ന്യു യോർക്ക്: കേരള സെന്ററിന്റെ മുപ്പത്തിമൂന്നാമത് അവാര്‍ഡ് ദാന ചടങ്ങ് ഹൃദയഹാരിയായി. സ്വന്തമായി വലിയ നേട്ടങ്ങള്‍ കൈവരിക്കുകയും സമൂഹത്തിന് ഏറെ നന്മകള്‍ ചെയ്യുകയും ചെയ്ത എട്ടു പേരെ കണ്ടെത്തി അവാര്‍ഡുകള്‍ നല്‍കി ആദരിച്ചത് മലയാളി സമൂഹത്തിന് മാതൃകയും പ്രചോദനവുമായി.
അവാര്‍ഡ് കമ്മിറ്റി ചെയര്‍ ഡോ. തോമസ് ഏബ്രഹാമിന്റെ ആമുഖത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. എം.സി ഡെയ്‌സി സ്റ്റീഫനെ അദ്ദേഹം ക്ഷണിച്ചു. 1999 ലും, 2020-ല്‍ കോവിഡ് കാലത്തും മാത്രമാണ് അവാര്‍ഡ് മുടങ്ങിയതെന്ന് ഡയ്‌സി സ്റ്റീഫന്‍ പറഞ്ഞു. ഇതിനകം 185 പേര്‍ക്ക് അവാര്‍ഡുകള്‍ നല്‍കിയതായി ഡോ. തോമസ് ഏബ്രഹാം പറഞ്ഞു. ശശി തരൂര്‍, കോണ്‍ഗ്രസ് അംഗം പ്രമീള ജയ്പാല്‍ എന്നിവരൊക്കെ അതില്‍പ്പെടും. അവാര്‍ഡ് ജേതാക്കള്‍ പിന്നീട് കൂടുതല്‍ ഉയര്‍ച്ചയിലെത്തുന്നതും നമ്മള്‍ കണ്ടു.
റിയ അലക്‌സാണ്ടര്‍ ദേശീയ ഗാനങ്ങള്‍ ആലപിച്ചു.
കേരള സെന്റര്‍ പ്രസിഡന്റ് അലക്‌സ് എസ്തപ്പാന്റെ സ്വാഗതത്തിനു ശേഷം നൂപുരയുടെ പൂജാ ഡാന്‍സ് അരങ്ങേറി.
സുവനീര്‍ കമ്മിറ്റി ചെയര്‍ പി.റ്റി. പൗലോസ്, മേരി ഫിലിപ്പ്, ജി. മത്തായി, ഏബ്രഹാം തോമസ്, രാജു തോമസ് എന്നിവര്‍ സുവനീറിന്റെ കോപ്പി ജമിനി തോമസിന് നല്‍കി പ്രകാശനം ചെയ്തു.
അവാര്‍ഡ് നിര്‍ണയ രീതിയെപ്പറ്റി ഡോ. തോമസ് ഏബ്രഹാം നല്‍കിയ വിവരണത്തിനുശേഷം പബ്ലിക് സര്‍വീസിനുള്ള അവാര്‍ഡ് ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്റര്‍ കെവിന്‍ തോമസ്, ന്യൂജേഴ്‌സി ഗവണ്‍മെന്റ് ഇന്ത്യാ കമ്മീഷന്‍ ചെയര്‍മാനും വിവിധ ബോര്‍ഡുകളില്‍ അംഗവുമായ വെസ്ലി മാത്യൂസിന് സമ്മാനിച്ചു. വലിയ ഭാവിയുള്ള യുവാവാണ് വെസ്ലിയെന്ന് സെനറ്റര്‍ ചൂണ്ടിക്കാട്ടി.
