മുൻനിര സ്മാർട് ഫോൺ ബ്രാൻഡ് റെഡ്മിയുടെ പുതിയ നോട്ട് 12 സീരീസ് ഇന്ത്യയിലെത്തി. റെഡ്മി നോട്ട് 12 5ജി, റെഡ്മി നോട്ട് 12 പ്രോ 5ജി, റെഡ്മി നോട്ട് 12 പ്രോ+ 5ജി എന്നിവയാണ് അവതരിപ്പിച്ചത്. കഴിഞ്ഞ വർഷം ഷഓമി അവതരിപ്പിച്ച റെഡ്മി നോട്ട് 11 സീരീസിന്റെ പരിഷ്കരിച്ച പതിപ്പാണിത്. 200 മെഗാപിക്സൽ സാംസങ് എച്ച്പിഎക്സ് സെൻസർ നയിക്കുന്ന ട്രിപ്പിൾ റിയർ ക്യാമറ തന്നെയാണ് നോട്ട് 12 ന്റെ ഏറ്റവും മികച്ച ഫീച്ചറുകളിലൊന്ന്.
റെഡ്മി നോട്ട് 12 5ജിയുടെ 4 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 17,999 രൂപയും 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 19,999 രൂപയുമാണ് വില. ഫ്രോസ്റ്റഡ് ഗ്രീൻ, മാറ്റ് ബ്ലാക്ക്, മിസ്റ്റിക് ബ്ലൂ കളർ ഓപ്ഷനുകളിലാണ് ഇത് വരുന്നത്. അതേസമയം, റെഡ്മി നോട്ട് 12 പ്രോ 5ജിയുടെ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 24,999 രൂപയും 8 ജിബി റാം + 128 ജിബി സ്റ്റോറേജിന് 26,999. 8 ജിബി റാം + 256 ജിബി ഉള്ള ടോപ്പ് എൻഡ് മോഡലിന് 27,999 രൂപയുമാണ് വില. ഫ്രോസ്റ്റഡ് ബ്ലൂ, സ്റ്റാർഡസ്റ്റ് പർപ്പിൾ, ഓനിക്സ് ബ്ലാക്ക് ഷേഡുകൾ തുടങ്ങി നിറങ്ങളിലാണ് ഇത് വരുന്നത്. റെഡ്മി നോട്ട് 12 പ്രോ + 5ജിയുടെ 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 29,999 രൂപയും 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 32,999 രൂപയുമാണ് വില. ആർട്ടിക് വൈറ്റ്, ഐസ്ബർഗ് ബ്ലൂ, ഒബ്സിഡിയൻ ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഈ മോഡൽ എത്തുന്നത്. മൂന്നു മോഡലുകളും ഫ്ലിപ്കാർട്ട്, ആമസോൺ, മി. കോം, മി ഹോം സ്റ്റോറുകൾ, ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകൾ വഴി ജനുവരി 11 മുതൽ വിൽപനയ്‌ക്കെത്തും. ഐസിഐസിഐ ബാങ്ക് കാർഡുകളും ഇഎംഐ ഇടപാടുകളും ഉപയോഗിച്ച് ഹാൻഡ്‌സെറ്റുകൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 1,500 രൂപ വരെ ഇളവ് ലഭിക്കും.
റെഡ്മി നോട്ട് 12 5ജി
ഡ്യുവൽ സിം (നാനോ) സ്ലോട്ടുള്ള റെഡ്മി നോട്ട് 12 5ജി ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള MIUI 13 ലാണ് പ്രവർത്തിക്കുന്നത്. 120Hz വരെ റിഫ്രഷ് റേറ്റ്, 394ppi പിക്സൽ ഡെൻസിറ്റി, 240Hz ടച്ച് സാംപിൾ റേറ്റ് എന്നിവയുള്ള 6.67- ഇഞ്ച് ഫുൾ-എച്ച്ഡി (1,080x2,400 പിക്സലുകൾ) അമോലെഡ് ഡിസ്പ്ലേയാണ് ഉള്ളത്. ഡിസ്‌പ്ലേയ്ക്ക് ഹോൾ-പഞ്ച് ഡിസൈൻ ഉണ്ട്. കോർണിങ് ഗൊറില്ല ഗ്ലാസ് 3 സംരക്ഷണവുമുണ്ട്. 6nm ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 4 ജെൻ 1 ആണ് പ്രോസസർ. ഇതോടൊപ്പം 8 ജിബി വരെ റാമും അഡ്രിനോ 619 ജിപിയു എന്നിവയുമുണ്ട്.
