മറുപക്ഷം ഐസ്ക്രീം വാഗ്ദാനം ചെയ്താൽ ഉടനെ ചുവട് മാറും. "വാടീ ഗൗരീ, ചായകുടീ...ചാരിയിരുന്നൊരു ബീഡിവലി..." ആരോ എവിടെയോ എഴുതിയുണ്ടാക്കിയ മുദ്രാവാക്യം അർത്ഥസാധ്യതകൾ പോലും മനസ്സിലാക്കാതെ തൊണ്ടക്കുഴിയിൽ നിന്ന് വായുവിലേക്ക് പറക്കും." ഈ നിഷ്കളങ്കമായ ഓർമകളെ സൂക്ഷിച്ചു വെച്ച് വായനക്കാരിലേക്ക് പകരുക എന്നത് തന്നെയല്ലേ ഓർമ്മക്കുറിപ്പുകളിൽ നിന്ന് നാം പ്രതീക്ഷിക്കുന്നത്??
സ്കൂൾ പഠനകാലത്തു തന്നെയുള്ള 'ദിനോസർ ചിരിയുള്ള കൂട്ടുകാരൻ' എന്ന കുറിപ്പ് ഹൃദയസ്പര്ശിയാണ്.
ഏറെ സത്യസന്ധമായാണ് കൗമാരത്തിന്റെ ഓർമകളെ എഴുത്തുകാരി കുറിച്ചിടുന്നതും.
"പ്രായം മനസ്സിലെന്നപോലെ, ശരീരത്തിലും പുതുഭാവുകത്വം കുടഞ്ഞിടുമ്പോൾ ഏതൊരു സാധാരണ പെൺകുട്ടിയെയും പോലെ, ഒളിഞ്ഞും തെളിഞ്ഞും ചില ആരാധനാപുരുഷന്മാരിലേക്ക് മോഹം ചാഞ്ചാടിയിരുന്നു. കേവല സൗന്ദര്യം മാത്രമായിരുന്നു ആ ആകർഷണങ്ങളുടെയൊക്കെ പ്രധാന മാനദണ്ഡം. കാണാമറയത്തെ റഹ്മാൻ, നഖക്ഷതങ്ങളിലെ വിനീത്, ക്രിക്കറ്റ് താരം അനിൽ കുംബ്ലെ, തുടങ്ങിയവരെല്ലാം ഓരോരോ കാലഘട്ടങ്ങളിൽ പ്രണയപ്പാടത്തെ മഴച്ചാറ്റലുകളായി. അമിതാബ് ബച്ചന്റെ ഉയരം, യേശുദാസിന്റെ ഘനഗംഭീര സ്വരം, പ്രേം നസീറിന്റെ നടപ്പിലെ സ്ത്രൈണത, വിനോദ് ഖന്നയുടെ മുഖത്തെ പായൽപ്പച്ച...ഒക്കെയും അക്കാലത്ത് മനസ്സിന്റെ മൃദുലതന്ത്രികളെ മോഹിപ്പിച്ച ഘടകങ്ങളായിരുന്നു. മസിൽക്കരുത്ത് ഒരിക്കലും പൗരുഷത്തിന്റെ ലക്ഷണമായി തോന്നിയിട്ടില്ല."
"പുരുഷ സൗന്ദര്യത്തെ ഉപാസിക്കുമ്പോഴൊക്കെയും അവന്റെ ഹൃദയക്കൂട്ടിലെ സ്വർണ്ണമത്സ്യം ഞാനായിരുന്നെങ്കിൽ, എന്റെ വാക്കിനുള്ളിലെ വാക്ക് അവനായിരുന്നെങ്കിൽ എന്ന് കൊതിച്ചിട്ടുണ്ട്."
"പ്രണയത്തോടടുക്കുമ്പോൾ കണ്ണുകളിൽ ഭയന്ന പക്ഷിക്കുഞ്ഞിന്റെ വേവലാതിയായിരുന്നു."
"പെൺകുട്ടിയിൽ നിന്ന് സ്ത്രീയിലേക്കുള്ള ചുവടുവയ്പുകൾക്കിടയിൽ, നെഞ്ചിൽ തിളച്ചു പതഞ്ഞ സ്നേഹത്തിന്റെ ഓഹരി പങ്കിടാൻ, കന്യകാത്വത്തിൽ അഭയം തേടി പെണ്മയുടെ ആഴങ്ങളെ കണ്ടെടുക്കാൻ, അധികാര മുദ്രയുടെ സത്യവാചകം ചൊല്ലി ഒരാൾ കടന്നു വരുന്നതോടെ, പ്രണയം, രതി, ആത്മീയത, ജീവിതാസക്തി എന്നീ തലങ്ങൾ യഥാർത്ഥ അളവിൽ ചേർന്ന് ജീവിതം വഴി തിരിയേണ്ട ഒരു മൈൽകുറ്റിയായി മാറുന്നു വിവാഹം."
ഇങ്ങനെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളെ സത്യസന്ധമായും ആകർഷകമായും എഴുതുന്നുണ്ട് സബീന.
കളഞ്ഞു പോയ ഒറ്റക്കൊലുസ്സ്
ഒരു നല്ല അനുഭവക്കുറിപ്പ് എന്തായിരിക്കണം എന്നതിന് ഉദാഹരണമാണ് കളഞ്ഞു പോയ ഒറ്റക്കൊലുസ്സ് എന്ന കുറിപ്പ്. ഒരു പ്രവാസിയെ വിവാഹം കഴിച്ചു വിരലിലെണ്ണാവുന്ന ദിവസങ്ങളുമായി മധുവിധു ആഘോഷിക്കുന്ന ദിവസങ്ങളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന വിധത്തിൽ അത്യാകർഷകമായാണ് സബീന എഴുതിയിരിക്കുന്നത്.
പ്രണയദിനങ്ങളിൽ പച്ചമുളകിനുള്ള സ്ഥാനം എത്രയെന്ന് ഓർത്ത് നമുക്ക് ചിരി നിർത്താനാവില്ല. ഒറ്റക്കൊലുസ് നഷ്ടപ്പെട്ട ദുഃഖത്തിൽ നിന്ന് ഇണയുടെ സാന്ത്വനത്തിന്റെ സുഖം അറിയുന്ന നിലയിലേക്ക് വായനക്കാർ യാത്ര ചെയ്‌തൊടുവിൽ ഒരു പൊട്ടുപോലെ വിമാനം ദൃഷ്ടിയിൽ നിന്നകലുമ്പോൾ ആ ദുഃഖം വായനക്കാരുടേത് കൂടിയാവുന്നുണ്ട്.
നീർക്കോലി ഒരു ചെറിയ പാമ്പല്ല എന്ന കുറിപ്പ് രസകരമായാണ് അവതരിപ്പിച്ചിരിക്കുന്നത്.
"എന്തിനോടാണ് ഏറ്റവും പേടി എന്നു ചോദിച്ചാൽ എനിക്ക് വ്യക്തമായ ഉത്തരമുണ്ട്. പാമ്പും ഇടിമിന്നലും. അതുകൊണ്ടു തന്നെ ഇടിവെട്ടേറ്റവനെ പാമ്പു കടിച്ചു എന്നു പറയാൻ പോലും ഞാൻ ചിലപ്പോൾ ഭയപ്പെടാറുണ്ട്." എന്ന് തുടങ്ങുന്ന അധ്യായം പത്താം ക്ലാസ്സിൽ ബയോളജി ക്ലാസ്സിന്റെ ആകാംക്ഷകളിലേക്ക് ഒരു നീർക്കോലി കടന്ന് വരുന്നതോടെ രസപ്രദമാകുന്നു. "ധൈര്യം പ്രസംഗിക്കാനുള്ളതല്ല,
പ്രകടിപ്പിക്കാനുള്ളതാണ്." എന്ന സാരോപദേശത്തോടെ കുറിപ്പവസാനിക്കുമ്പോൾ ഒരു ചിരി വായനക്കാരുടെ ചുണ്ടിലുണ്ടാവുമെന്നുറപ്പ്.
നല്ല എഴുത്ത്
സാഹിത്യഗുണമുള്ള നല്ല എഴുത്താണ് സബീനയുടേത്. അനുഭവക്കുറിപ്പുകളും ഇതിൽ നിന്ന് വ്യത്യസ്തമല്ല. ചിന്തയും കവിതയും ഭാവനയും എല്ലാം ചേരുന്നതാണ് അത്. അത് കൊണ്ടു തന്നെയാണ് ഈ അനുഭവക്കുറിപ്പുകളെല്ലാം മാതൃഭൂമി, മാധ്യമം, ചന്ദ്രിക, മലയാളം ന്യൂസ്, ഇന്ത്യൻ എക്സ്പ്രസ്സ് എന്നിങ്ങനെ മലയാളത്തിലെ പ്രമുഖ വാരികകളിൽ അച്ചടിച്ച് വന്നത്.