ഒരു സ്റ്റേറ്റ് മഹത്തരമാകുന്നത് (ഗ്രേറ്റ്) അവിടെയുള്ള ജനങ്ങള്‍ എത്ര മഹത്തുക്കള്‍ ആണെന്നതിനെ ആശ്രയിച്ചിരിക്കുന്നു... വെസ്ലി മാത്യൂസിന് സെനറ്റര്‍ കെവിന്‍ നല്‍കിയ ബഹുമതി പത്രത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
മറുപടി പ്രസംഗത്തിൽ മറ്റുള്ളവരെ സഹായിക്കാത്ത ജീവിതം വ്യര്‍ത്ഥമാണെന്ന അടിക്കുറിപ്പോടെ മദര്‍ തെരേസായുടെ ഒരു ചിത്രം തന്റെ ഡാളസിലെ വീട്ടിലുള്ളത് വെസ്ലി മാത്യൂസ് ചൂണ്ടിക്കാട്ടി. ചെറുപ്പത്തിൽ തന്റേയും സഹോദരിയുടേയും മനസില്‍ അത് മായാത്ത ഓര്‍മയായി.
നമ്മുടെ മുന്‍ തലമുറയുടെ ത്യാഗത്തിലാണ് നമ്മുടെ ജീവിതം കെട്ടിപ്പെടുത്തിരിക്കുന്നത്. അവസരങ്ങള്‍ തേടി വന്നതിനാൽ അവര്‍ അത്രയൊന്നും സിവിക് മൈന്ഡഡ് ആയിരുന്നില്ല.
ഡാളസില്‍ ജനിച്ചുവളര്‍ന്ന താന്‍ ചെറുപ്പത്തില്‍ റേസിസം അനുഭവിച്ചിട്ടുണ്ട്. സ്‌കൂള്‍ സിസ്റ്റത്തില്‍ തെന്നെപ്പോലുള്ളവർ നാലു പേരെ അന്നുണ്ടായിരുന്നുള്ളൂ. അന്ന് എന്റെ പൈതൃകത്തെപ്പറ്റി അഭിമാനം തോന്നിയില്ല. എന്നാല്‍ പിതാവിന്റെ കൈയ്യില്‍ നിന്ന് ഇന്ത്യയെപ്പറ്റിയും കേരളത്തെപ്പറ്റിയും പുസ്തകങ്ങള്‍ വാങ്ങി വായിച്ചതോടെ ആ ചിന്താഗതി മാറി. ഇന്ത്യന്‍ പതാക വാങ്ങി അമേരിക്കന്‍ പതാകയ്‌ക്കൊപ്പം ബെഡ്‌റൂമില്‍ പ്രതിഷ്ഠിച്ചു. ഇന്നും അത് അവിടെയുണ്ട്. ഇന്ത്യന്‍ അമേരിക്കന്‍ ആണ് നാം. അതില്‍ അഭിമാനം കൊള്ളുന്നവര്‍.
താന്‍ ഇലക്ടഡ് അല്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. സെനറ്റര്‍ കെവിനും അസംബ്ലി വുമണ്‍ മിക്കേൽ സൊളാജസും ഇലക്ടഡ് ആണ്. രണ്ടു വിഭാഗത്തിന്റെയും ലക്ഷ്യം സേവനം തന്നെ. തന്റെ സമപ്രായക്കാരനായ സെനറ്റര്‍ കെവിനും വലിയ ഭാവിയുണ്ടെന്ന് വെസ്ലി പറഞ്ഞു.
ജീവകാരുണ്യ പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് ഏറ്റുവാങ്ങിയ ജോണ്‍സണ്‍ സാമുവേലിന്റെ പ്രസംഗം ഏവരുടേയും ഹൃദയങ്ങളെ സ്പര്‍ശിക്കുന്നതായി. യൂത്ത് ഫോറം അംഗം ആനി അലസ്‌കാണ്ടര്‍ അദ്ദേഹത്തെ പരിചയപ്പെടുത്തി. ജി. മത്തായി അവാര്‍ഡ് സമ്മാനിച്ചു. ജോണി സഖറിയ, വര്‍ഗീസ് ഏബ്രഹാം എന്നിവരും സന്നിഹിതരായിരുന്നു.