48 മെഗാപിക്സൽ പ്രൈമറി സെൻസറും 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും 2 മെഗാപിക്സൽ മാക്രോ സെൻസറും അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. 13-മെഗാപിക്സലിന്റേതാണ് സെല്‍ഫി ക്യാമറ. ഇത് 128 ജിബി വരെ ഓൺബോർഡ് സ്റ്റോറേജ് വാഗ്ദാനം ചെയ്യുന്നു. 33W ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി.
റെഡ്മി നോട്ട് 12 പ്രോ 5ജി
റെഡ്മി നോട്ട് 12 പ്രോ 5ജിയിൽ സാധാരണ റെഡ്മി നോട്ട് 12 5ജിയുടെ അതേ സിം, സോഫ്‌റ്റ്‌വെയർ, ഡിസ്‌പ്ലേ സവിശേഷതകൾ തന്നെയാണ്. 12 ജിബി വരെ റാമും മാലി-ജി68 ജിപിയുവും ചേർന്ന് ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 1080 ആണ് പ്രോസസർ. 50 മെഗാപിക്സൽ സോണി IMX766 സെൻസർ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ് റെഡ്മി നോട്ട് 12 പ്രോയിലുള്ളത്. 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ സെൻസറും 2 മെഗാപിക്സൽ മാക്രോ സെൻസറും ഉൾപ്പെടുന്നു. 16 മെഗാപിക്സൽ സെൽഫി സെൻസറും ഉണ്ട്. 256 ജിബി UFS 2.2 വരെയാണ് സ്റ്റോറേജ്. സീരീസിലെ മറ്റ് വേരിയന്റുകളെപ്പോലെ റെഡ്മി നോട്ട് 12 പ്രോയിലും 5,000 എംഎഎച്ച് ആണ് ബാറ്ററി. ഇത് 67W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു.
റെഡ്മി നോട്ട് 12 പ്രോ+ 5ജി സവിശേഷതകൾ
ഡ്യുവൽ സിം (നാനോ) സ്ലോട്ടുള്ള റെഡ്മി നോട്ട് 12 പ്രോ+ 5G ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള MIUI 13 ഉപയോഗിച്ച് പ്രവർത്തിക്കുന്നു. 6.67-ഇഞ്ച് ഫുൾ-എച്ച്ഡി+ (1,080x2,400 പിക്സലുകൾ) അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. മുൻ പാനലിന് കോർണിങ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണമുണ്ട്. റെഡ്മി നോട്ട് 12 പ്രോ+ 5ജിയിൽ 12 ജിബി വരെ LPDDR4X റാം, മാലി-G68 MC4 ജിപിയു എന്നിവയ്‌ക്കൊപ്പം ഒക്ടാ-കോർ 6nm മീഡിയടെക് ഡൈമെൻസിറ്റി 1080 ആണ് പ്രോസസർ.
ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) വാഗ്ദാനം ചെയ്യുന്ന 200 മെഗാപിക്സൽ സാംസങ് HPX സെൻസർ ഉൾപ്പെടെയുള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് റെഡ്മി നോട്ട് 12 പ്രോ+ 5ജിയിലുള്ളത്. കൂടാതെ 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറയും 2 മെഗാപിക്സൽ മാക്രോ ലെൻസും ഉൾപ്പെടുന്നു. 16 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. 256 ജിബി ഓൺബോർഡ് സ്റ്റോറേജുമായാണ് ഇത് വരുന്നത്. 4,980 എംഎഎച്ച് ആണ് ബാറ്ററി. 120W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു. ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് 19 മിനിറ്റിനുള്ളിൽ 100 ശതമാനം വരെ ചാർജ് ചെയ്യാം.