പ്രണയിച്ചവര്‍ക്കൊക്കെയറിയാം
അവര്‍ പ്രണയിക്കുകയായിരുന്നില്ലെന്ന്.
ഓറഞ്ച് അല്ലിയടര്‍ത്തി തിന്നുന്നതായി
അവരതിന്‍റെ മധുരവും പുളിപ്പും രുചിച്ചു.
അതായിരുന്നു അതിന്‍റെ ആസ്വാദ്യത.
പ്രണയിച്ചവരൊക്കെയറിയും
അവര്‍ ഭ്രാന്തരാവുകയായിരുന്നുവെന്ന്.
ഭ്രാന്ത് കൂടുമ്പോളവരെ ലോകം
ചങ്ങലയ്ക്കിടുന്നതാവും.
ആ ചങ്ങലയില്‍ക്കറങ്ങി ലോകമറിയുക
എന്നതായി പ്രണയം.
പ്രണയിച്ചവരറിയുമോ
പ്രണയകാലത്തവര്‍
ഭൂമിയിലേയല്ലായിരുന്നുവെന്ന്?
അവരുടെ ചിറകുകളൊട്ടും ഭൗമമായിരുന്നില്ല.
അവര്‍ നിലാവായിപ്പറന്നു.
നിഴലായി നക്ഷത്രങ്ങളില്‍ വീണു.
വീണത് ഭൂമിയിലെന്നറിയാത്തതായിരുന്നു
അവരുടെ പ്രണയം.
പ്രണയിച്ചവരൊക്കെയുമറിഞ്ഞേ തീരൂ
പ്രണയമെന്നത് അവസാനത്തെ
വേര്‍പാടാണെന്ന്.
ആ വേര്‍പാടില്‍ ചിലര്‍ കുയിലുകളായി.
ചിലര്‍ കാക്കകളും.
പലര്‍ക്കും തൊണ്ടയടഞ്ഞു.
അടഞ്ഞ തൊണ്ടയിലെ
സ്വരവിന്യാസങ്ങളായി പിന്നെന്നും
അവരറിയാത്ത പ്രണയം.
Mob.9496421481

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.