പതിനേഴ് വയസില്‍ അമേരിക്കയിലെത്തിയ താന്‍ 2011-ല്‍ കേരളത്തിലെത്തിയപ്പോള്‍ കാലില്ലാത്ത ഒരാളെ കണ്ടത് ജോണ്‍സണ്‍ സാമുവേല്‍ അനുസ്മരിച്ചു. അയാളുടെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ എന്ന് ആലോചിച്ചു. അമേരിക്കയിലെ കാലില്ലാത്തവര്‍ കൃത്രിമ കാലില്‍ നടക്കുന്നു. എന്തുകൊണ്ട് ഇന്ത്യയില്‍ അത് പറ്റുന്നില്ല. അങ്ങനെ ഞങ്ങള്‍ അഞ്ച് കുടുംബാംങ്ങൾ ഓരോ വര്‍ഷവും പത്ത് കാലുകള്‍ നല്‍കാന്‍ തീരുമാനിച്ചു. 2014-ല്‍ അത് തുടങ്ങി ആരെയും അറിയിച്ചില്ല. മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ പലരും അറിഞ്ഞു. അവരും സഹായിക്കാനെത്തി. ഇതുവരെ 204 പേര്‍ക്ക് കാല്‍ നല്‍കി. ഈവര്‍ഷം 100 പേര്‍ക്ക് കാല്‍ നല്കും.
ജർമ്മൻ കമ്പനിയില്‍ നിന്നു വാങ്ങുന്ന ഏറ്റവും മികച്ചതാണ് നല്‍കുന്നത്. അതിന് 2000 ഡോളര്‍ വില വരും. കാലുകള്‍ നഷ്ടപ്പെടുന്നത് കൂടുതലും വാഹനാപകടത്തിലാണ്. അതോടെ അവര്‍ ഡിപ്രഷനിലാകുന്നു. പിന്നെ ചിന്തിക്കുന്നത് ആത്മഹത്യയെപ്പറ്റിയാണ്. അതിനാല്‍ കാല്‍ നല്‍കുമ്പോള്‍ ജീവിതം ആണ് നല്‍കുന്നത്. കാലില്ലാത്തവരെ ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ അറിയിക്കണം. അവര്‍ക്ക് നാം കാല്‍ നല്‍കും.
ഇത് തന്റെ സംഘടനയൊന്നുമല്ല. അതിനാല്‍ ആര്‍ക്കും സഹായിക്കാം.
അലക്‌സ് എസ്തപ്പാന്‍ അപ്പോള്‍ തന്നെ 1000 ഡോളര്‍ നല്‍കി. കേരള സെന്ററിന്റെ സഹായവും വാഗ്ദാനം ചെയ്തു.
ബാങ്കിംഗിലോ ഷൂ നിര്‍മ്മാണത്തിലോ തനിക്ക് ഒരു പരിചയവുമില്ലായിരുന്നുവെന്ന് ബിസിനസ് ലീഡര്‍ഷിപ്പ് അവാര്‍ഡ് നേടിയ വര്‍ക്കി ഏബ്രഹാം പറഞ്ഞു. തന്റെ നേട്ടങ്ങളെല്ലാം ദൈവത്തിന്റെ അനുഗ്രഹം മാത്രമാണ്. ധാരാളം വിഷമതകള്‍ നേരിട്ടു. 2007- 8 കാലത്ത് ഹാനോവര്‍ ബാങ്ക് പ്രതിസന്ധിയിലായി. തുടര്‍ന്ന് സഹായത്തിനായി മുത്തൂറ്റ് ഫിനാന്‍സ്, ജോണ്‍ ടൈറ്റസ്, ബേബി ഊരാളില്‍, ഗീവര്‍ഗീസ് മത്തായി, മറ്റ് ചില സുഹൃത്തുക്കള്‍ എന്നിവരെ കൂടെ കൂട്ടി. അതോടെ സ്ഥിതി മാറി. ഇന്നിപ്പോള്‍ ബാങ്കിന്റെ ആസ്തി 3 ബില്യന്‍ ഡോളറാണ്. മൈനോരിറ്റി ഉടമയായ ചുരുക്കം ചില ബാങ്കുകളിലൊന്നാണ്. പത്ത് ഡോളറിന്റെ ഷെയര്‍ ഇപ്പോള്‍ 18 ഡോളറിനാണ് വില്‍ക്കുന്നത്. അതുപോലെ സ്‌മോള്‍ ബിസിനസ് ലോണ്‍ (എസ്.ബി.എ) നല്‍കാനുള്ള അനുമതിയും ലഭിച്ചു.