എഴുപത്തിയെട്ട് പേജുള്ള ഒരു അനുഭവക്കുറിപ്പിന്റെ പുസ്തകം സാധാരണ ഗതിയിൽ ഞാൻ ഒന്നോ രണ്ടോ മണിക്കൂറിൽ വായിച്ചവസാനിപ്പിക്കാറുണ്ട്. പക്ഷെ, ഈ പുസ്തകം വായിച്ചെടുക്കാൻ എനിക്ക് നാലോ അഞ്ചോ മണിക്കൂർ വേണ്ടി വന്നു എന്നതാണ് സത്യം. കവിത തുളുമ്പുന്ന വരികൾ അതിന്റെ ആഴത്തിൽ മനസ്സിലാക്കിയെടുക്കുമ്പോൾ മാത്രമാണ് നാം പുസ്തകത്തെ വായിക്കുന്നത് എന്നതിനാൽ അതർഹിക്കുന്ന സമയം കൊടുക്കുകയായിരുന്നു.
"കിനാവിന്റെ തൂവലുമായി നിദ്രയുടെ പക്ഷികൾ ചിറകടിച്ചു വരുമ്പോഴും ഉണർന്നിരുന്ന് കവിത കുറിക്കുന്ന ഒരു കാലമുണ്ടായിരുന്നു. ചങ്ങമ്പുഴ കവിതകളുടെ കാല്പനികത നെഞ്ചിലേറ്റി അന്തർമുഖത്വത്തിന്റെ ആമത്തോടാണിഞ്ഞ കലാലയകാലം." ഈ കാല്പനികതയും കവിത്വവും എഴുത്തിൽ ഉടനീളം കാണാം. ചില ഉദാഹരണങ്ങൾ ചേർക്കുന്നു.
"ശാരികക്കന്യകളെപ്പോലെ ശങ്കരാഭരണം പാട്ടുപാവാട ഞൊറികളിൽ കൗമാരം കാകളിയൊഴുകി."
"നാലഞ്ചുവർഷത്തെ സഹവാസത്തിനുശേഷവും ഗർഭത്തിന്റെ മേഘദൂതുമായി ഒരു കാറ്റും അതുവഴി വന്നില്ല."
"മനസ്സിൽ മോഹഭംഗങ്ങളുടെ മേഘവിളർച്ച."
"പബ്ലിക് ലൈബ്രറിയുടെ ഇടനാഴിയിലൊക്കെയും നിശബ്ദ പ്രണയങ്ങളുടെ മൂകഛന്ദസ്സ്."
"നിലാവുള്ള രാത്രികളിൽ ആകാശത്തെ നിവർത്തിയിട്ട് അവർ നക്ഷത്രങ്ങളെ പെറുക്കിയെടുക്കുന്നു."
"അകലെ സോളമന്റെ സങ്കീർത്തനം മുഴങ്ങുന്ന മുന്തിരിത്തോപ്പുകളുടെ വിജനപുളിനങ്ങളിൽ ഹൃദയങ്ങൾ ഇണ ചേരുന്നതിന്റെ ലയവിന്യാസങ്ങൾ."
"പാഞ്ഞടുത്ത വാഹനങ്ങളുടെ വെളിച്ചത്തിൽ രക്ഷാപ്രവർത്തനത്തിനെത്തിയവർ കണ്ടത് മുറിവേറ്റ ശരീരങ്ങളിൽ നിന്ന് പരസ്പരം കെട്ടുപിടിച്ചൊഴുകുന്ന ചോര നൂലുകൾ..."
"അവന്റെ പ്രണയാവേശത്തിന്റെ പ്രകമ്പനത്തിൽ, ആകാശത്ത് ഇണചേരുന്ന കാർമുകിലുകൾ താങ്ങി നിൽക്കുന്ന പെയ്യാമഴകൾ മരുഭൂമിയിലേക്ക് ആർത്തലയ്ക്കണം. ഒന്നിൽ നിന്ന് അടുത്തതിലേക്ക് വഴി തെറ്റി വഴി തെറ്റി, ഭ്രാന്തിന്റെ ഇളം വയലറ്റ് പൂക്കൾ വിടരുന്ന താഴ്വരകൾ പിന്നിട്ട്, മണമുള്ള കാട്ടുചെടികൾക്കിടയിലൂടെ, ഉള്ളിൽ കനക്കുന്ന ഉന്മാദവുമായി കൈപിടിച്ച് നടക്കണം."
"മരുഭൂമിയുടെ മഹാവിജനതയെ മനസ്സു കൊണ്ട് ഏറ്റെടുത്ത് ഏകാന്തതയുടെ പെരുമ്പാതകൾ ഒറ്റയ്ക്ക് കീഴടക്കാൻ വിധിക്കപ്പെട്ട ഇവർ ക്ഷീണം കൊണ്ടാണ് ദൂരമളക്കുന്നത്."
