ദോഹ: പുതിയ ക്രൂസ് സീസണിന് ശക്തമായ തുടക്കംകുറിച്ചതോടെ ക്രൂസ് ടൂറിസം മേഖല കോവിഡ് മഹാമാരിക്ക് മുമ്പുള്ള നിലയിലേക്ക് സാവധാനം മടങ്ങിയെത്തുകയാണെന്ന് ഖത്തർ ടൂറിസം വ്യക്തമാക്കി. 2021-2022 സീസണിലെ തിരിച്ചുവരവിന് ശേഷം ക്രൂസ് വിനോദസഞ്ചാരം ഖത്തറിന്റെ വിനോദസഞ്ചാരമേഖലക്ക് പുത്തനുണർവ് സമ്മാനിച്ചിട്ടുണ്ട്. ‘മഹാമാരിക്കുശേഷം ക്രൂസ് ടൂറിസം പതുക്കെ തിരിച്ചുവരുകയാണ്. ഇനിയും പാലിക്കേണ്ട മാർഗനിർദേശങ്ങളും മാനദണ്ഡങ്ങളും നിലവിലുണ്ട്. കൂടുതൽ നടപടികൾ ഇനിയും പൂർത്തിയാക്കാനുണ്ടെന്നും ഖത്തർ ടൂറിസം പ്രോജക്ട് സപ്പോർട്ട് മേധാവി മർയം സഈദ് പെനിൻസുല പത്രത്തോട് പറഞ്ഞു.
കോവിഡ് പകർച്ചവ്യാധിയെ തുടർന്ന് ക്രൂസ് സീസൺ നിർത്തിയിരുന്നു. പക്ഷേ, കപ്പലിലെ യാത്രക്കാരും പ്രാദേശിക സമൂഹവും സുരക്ഷിതരാണെന്ന് ഉറപ്പാക്കാൻ പൊതുജനാരോഗ്യ മന്ത്രാലയവും ഞങ്ങളുടെ പങ്കാളികളും ഒത്തുചേർന്ന് പ്രവർത്തിച്ച് അതിനെയെല്ലാം മറികടന്നു. ഇപ്പോൾ ഞങ്ങൾക്ക് ക്രൂസ് പ്രോട്ടോകോൾ നിലവിലുണ്ട്. ആരോഗ്യമന്ത്രാലയം അത് പ്രഖ്യാപിക്കുകയും അംഗീകരിക്കുകയും ചെയ്തിരിക്കുന്നു-മർയം സഈദ് കൂട്ടിച്ചേർത്തു.
ഈ ക്രൂസ് സീസൺ ഞങ്ങളുടെ ക്രൂസ് ലൈനറുകളുടെ വിപുലീകരണത്തോടെ ശക്തമായ തുടക്കം കുറിച്ചിരിക്കുകയാണ്. ഞങ്ങളുടെ ടൂറിസം വളർച്ചക്കും വൈവിധ്യവത്കരണത്തിനും ഇത് സാക്ഷ്യമാണെന്നും അവർ ചൂണ്ടിക്കാട്ടി. ഡിസംബർ മുതൽ ഇറ്റലിയിൽനിന്നും റഷ്യയിൽനിന്നുമായി എണ്ണായിരത്തിലധികം സന്ദർശകരെ ഖത്തർ സ്വാഗതം ചെയ്തിട്ടുണ്ട്. കഴിഞ്ഞവർഷം ഡിസംബറിൽ ലെ ബോഗൻവില്ലെ, എം.എസ്.സി വേൾഡ് യൂറോപ്പ എന്നീ രണ്ട് ക്രൂസ് കപ്പലുകൾ ഖത്തറിലെത്തിയതായും അവർ വിശദീകരിച്ചു.
ഈവർഷം ജനുവരിയിൽ ആദ്യ രണ്ടാഴ്ചകളിൽ മാത്രം നിരവധി ക്രൂസ് കപ്പലുകളാണ് വിനോദസഞ്ചാരികളുമായി ദോഹ തുറമുഖത്ത് നങ്കൂരമിട്ടത്. ആകെ 58 ക്രൂസ് കപ്പലുകളും നാല് ക്രൂസ് ലൈനറുകളുടെ കന്നിയാത്രയും ഈ സീസണിൽ ഖത്തറിലെത്തുമെന്ന് മവാനി ഖത്തർ പറഞ്ഞു. ക്രൂസ് സീസൺ അവസാനിക്കുന്ന ഏപ്രിൽ മാസത്തോടെ മവാനി ഖത്തറും ഖത്തർ ടൂറിസവും രണ്ടുലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. മുൻസീസണിൽ ഇത് 1,00,500 യാത്രക്കാരായിരുന്നു.
ലോകകപ്പ് സമയത്ത് തുറമുഖത്ത് നങ്കൂരമിട്ട ക്രൂസ് കപ്പലുകളിലേക്ക് തദ്ദേശവാസികൾക്ക് ഡേ പാസ് ലഭിക്കാൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന്, ഇതുമായി ബന്ധപ്പെട്ട കരാർ സുപ്രീംകമ്മിറ്റിയുമായിട്ടായിരുന്നെന്നും ഖത്തർ ടൂറിസത്തിന് അതിൽ പങ്കില്ലെന്നുമായിരുന്നു മർയം സഈദിന്റെ മറുപടി. എം.എസ്.സി വേൾഡ് യൂറോപ, എം.എസ്.സി ഒപ്പേറ, എം.എസ്.സി പോയ്സിയ എന്നീ മൂന്ന് ഭീമൻ കപ്പലുകളാണ് ഫ്ളോട്ടിങ് ഹോട്ടലുകളായി ലോകകപ്പിന് വേണ്ടി ഖത്തർ തുറമുഖത്ത് നങ്കൂരമിട്ടത്.