ലതര്‍ ബിസിനസിലെ പ്രമുഖ കമ്പനിയാണ് തന്റെ ഉടമസ്ഥതയിലുള്ള വി.എ സ്മിത്ത്. ഏറ്റവും നല്ല ലതര്‍ കിട്ടുന്നത് ദക്ഷിണേന്ത്യയിലാണെന്നത് രഹസ്യമാണ്. അത് കൂടുതലും ഇറ്റലിയിലേക്ക് കയറ്റി പോകുന്നു.
ഇന്നിപ്പോള്‍ തന്റെ സ്ഥാപനങ്ങള്‍ക്ക് ശക്തമായ പിന്‍ബലമുണ്ട്. എല്ലാം ദൈവാനുഗ്രഹം കൊണ്ട് മാത്രം. എല്ലാ നേട്ടങ്ങളും 104 വയസുള്ള അമ്മയ്ക്കും ഭാര്യ സൂസിക്കും സമര്‍പ്പിക്കുന്നു. അതുപോലെ ബന്ധുമിത്രാദികള്‍ക്കും ജീവനക്കാര്‍ക്കും.
ജീവിതം ഒരു യാത്രയാണ്. അതിനാല്‍ സുഖകരമായ ഷൂ ധരിക്കണം- കൂട്ടച്ചിരിക്കിടയില്‍ അദ്ദേഹം പറഞ്ഞു.
യൂത്ത് ഫോറം സെക്രട്ടറി സാമുവേല്‍ ജോസഫ് വര്‍ക്കി ഏബ്രഹാമിനെ പരിചയപ്പെടുത്തി. സെനറ്റര്‍ കെവിന്‍ തോമസും അസംബ്ലി വുമണ്‍ മിഷേല്‍ സൊലാജസും ചേര്‍ന്ന് അവാര്‍ഡ് സമ്മാനിച്ചു.
ലിറ്റററി അവാര്‍ഡ് നേടിയ സാംസി കൊടുമണ്ണിനെ മനോഹര്‍ തോമസ് പരിചയപ്പെടുത്തി. അമേരിക്കയിലെ അടിമ വ്യവസ്ഥിതിയെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ നോവല്‍ ഇപ്പോള്‍ ഇ-മലയാളി ഖണ്ഡശ്ശയായി പ്രസിദ്ധീകരിക്കുന്നു. പി.റ്റി. പൗലോസ്, ഡോ. തെരേസ ആന്റണി, ഫിലിപ്പ് മഠത്തില്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഏബ്രഹാം ഫിലിപ്പ് അവാര്‍ഡ് സമ്മാനിച്ചു.
തനിക്ക് മുന്നേ 31 എഴുത്തുകാര്‍ക്ക് ഈ അവാര്‍ഡ് ലഭിച്ചെന്ന് മറുപടി പ്രസംഗത്തില്‍ സാംസി ചൂണ്ടിക്കാട്ടി. ഇനിയും ധാരാളം പേര്‍ വരാനുണ്ട്. അവര്‍ക്കായി വേദിയൊരുക്കുന്നത് മഹത്തായ കാര്യമാണ്. മലയാളി മറ്റൊരാളെ അംഗീകരിക്കാത്ത കാലത്ത് അവരെ അംഗീകരിക്കാനുള്ള കേരള സെന്ററിന്റെ നടപടി അഭിനന്ദനമര്‍ഹിക്കുന്നു. ഇതിലൂടെ നിങ്ങളും ആദരിക്കപ്പെടുന്നു.
ഭഗവാന്‍ കൃഷ്ണന്‍ പറഞ്ഞത് നിഷ്‌കാമ കര്‍മം ചെയ്യാനാണ്. എപ്പോഴെങ്കിലും അംഗീകാരം വരും. 40 വര്‍ഷം മുമ്പ് താന്‍ എഴുതാന്‍ തുടങ്ങിയതാണ്. അംഗീകാരമൊന്നും പ്രതീക്ഷിച്ചല്ല അത്.