ഇങ്ങനെ പോകുന്നു എഴുത്തിന്റെ മാസ്മരികത. അതിനാൽ തന്നെ വേറിട്ട ഒരു അനുഭവ വായന സമ്മാനിക്കുന്നതാണ് ഗന്ധ ദ്വീപിലെ പാറാവുകാരി.
മരണത്തിന്റെ അടയാളങ്ങൾ
മരണത്തിന്റെ ആകസ്മികതയും അനിശ്ചിതത്വവും ജീവിതത്തെ പ്രണയിക്കാൻ എഴുത്തുകാരിയെ പ്രേരിപ്പിക്കുന്നുണ്ട്. ഒന്നിലേറെ അധ്യായങ്ങളിൽ മരണം ശ്കതമായ സാന്നിധ്യം അറിയിക്കുന്നുണ്ട്. മരണത്തിന്റെയും ജീവിതത്തിന്റെയും അർത്ഥങ്ങൾ തേടുന്നുണ്ട് ചില കുറിപ്പുകൾ.
"ഓരോ മനുഷ്യനും, അവൻ എത്ര തന്നെ ഉന്നതനായാലും ഒടുക്കം ഈ വെട്ടുകല്ലുകൾ മാത്രമായിരിക്കുമല്ലോ അവന്റെ ഈ ഭൂമിയിലെ ജീവിതത്തിന്റെ കേവല അടയാളങ്ങൾ. മരിക്കുന്നതിന് നാൽപതു ദിവസം മുൻപ് തന്നെ ഒരാളിൽ മരണഗന്ധമുണ്ടായിരിക്കുമത്രേ."
"മനുഷ്യൻ കേവലം നിസ്സാരനാണ്. നിമിഷനേരത്തേക്ക് ഉയിരെടുത്ത്, നശിച്ചു പോകുന്ന നീർക്കുമിളകൾ. അതുകൊണ്ടു തന്നെ എല്ലാ മനുഷ്യർക്കും മരണബോധം ഉണ്ടായിരിക്കണം. കാരണം അത് നമ്മിൽത്തന്നെ സദാ അലഞ്ഞു നടക്കുന്ന നഗ്ന സത്യമാണ്."
"ജീവന്റെ ലക്ഷണം പ്രകടമാക്കുന്ന എന്തു പ്രതിഭാസമാണ് മരണ സമയത്ത് നമ്മെ വിട്ടകലുന്നത്?"
"നിശ്ശബ്ദത ഉറഞ്ഞു കിടക്കുന്ന താഴ്വരകളിൽ നിന്നെവിടെ നിന്നെങ്കിലുമാകാം ചിലപ്പോൾ മരണം പതുങ്ങിപ്പുറപ്പെടുന്നത്. മൃത്യുവിന്റെ വരവ് പല വഴിക്കും പല നേരത്തും പല രൂപത്തിലുമാകാം."
എന്നിങ്ങനെ ചിന്തനീയമായ പലതും മരണത്തിന്റെ അടയാളങ്ങളിൽ വായിച്ചെടുക്കാനാവും. ആ യാത്ര പറച്ചിൽ വേദനയുടേതായിരുന്നു എന്ന കുറിപ്പിൽ മരണത്തിന്റെ ആകസ്മികത നമ്മെ നടക്കുക തന്നെ ചെയ്യും.
"ജീവിതത്തിന്റെ ഇഴ ബന്ധങ്ങളിൽ സ്വന്തം മാതാവിനെ എങ്ങനെ അടയാളപ്പെടുത്തണമെന്ന് തീരുമാനിക്കേണ്ടത് മക്കളുടെ മാത്രം മനോധർമ്മമാണ്." ഉത്തരവാദിത്വത്തിന്റെയും പക്വതയുടെയും ഒരു നിലപാട് വായനക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്ന എഴുത്തുകാരി പക്ഷെ, എല്ലാ സമൂഹ നിയമങ്ങളെയും കണ്ണടച്ചു അംഗീകരിക്കുന്നില്ല. "ആത്മബന്ധത്താൽ അലിഞ്ഞു ചേർന്ന വികാരം എന്ന നിലയിൽ പ്രണയം ആണും പെണ്ണും തമ്മിലേ ആകാവൂ എന്ന് ശഠിക്കരുത്." പ്രണയം ആത്മാവിന്റെ ഭാഗമാവുമ്പോൾ എഴുത്തിൽ അത് പ്രതിഫലിക്കാതെ വയ്യ. എന്നാൽ അവിടെയും "ആത്മാവും മാംസവും തമ്മിലുള്ള സംഘർഷത്തിൽ ആത്മാവ് പരാജയപ്പെട്ടാൽ, അതോടെ പ്രണയവും ചക്രശ്വാസം വലിക്കും." എന്ന തെളിഞ്ഞ ചിന്തയാണ് കാണാനാവുക.
