ദുബൈ: ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ (ദീവ) ‘വെർച്വൽ ജീവനക്കാര’നായ റമ്മാസ് ഇതുവരെ മറുപടി നൽകിയത് 68 ലക്ഷം അന്വേഷണങ്ങൾക്ക്. നിർമിത ബുദ്ധിയുടെ സഹായത്തോടെയാണ് റമ്മാസ് എന്ന റോബോട്ടുകളുടെ അതിവേഗ മറുപടികൾ. റമ്മാസിന്റെ പ്രവർത്തനം തുടങ്ങിയ 2017 മുതൽ ഇതുവരെയുള്ള കണക്കാണിത്.
റമ്മാസ് സജീവമായതോടെ ദീവയുടെ ഓഫിസുകൾ നേരിട്ട് സന്ദർശിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഇംഗ്ലീഷ്, അറബി ഭാഷകളിലെ ചോദ്യങ്ങൾക്കെല്ലാം റമ്മാസ് 24 മണിക്കൂറും മറുപടി നൽകുന്നുണ്ട്. എഴുതിയോ ശബ്ദമായോ വിവരങ്ങൾ അന്വേഷിക്കാം. സാധാരണ ജീവനക്കാരൻ നൽകുന്ന എല്ലാ സേവനങ്ങളും അതിനേക്കാൾ വേഗത്തിൽ നിർവഹിക്കാൻ കഴിയുന്നു. ഉപഭോക്താവിന് എന്താണ് ആവശ്യമുള്ളതെന്ന് കണ്ടറിഞ്ഞ് പ്രവർത്തിക്കാൻ റമ്മാസിന് കഴിയുന്നുണ്ട്. 200ഓളം സേവനങ്ങളാണ് റമ്മാസ് നൽകുന്നത്. വൈദ്യുതി-ജല വിതരണ അന്വേഷണങ്ങൾ, ബിൽ അടക്കൽ, സുസ്ഥിരതക്ക് വേണ്ടിയുള്ള ടിപ്സുകൾ എല്ലാം റമ്മാസിൽനിന്ന് ലഭിക്കും.
ദീവയിലെ ജോലി ഒഴിവുകളെ കുറിച്ചും ചോദിക്കാം. വൈദ്യുതി ആക്ടിവേഷൻ, ഡി ആക്ടിവേഷൻ അപേക്ഷകൾക്കും റമ്മാസ് മറുപടി നൽകും. പേപ്പർ രഹിത സർക്കാർ സേവനങ്ങൾ എന്ന ലക്ഷ്യത്തിന് ദീവയെ സഹായിച്ചതിൽ റമ്മാസിനും വലിയ പങ്കുണ്ട്. ദീവയുടെ സ്മാർട്ട് ആപ് വഴിയും വെബ്സൈറ്റ് വഴിയും റമ്മാസിന്റെ സേവനങ്ങൾ അഭ്യർഥിക്കാം. ഇതിന് പുറമെ ദീവയുടെ ഫേസ്ബുക്ക് പേജ്, ആമസോൺ അലക്സ, ഗൂഗ്ൾ ഹോം, റോബോട്ട്സ് എന്നിവയിലൂടെയും റമ്മാസിലെത്താം. 046019999 എന്ന നമ്പറിൽ വാട്സ്ആപ് ബിസിനസ് പ്ലാറ്റ്ഫോമിലും ഈ സേവനം ലഭ്യമാണ്.