മൂന്നാം തലമുറയിലെത്തി നില്‍ക്കുന്ന പ്രവാസി മലയാളി സമൂഹത്തെ സ്വയം വിലയിരുത്തേണ്ട കാലമായെന്നും സാംസി ചൂണ്ടിക്കാട്ടി.
പെര്‍ഫോമിംഗ് ആര്‍ട്‌സ് രംഗത്തുള്ള സംഭാവനയ്ക്ക് അവാര്‍ഡ് ലഭിച്ച ഡോ. സുനന്ദ നായരെ ഡോ. ബൻജി തോമസ് പരിചയപ്പെടുത്തി. ഡോ. ഉണ്ണി മൂപ്പനും, ആഷാ രമേഷും ചേര്‍ന്ന് അവാര്‍ഡ് സമ്മാനിച്ചു.
ഡല്‍ഹിയില്‍ നിന്ന് താന്‍ രാവിലെ വന്നതേയുള്ളുവെന്ന് ഡോ. സുനന്ദ നായര്‍ പറഞ്ഞു. അവിടെ സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ നടന്ന അന്താരാഷ്ട്ര ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ പോയതാണ്. അമേരിക്കയില്‍ നിന്നു ക്ഷണിച്ച രണ്ടുപേരില്‍ ഒരാളായിരുന്നു താന്‍.
2005-ല്‍ അമേരിക്കയിലേക്ക് വരുമ്പോള്‍ മുംബൈയില്‍ ലക്ചററായിരുന്നു. ഇന്ത്യന്‍ കലകൾക്ക്, പ്രത്യേകിച്ച് മോഹിനിയാട്ടത്തിനു, അമേരിക്കയില്‍ പ്രസക്തിയോ ആരാധകരോ ഇല്ലെന്നായിരുന്നു ധാരണ. അതിനാല്‍ വരാന്‍ മടിയായിരുന്നു.
എന്നാല്‍ താന്‍ താമസമുറപ്പിച്ച ന്യൂ ഓര്‍ലിയന്‍സില്‍ നൃത്തം അവതരിപ്പിക്കാനും കുട്ടികളെ പഠിപ്പിക്കാനും അവസരം കിട്ടിയപ്പോള്‍ സന്ദേഹമൊക്കെ മാറി. കത്രീന മൂലം ന്യൂ ഓര്‍ലിയന്‍സില്‍ നിന്നു ഹൂസ്റ്റണിലേക്ക് മാറി. അവിടെ പഠിക്കുന്ന കുട്ടികളുടെ മികവും അര്‍പ്പണ ബോധവും പ്രതീക്ഷയ്ക്കപ്പുറമായിരുന്നു. നാട്ടിലുള്ളവർക്കൊപ്പമോ അതിലും മികച്ചവരോ ആണവർ. തന്റെ കലാപ്രവര്‍ത്തനത്തിന് കേരള സെന്റര്‍ നല്‍കിയ ആദരവിനും അവര്‍ നന്ദി പറഞ്ഞു.
ലീഗല്‍ സര്‍വീസിന് അവാര്‍ഡ് നേടിയ ഹാഷിം മൂപ്പനെ സാമന്ത ജോസഫ് പരിചയപ്പെടുത്തി. അറ്റോർണി അപ്പൻ മേനോൻ അവാർഡ് സമ്മാനിച്ച്. ഭാവിയിൽ ഒരു സുപ്രീം കോടതി ജഡ്‌ജിയാവാൻ അർഹനാണ് ഹാഷിം എന്ന് അദ്ദേഹം പറഞ്ഞു.
ആദരവിന് നന്ദി പറഞ്ഞ ഹാഷിം മൂപ്പൻ, മാതാപിതാക്കൾ നൽകിയ പ്രചോദനവും ആത്മവിശ്വാസവും എടുത്തു പറഞ്ഞു. വീട്ടുകാരേയും നാട്ടുകാരേയും പിരിഞ്ഞ് അര നൂറ്റാണ്ട് മുമ്പ് തന്റെ മാതാപിതാക്കള്‍ ഇവിടെ വന്നതിനാലാണ് തനിക്ക് ഈ ഭാഗ്യങ്ങള്‍ ഉണ്ടായത്.
