എല്ലാ ആഴ്ചയും മനുഷ്യരെക്കുറിച്ചാണല്ലോ ഗവേഷണം, എന്നാലിന്ന് ഒന്നു മാറ്റിപ്പിടിക്കുകയാണ്. കബാലി മുതൽ മഞ്ഞുമ്മലിലെ പൂവൻകോഴി വരെ എന്നാണ് എഴുതാനിരുന്നപ്പോൾ ലാപ്ടോപ്പിലേക്കു കുടഞ്ഞുവീണ തലക്കെട്ട്!
‘കബാലി ഡാ’ എന്ന സൂപ്പർഹീറോ രജനീകാന്തിന്റെ ഡയലോഗ് ഓർമ്മിപ്പിക്കുംവിധമാണ് ആതിരപ്പള്ളി മലക്കപ്പാറ റോഡിൽ ഒരു കൊമ്പൻ നിലകൊള്ളുന്നത്. അവന്റെ പേരും കബാലി തന്നെ. അറിഞ്ഞിട്ട പേര്! കുറേദിവസം തെരുവുനായകളായിരുന്നു കേരളത്തിന്റെ അന്തിച്ചർച്ചയിൽ കുരച്ചു നിന്നതെങ്കിൽ, ഗവർണർ-ഗവൺമെന്റ് പോരു തുടങ്ങിയപ്പോൾ അന്തിചർച്ചക്കാർ അതിനു പിന്നാലെ പോയി. ഒരിക്കൽ സ്റ്റാർഡം നഷ്ടമായാൽ അതു തിരിച്ചുപിടിക്കാൻ വല്യ പാടാണ്. അതിന്റെ ഭാഗമായി മലപ്പുറത്ത് ഒരു കൊച്ചു കുഞ്ഞിനെ ഓടിച്ചിട്ടു കടിച്ചു നോക്കിയിട്ടും രക്ഷയില്ല. ചുമ്മാ നാട്ടുവാർത്തയിൽ പറഞ്ഞങ്ങുപോയതല്ലാതെ തെരുവുനായകൾ അടക്കിവാഴുന്ന തെരുവുകൾ എന്ന മട്ടിൽ വെണ്ടക്ക നിരത്താൻ ദിനപത്രങ്ങളോ ലൈവ് സംഘടിപ്പിക്കാൻ ചാനലുകളോ മെനക്കെട്ടില്ല. അപ്പോഴാണ്, കബാലിക്കു മദം പൊട്ടിയത്. ആനയാണ്, കൊമ്പനാണ്, കാട്ടാനയാണ്, അല്ലാതെ ബ്രഹ്മചാരിയല്ല, മദം പൊട്ടേണ്ട സമയത്ത് അതങ്ങ് പൊട്ടും. പിന്നെ പ്രാന്താണ്. അവൾ വരണം. അവൾ എങ്ങനെ വരും, മദഗന്ധം കാറ്റിൽ അലിഞ്ഞ്, കാട്ടിലൂടെ സഞ്ചരിച്ച് അവളെ മദിപ്പിച്ച്, അവനിലേക്ക് അവളെ എത്തിക്കണം. പക്ഷേ, അവൻ ആതിരപ്പള്ളിക്കാരനാണ്. ഹൈവേയ്ക്കരികിൽ ആണ് താമസമെന്നു മേനി പറഞ്ഞിട്ടെന്തു കാര്യം, പെണ്ണുകിട്ടാൻ, സദാ വാഹനങ്ങൾ കുത്തിച്ചെലുത്തി പായുന്ന ആ തിരക്കിട്ട റോഡും കടന്ന് ഒരു മദഗന്ധവും എങ്ങും എത്തില്ല! അഥവാ എത്തിയാലും, പെട്രോളും ഡീസലും സമം മണക്കുന്ന വിചിത്ര മദഗന്ധം അവളെ വ്രീളാവിവശയാക്കുകയുമില്ല. അപ്പോൾ പിന്നെ കബാലി എന്തു ചെയ്യും? കുത്തിക്കീറും. അത്ര തന്നെ. അതാണിപ്പോൾ കബാലി ചെയ്യുന്നതും. ചെന്നീരും ഒലിപ്പിച്ചു, ശക്തമായ വേദനയും അസ്വസ്ഥതയും സഹിച്ച് അവൻ ക്ഷമകെട്ടിരിക്കുന്നു. അതിനാൽ, കബാലിയോടു ഏറ്റുമുട്ടാൻ നിൽക്കണ്ട, പണി പാളും. ഇതു രണ്ടും മനസ്സിലാക്കാം, എന്നാലാ കോഴിക്ക് എന്താവും പറ്റിയത്?
ഏതു കോഴി എന്നല്ലേ? മഞ്ഞുമ്മലിലെ ആ കൊത്തു കോഴി, അതിന് ഇത് എന്തിന്റെ കേടാ? ഒരു രണ്ടു വയസ്സുകാരനെ കൊത്തിക്കീറാൻ ആ കോഴിക്ക് എന്താവും പ്രേരണ നൽകിയത്? സാധാരണ ഗതിയിൽ പിടകളെ അണിയാക്കി, കൂടുതൽ കളിച്ചാൽ നാളെ രാവിലെ ഞാൻ കൂകത്തില്ല, അതോടെ നിനക്കൊക്കെ വെട്ടോം വെളിച്ചോം തരുന്ന സൂര്യനെ പിന്നെ കാണാൻ കിട്ടത്തില്ല എന്നൊക്കെ കൊക്കി കൊക്കി പറയുന്ന, കൂടുതൽ കളിച്ചാൽ ഉച്ചക്ക് നല്ല ചാപ്സ് ആകേണ്ട കോഴിയാണ് ആകെ പേപിടിച്ച പോലെ കുഞ്ഞിനെ കൊത്തി പരിക്കേൽപ്പിച്ചത്.
ഏതായാലും പറഞ്ഞു വരുന്നത് ഇതാണ്, മനുഷ്യർ അല്പം സൂക്ഷിക്കുന്നതു നല്ലതാണ്. പക്ഷിമൃഗാദികളും പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു. കാലത്തിന്റെ ഒരു മാറ്റം, അല്ലാതെന്താ....