ഇത്രയൊക്കെ നല്ല കാര്യങ്ങൾ. ഇനി എനിക്ക് അത്ര നല്ലതല്ലെന്ന് തോന്നിയ കാര്യങ്ങൾ.
ഓർമ്മ, അനുഭവം എന്ന വിഭാഗത്തിലാണ് പുസ്തകത്തെ പെടുത്തിയിരിക്കുന്നതെങ്കിലും ഈ വിഭാഗങ്ങളിൽ പെടാത്ത നാലഞ്ചു ലേഖനങ്ങളെങ്കിലും ഈ പുസ്തകത്തിന്റെ ഭാഗമാണ് എന്നത് ഒരു ന്യൂനതയായി എനിക്ക് തോന്നി. 'ആത്മാവിനുള്ളിൽ ലില്ലിപ്പൂക്കൾ വിരിയുമ്പോൾ', 'കാമനകളാൽ നിഷ്കാസിതനായവൻ - ഖൈസ്....', പെരുവഴികൾ വീതം വെക്കുന്നവർ, മരുഭൂമിയിലെ ജിപ്സികൾ തുടങ്ങിയവ ഉദാഹരണം. ഈ ലേഖനങ്ങളെല്ലാം തന്നെ നല്ല നിലവാരം പുലർത്തുന്നവയാണ് എന്നതിൽ തർക്കമില്ല. പക്ഷെ മറ്റൊരു പുസ്തകത്തിലായിരുന്നേനെ അവയ്ക്ക് കൂടുതൽ ഉചിതമായ ഇടം.
ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചവയാണ് ഇതിലെ എല്ലാ ലേഖനങ്ങളും. ഒരു പക്ഷെ
ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കാതെ ഓർമ്മകളെയും കൂടെ പൊടി തട്ടി എടുത്തിരുന്നെങ്കിൽ ഈ പുസ്തകത്തെ കൂടുതൽ സജീവമാക്കാമായിരുന്നു എന്ന് തോന്നി. പ്രസാധകർക്ക് പ്രൂഫ് റീഡിങ് ഒന്നു കൂടെ ശ്രദ്ധിക്കാമായിരുന്നു.
ആമുഖത്തിൽ എഴുത്തുകാരി കുറിക്കുന്നു. "ചല വെട്ടുവഴികൾ നമുക്ക് മാത്രമുള്ളതാണ്. ചിതറിയ ചിന്തകളുടെ ചെമ്മരിയാടുകളെയും വെച്ച് അതിലൂടെ ഒറ്റയ്ക്ക് നടക്കുമ്പോഴാണ് നരച്ചു പോയ ബാല്യവും കൗമാരവുമൊക്കെ ഓർത്തെടുത്ത്, അതിൽ വീണ്ടും വീണ്ടും വർണ്ണങ്ങൾ കോരി നിറയ്ക്കാൻ തോന്നുന്നതും. ചില അനുഭവങ്ങളാകുന്ന തവിട്ടുകുതിരകളുടെ നനുത്ത കുഞ്ചിരോമങ്ങൾ കൊണ്ട് മുഖത്ത് മൃദുവായുരസി ചില വിസ്‌മൃത സ്വപ്നങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതും."
'ഗന്ധദ്വീപുകളുടെ പാറാവുകാരി' വായനയെ ആഹ്ലാദകരമാക്കുകയും ഭാവനയെ ഉണർത്തുകയും അനുഭവങ്ങളുടെ വെളിച്ചത്തിലുള്ള ചിന്തകൾ വായനക്കാരിലേക്കെത്തിക്കുകയും ചെയ്യുന്നുണ്ട്. കഴിവുറ്റ ഒരെഴുത്തുകാരിയുടെ കൈയ്യൊപ്പുള്ളതാണ് ഈ പുസ്തകത്തിലെ ഓരോ അനുഭവക്കുറിപ്പുകളും
പോൾ സെബാസ്റ്റ്യൻ
ഗന്ധദ്വീപുകളുടെ പാറാവുകാരി - സബീന എം സാലി
പ്രസാധനം - സൈകതം ബുക്സ്
ഒന്നാം പതിപ്പ് - 78 പേജ്, വില 70 രൂപ