advertisement
Skip to content

ഓപ്ഷന്‍ ട്രേഡിങ്ങില്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

ഓപ്ഷന്‍ ട്രേഡിങ്ങിന് ഇറങ്ങുന്നവര്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ എന്തൊക്കെയെന്ന് ചുവടെ കാണാം.

ഓഹരി വിപണിയില്‍ നിന്നും വരുമാനം നേടാനുള്ള മാര്‍ഗങ്ങളില്‍ ഒന്നാണ് ഓപ്ഷന്‍ ട്രേഡിങ്. എന്നാല്‍ ഓപ്ഷന്‍ ട്രേഡിങ്ങിന് ഇറങ്ങുന്ന 80 ശതമാനം ആളുകളും മുഴുവന്‍ പണവും നഷ്ടപ്പെടുത്താറാണ് പതിവ്.

  1. നോട്ടം 'ഡീപ്പ് ഔട്ട് ഓഫ് ദി മണി' (Deep Out-Of-The-Money) ഓപ്ഷനുകളിലേക്ക്

വില കുറവെന്ന് കണ്ട് 'ഡീപ്പ് ഔട്ട് ഓഫ് ദി മണി' ഓപ്ഷനുകള്‍ വാങ്ങുന്നതാണ് ട്രേഡര്‍മാര്‍ ചെയ്യുന്ന പ്രധാന തെറ്റ്. ഇവിടെ ഒരു ഉദ്ദാഹരണം പറയാം. എസ്ബിഐയുടെ ഓഹരി വില 530 രൂപയാണെങ്കില്‍ 540 രൂപയുടെ കോള്‍ ഓപ്ഷന് 7 രൂപയായിരിക്കും. ഇതേസമയം, 700 രൂപയുടെ കോള്‍ ഓപ്ഷന് വില 1.25 രൂപയുമാണെന്നും കാണാം.

എസ്ബിഐയുടെ ഓഹരി വില 700 രൂപ പിന്നിടാനുള്ള സാധ്യത വിരളമായതുകൊണ്ടാണ് 700 രൂപയുടെ കോള്‍ ഓപ്ഷന് നിസാരവില. കുറച്ചുകൂടി ലളിതമായി പറഞ്ഞാല്‍ പിഇ അനുപാതം കുറഞ്ഞ പെന്നി ഓഹരികള്‍ക്ക് സമാനമാണ് 'ഡീപ്പ് ഔട്ട് ഓഫ് ദി മണി' ഓപ്ഷനുകള്‍. അക്ഷരാര്‍ത്ഥത്തില്‍ ഇവ കെണികളായി മാറാം.

  1. ഓപ്ഷനുകള്‍ കാലഹരണപ്പെടുന്ന ആസ്തി

ഇന്‍ട്രിന്‍സിക് വാല്യു, ടൈം വാല്യു. ഈ രണ്ടു ഘടകങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് ഓപ്ഷന്‍ കരാറുകള്‍ക്ക് വില നിര്‍ണയിക്കപ്പെടുന്നത്. റിലയന്‍സിന്റെ ഓഹരി വില 2,308 രൂപയില്‍ നില്‍ക്കെ 2,300 രൂപയുടെ കോള്‍ ഓപ്ഷന് 27 രൂപ വില വരുന്നുണ്ടെങ്കില്‍, അതിനര്‍ഥം പ്രസ്തുത ഓപ്ഷന്റെ ഇന്‍ട്രിന്‍സിക് മൂല്യം 8 രൂപയാണ് (2,308-2,300). മിച്ചമുള്ള 13 രൂപ പ്രീമിയം ടൈം വാല്യുവായും (21-8) മാറുന്നു.

ഇതിലെ ടൈം വാല്യു കാലഹരണപ്പെടും. എക്‌സ്പയറി തീയതി അടുക്കുമ്പോഴേക്കും ടൈം വാല്യു പൂജ്യത്തിലേക്ക് എത്തുകയാണ് പതിവ്. എക്‌സ്പയറിയുടെ അവസാന ദിനങ്ങളില്‍ ടൈം വാല്യു പെട്ടെന്ന് ഇടിയും. അതുകൊണ്ട് എക്‌സ്പയറി വരെ ഓപ്ഷനുകള്‍ കൈവശം വെയ്ക്കുന്നത് ബുദ്ധിയല്ല.

  1. വേണം സ്‌റ്റോപ്പ് ലോസ്

ടാറ്റ മോട്ടോര്‍സിന്റെ 300 രൂപ കോള്‍ ഓപ്ഷന്‍ നിങ്ങള്‍ വാങ്ങിയെന്ന് കരുതുക. 8 രൂപയുടെ 'ഔട്ട് ഓഫ് ദി മണി'യാണിത്. എക്‌സ്പയറിക്ക് ഒരാഴ്ച്ച മാത്രം ബാക്കി നില്‍ക്കെ ടാറ്റ മോട്ടോര്‍സ് 300 രൂപയിലെത്താനുള്ള സാധ്യത വിരളം. നിങ്ങള്‍ വാങ്ങിയ കോള്‍ ഓപ്ഷന്റെ മൂല്യമാകട്ടെ 3 രൂപയിലേക്കും ചുരുങ്ങി.

അങ്ങനെ വരുമ്പോള്‍ പ്രസ്തുത കോള്‍ ഓപ്ഷന്‍ ഇനിയും കൈവശം വെയ്ക്കണോ അതോ വിറ്റൊഴിവാക്കണോ? ഉത്തരം വിറ്റൊഴിവാക്കണമെന്നതുതന്നെ. ഓപ്ഷന്‍സിലും സ്റ്റോപ്പ് ലോസുകള്‍ നിര്‍ബന്ധമാണ്. നഷ്ടം പരിമിതപ്പെടുത്താന്‍ സ്റ്റോപ്പ് ലോസുകള്‍ സഹായിക്കും.