അവാർഡിന് പ്രത്യേക നന്ദിയുണ്ട്. അറ്റോർണിമാരെ ആരും ആദരിക്കില്ല എന്നാണ് അമ്മ പറഞ്ഞത്.
അമേരിക്കയെ എന്തുകൊണ്ടാണ് റിപ്പബ്ലിക് എന്നു പറയുന്നതെന്നും, ഡമോക്രസി എന്നു പറയാത്തതെന്നും വിശദീകരിക്കണമെന്ന് അമ്മ പറഞ്ഞു. എന്തായാലും അതിന് ഞാന്‍ മുതിരുന്നില്ല. എല്ലാവര്‍ക്കും ഒരിക്കല്‍കൂടി നന്ദി.
നഴ്‌സിംഗ് ലീഡര്‍ഷിപ്പിന് അവാര്‍ഡ് നേടിയ സുജ തോമസിനെ ഡോ. അന്ന ജോര്‍ജ് പരിചയപ്പെടുത്തി. മേരി ഫിലിപ്പിന്റെ സാന്നിധ്യത്തില്‍ അസംബ്ലി വുമണ്‍ സൊലാജസും ഡോ. ഉണ്ണി മൂപ്പനും ചേര്‍ന്ന് അവാര്‍ഡ് സമ്മാനിച്ചു.
കേരള സെന്ററിന് നന്ദി പറഞ്ഞ സുജ തോമസ് നഴ്‌സിംഗ് എന്നാല്‍ ഒരു ജോലി മാത്രമല്ല ഒരു സമര്‍പ്പണം കൂടിയാണെന്ന് ചൂണ്ടിക്കാട്ടി. ഈ ജോലിയോടുള്ള താത്പര്യവും അര്‍പ്പണബോധവും ആണ് നഴ്‌സുമാരെ വ്യത്യസ്തരാക്കുന്നത്. വലിയ ഉത്തരവാദിത്വവും ഏറെ അഭിമാനം പകരുന്നതുമാണ് ഈ ജോലി. 'നൈന'യുടെ പ്രസിഡന്റ് എന്ന നിലയിലും തികച്ചും അഭിമാനത്തോടെയാണ് താനിവിടെ നില്‍ക്കുന്നത്. തനിക്ക് വ്യക്തിപരമായി ലഭിച്ച ഒരു അവാര്‍ഡ് എന്നതിലുപരി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള ഒരു അംഗീകാരമായി ഇതിനെ താന്‍ കാണുന്നു. ഓരോ രോഗികള്‍ക്കും മികച്ച സേവനം നല്‍കാനുള്ള ഉത്തരവാദിത്വമാണ് ഓരോ നഴ്‌സുമാര്‍ക്കുമുള്ളത്- സുജ തോമസ് ചൂണ്ടിക്കാട്ടി.
ഈ മേഖലയിൽ സേവിക്കാൻ കഴിഞ്ഞത് ഒരു പദവിയാണ്. നാഷണൽ അസോസിയേഷന്റെ പ്രസിഡന്റ് എന്ന നിലയിൽ സംഘടനയെ പ്രതിനിധീകരിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു.
ആൽബനിയിൽ അടുത്തിടെ വിജയകരമായ ദ്വിവത്സര സമ്മേളനം സംഘടന നടത്തി. ടീമിൻ്റെ പരിശ്രമവും സംഭാവനയും ഇല്ലാതെ ഇത് സാധ്യമാകുമായിരുന്നില്ല. അതിനാൽ ഇത് വ്യക്തിഗത പ്രയത്നത്തിൻ്റെ പ്രതിഫലനമല്ല, മറിച്ച് നഴ്‌സിംഗ് തൊഴിൽ നവീകരിക്കാൻ ശ്രമിക്കുന്ന നിരവധി വ്യക്തികളുടെയും സംഘടനകളുടെയും കൂട്ടായ കഠിനാധ്വാനവും അഭിനിവേശവുമാണ്. കാര്യക്ഷമമായ പ്രൊഫഷണലുകൾ നൽകേണ്ട ഏറ്റവും ഉയർന്ന പരിചരണം ഓരോ രോഗിക്കും ആവശ്യമാണെന്ന് ഉറപ്പാക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ ഇത് അടയാളപ്പെടുത്തുന്നു.
ആരോഗ്യ സംരക്ഷണത്തിൻ്റെ വെല്ലുവിളികളെ നേരിടാൻ നമുക്ക് ഐക്യത്തോടെ നിലകൊള്ളാം. ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള നമ്മുടെ വിദ്യാഭ്യാസവും അവബോധവും പ്രോത്സാഹിപ്പിക്കുന്നതിന് ആരോഗ്യപരിപാലന നയങ്ങൾ മെച്ചപ്പെടുത്താൻ നമുക്ക് ഒരുമിച്ച് ശ്രമിക്കാം. നമ്മുടെ എല്ലാവരുടെയും ആരോഗ്യകരമായ ഭാവി രൂപപ്പെടുത്തുന്നതിൽ ഒരു സമൂഹമെന്ന നിലയിൽ നമ്മുടെ പ്രവർത്തനം പ്രധാനമാണ്.
കമ്യുണിറ്റി സർവീസ് അവാർഡ് നേടിയ സിബു നായരെ ജോയൽ തോമസ് പരിചയപ്പെടുത്തി. സെനറ്റർ കെവിൻ തോമസും അസംബ്ലിവുമൻ മൈക്കേൽ സോളജാസും ചേർന്ന് അദ്ദേഹത്തിന് അവാർഡ് സമ്മാനിച്ചു. കോശി തോമസ്, തോമസ് ജോയി എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
കേരള സെന്ററിന്റെ മൂന്ന് പതിറ്റാണ്ടത്തെ സേവനം എടുത്തു പറഞ്ഞ സിബു നായർ നമ്മുടെ സമൂഹത്തിനു അതുവഴി ഉണ്ടായ നേട്ടങ്ങളും ചൂണ്ടിക്കാട്ടി. ഗവർണറുടെ ഓഫീസിൽ തന്റെ പ്രവർത്തനങ്ങൾ ഏഷ്യൻ സമ്മോഹത്തെ ലക്ഷ്യമിട്ടാണ്. ആരോഗ്യം, വിദ്യാഭ്യാസം, ചെറുകിട ബിസിനസ് തുടങ്ങിയ രംഗങ്ങളിലൊക്കെ ഏഷ്യൻ സമൂഹം മുന്നേറുന്നതിനുള്ള പ്രവർത്തനങ്ങളാണ് കൂടുതലായും ശ്രദ്ധിക്കുന്നത്-അദ്ദേഹം പറഞ്ഞു.
സെനറ്റർ കെവിൻ തോമസ്, അസംബ്ലിവുമൻ സോളജസ്, മുൻ സെനറ്റർ അന്നാ കപ്ലാൻ എന്നിവരെ കേരള സെനറ്റർ പ്രത്യേക അവാർഡ് നൽകി ആദരിച്ചു. കേരള സെന്റർ ഡയറക്റാർ ബോർഡ് ചെയർ ഡോ. മധു ഭാസ്കർ അവരുടെ സേവനങ്ങൾ വിവരിച്ചു. ഇന്ത്യൻ സമൂഹത്തിന്റെ നന്ദി അറിയിക്കുന്നതിനാണ് ഈ ആദരം.
ഡോ. തോമസ് എബ്രഹാം, അലക്സ് എസ്തപ്പാൻ എന്നിവർ അവാർഡുകൾ സമ്മാനിച്ചു. ബിജു ചാക്കോ, അജിത് കൊച്ചൂസ് എന്നിവർ സന്നിഹിതരായിരുന്നു.
നൂപുര ഡാൻസ് അക്കാദമിയുടെ നൃത്തത്തിന് ശേഷം കേരള സെന്റർ സെക്രട്ടറി രാജു തോമസ് നന്ദി പറഞ്ഞു.
ഡിന്നറോടു കൂടി ചടങ്ങുകൾ സമാപിച്ചു.