  1. ഓപ്ഷന്‍ ട്രേഡിങ് സങ്കീര്‍ണമാക്കരുത്

ഓപ്ഷന്‍ ട്രേഡിങ്ങില്‍ പലരും സ്ട്രാറ്റജികള്‍ പിന്തുടരാറുണ്ട്. ഇതു നല്ല കാര്യം തന്നെ. ഉയര്‍ന്ന സ്‌ട്രൈക്ക് പ്രൈസില്‍ കോള്‍ ഓപ്ഷന്‍ വാങ്ങുകയും കുറഞ്ഞ സ്‌ട്രൈക്ക് പ്രൈസില്‍ പുട്ട് ഓപ്ഷന്‍ വാങ്ങുകയും ചെയ്യുന്ന ലളിതമായ 'സ്ട്രാംഗിള്‍' രീതിക്ക് പ്രചാരമേറെ. ഇതുവഴി മാര്‍ക്കറ്റിലെ ചാഞ്ചാട്ടം ഉപയോഗപ്പെടുത്തി ട്രേഡര്‍മാര്‍ക്ക് ലാഭം കണ്ടെത്താന്‍ കഴിയും.

ഇതേസമയം, നാലും അഞ്ചും പാദങ്ങള്‍ ഉള്ളടങ്ങുന്ന സങ്കീര്‍ണമായ സ്ട്രാറ്റജികളില്‍ നിന്നും തുടക്കക്കാര്‍ വിട്ടുനില്‍ക്കണം. കാരണം ഒരറ്റത്ത് നിരവധി കോള്‍ ഓപ്ഷനുകള്‍ വാങ്ങുമ്പോള്‍ മറുഭാഗത്ത് അത്രയുംതന്നെ പുട്ട് ഓപ്ഷനുകള്‍ വാങ്ങാനോ വില്‍ക്കാനോ ട്രേഡര്‍മാര്‍ ബാധ്യസ്തരാണ്. എങ്കില്‍ മാത്രമേ പ്രസ്തുത സ്ട്രാറ്റജി കൊണ്ട് ഗുണം ലഭിക്കുകയുള്ളൂ. ഇതിന് വലിയ മാര്‍ജിന്‍ ആവശ്യമാണ്. വാസ്തവത്തില്‍ ഓഹരി വിപണിയിലെ നിക്ഷേപങ്ങള്‍ ഹെഡ്ജ് ചെയ്യാനുള്ള ഇടമാണ് ഓപ്ഷന്‍ പ്ലാറ്റ്‌ഫോം.

  1. ചാഞ്ചാട്ടം കണ്ട് വാങ്ങുക, സ്ഥിരത കണ്ട് വില്‍ക്കുക

ഓഹരി വിപണിയില്‍ ചാഞ്ചാട്ടം ഉടലെടുക്കുമ്പോഴാണ് ഓപ്ഷന്‍ ട്രേഡിങ് കൊണ്ട് ഗുണം ലഭിക്കുക. മാര്‍ക്കറ്റ് മുകളിലേക്കോ താഴോട്ടോ ആടിയുലയുന്നതാണ് ചാഞ്ചാട്ടം കൊണ്ട് അര്‍ഥമാക്കുന്നത്. ഈ സാഹചര്യത്തില്‍ ഓപ്ഷനുകള്‍ മികച്ച ലാഭസാധ്യതകള്‍ സമ്മാനിക്കും. അതുകൊണ്ട് ചാഞ്ചാട്ടം ഉയരുമ്പോഴാണ് ഓപ്ഷനുകള്‍ വാങ്ങേണ്ടത്. ചാഞ്ചാട്ടം രൂക്ഷമായിരിക്കെ ഓപ്ഷനുകള്‍ വില്‍ക്കാനിറങ്ങരുത്. മാര്‍ക്കറ്റില്‍ ചാഞ്ചാട്ടം കെട്ടടങ്ങുമ്പോഴാണ് ഓപ്ഷനുകള്‍ വില്‍ക്കാനുള്ള ഉത്തമ അവസരം.

  1. ഓപ്ഷന്‍ മൂല്യനിര്‍ണയം

ഓഹരി പോലെ ഓപ്ഷനുകളുടെ മൂല്യത്തിലും ഏറ്റക്കുറച്ചിലുകളുണ്ടാകും. ഈ അവസരത്തില്‍ എടുക്കുന്ന ഓപ്ഷന്‍ കരാറിന്റെ മൂല്യം കൂടുതലാണോ കുറവാണോയെന്ന് എങ്ങനെ കണ്ടുപിടിക്കാം? ഇതിനാണ് ബ്ലാക്ക് ആന്‍ഡ് ഷോള്‍സ് സമവാക്യം ഉപയോഗിക്കേണ്ടത്. വാങ്ങുന്ന ഓപ്ഷന്‍ കരാര്‍ ഓവര്‍പ്രൈസ്ഡ് ആണോ അണ്ടര്‍പ്രൈസ്ഡ് ആണോയെന്ന് ബ്ലാക്ക് ആന്‍ഡ് ഷോള്‍സ് പറഞ്ഞുതരും. എല്ലാ ട്രേഡിങ് ടെര്‍മിനലിലും എന്‍എസ്ഇ വെബ്‌സൈറ്റിലും ബ്ലാക്ക് ആന്‍ഡ് ഷോള്‍സ് കാല്‍ക്കുലേറ്റര്‍ ലഭ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest