നല്ലൊരു സ്മാർട്ട്ഫോൺ വേണം എന്ന് ആഗ്രഹിച്ച്, അന്വേഷിച്ച് നടക്കുന്ന ഇന്ത്യക്കാരുടെ നടുവിലേക്ക് തങ്ങളുടെ ഏറ്റവും പുതിയ 5ജി സ്മാർട്ട്ഫോണിനെ അവതരിപ്പിച്ച് ഓപ്പോ. റെനോ പരമ്പരയിൽപ്പെട്ട ഓപ്പോ റെനോ 8ടി (Oppo Reno 8T) 5ജി സ്മാർട്ട്ഫോണാണ് ഇന്ത്യൻ വിപണി കീഴടക്കാൻ ഇപ്പോൾ എത്തിയിരിക്കുന്നത്. ഈ സ്മാർട്ട്ഫോണിന് അകമ്പടിയായി എൻകോ എയർ 3 ഇയർബഡുകളും ഓപ്പോ ഇന്ത്യയിൽ അവതരിപ്പിച്ചു.
റെനോ 8, റെനോ 8 പ്രോ എന്നീ മോഡലുകൾക്ക് ഇടയിൽ നിൽക്കുന്ന ഒരു സ്മാർട്ട്ഫോൺ ആയാണ് ഓപ്പോ റെനോ 8ടി പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യയിൽ ഏറെ ആരാധകരുള്ള മൊബൈൽ ബ്രാൻഡാണ് ഓപ്പോ. അതിനാൽത്തന്നെ ഓപ്പോയുടെ പുതിയ 5ജി സ്മാർട്ട്ഫോണിനെ ഏറെ പ്രതീക്ഷകളോടെയാണ് ഇന്ത്യൻ വിപണി വരവേൽക്കുന്നത്. അത്യാവശ്യം താങ്ങാനാകുന്ന വിലയിൽ മികച്ച ഫീച്ചറുകളുമായിട്ടാണ് റെനോ 8ടി എത്തുന്നത്. ഈ പുതിയ ഓപ്പോ സ്മാർട്ട്ഫോണിന്റെ വിലയും പ്രധാന ഫീച്ചറുകളും വിശദമായി പരിചയപ്പെടാം.
ആകർഷക ഡിസൈൻ
കാഴ്ചയിൽത്തന്നെ ആരെയും ആകർഷിക്കുന്ന വിധത്തിൽ ആണ് ഓപ്പോ റെനോ 8ടിയെ അണിയിച്ചൊരുക്കിയിരിക്കുന്നത്. മൈക്രോ-കർവ്ഡ് ഡിസൈനിൽ സൺറൈസ് ഗോൾഡ്, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിൽ ആണ് റെനോ 8ടി ലഭ്യമാകുക. 171 ഗ്രാം വെയിറ്റും 7.7 എംഎം സ്ലിമ്മുമാണ് ഈ ഓപ്പോ ഫോൺ. ഫോണിന്റെ പിൻഭാഗത്ത് എലവേറ്റഡ് ഡ്യുവൽ ക്യാമറ മൊഡ്യൂൾ ആണ് ഓപ്പോ നൽകിയിരിക്കുന്നത്. ആകർഷകമായ ഒരു റൗണ്ട് സ്ട്രിപ്പാൽ അത് ചുറ്റപ്പെട്ടിരിക്കുന്നു. Dragontrail-Star2 സംരക്ഷണത്തോടെയുള്ള 6.7 ഇഞ്ച് AMOLED സ്‌ക്രീൻ ആണ് റെനോ 8ടിയിൽ ഉള്ളത്.
108 എംപിയുടെ പ്രൈമറി ക്യാമറ
ഓപ്പോ ഫോണുകളുടെ ഏറ്റവും മികവേറിയ വിഭാഗമായ ക്യാമറ സെക്ഷനിലേക്ക് വന്നാൽ, 108 എംപിയുടെ പ്രൈമറി ക്യാമറയാണ് റെനോ 8ടിയിൽ ഉള്ളത്. 32 മെഗാ പിക്സലിന്റേതാണ് ഫ്രണ്ട് ക്യാമറ. പ്രവർത്തന മികവിനായി ക്വാൽകോം സ്നാപ്ഡ്രാഗൺ 695 5ജി ചിപ്സെറ്റാണ് ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. 8ജിബി ആണ് റാം. എന്നാൽ ഉപകരണത്തിന്റെ ഓൺബോർഡ് സ്റ്റോറേജിൽ നിന്ന് റാം കടമെടുക്കുന്ന ഓപ്പോയുടെ റാം വിപുലീകരണ സാങ്കേതികവിദ്യ ഉപയോഗിച്ച് റാം 8ജിബി വരെ വർദ്ധിപ്പിക്കാൻ കഴിയും. ഇന്ത്യയിൽ അവതരിപ്പിച്ച ഓപ്പോ റെനോ 8ടി പരമാവധി 128 ജിബി ഇന്റേണൽ സ്റ്റോറേജുമായാണ് എത്തുന്നത്.
4,800എംഎഎച്ച് ബാറ്ററി
ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 4,800എംഎഎച്ച് ബാറ്ററിയും ഓപ്പോ നൽകിയിരിക്കുന്നു. കളർഒഎസ് 13 ൽ ആണ് പ്രവർത്തനം. 18 ആപ്പുകൾ വരെ പശ്ചാത്തലത്തിൽ തടസ്സമില്ലാതെ പ്രവർത്തിക്കുമെന്ന് ഓപ്പോ അവകാശപ്പെടുന്നു. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഓപ്പോ റെനോ 8ടി മോഡലിന് 29,999 രൂപയാണ് ഇന്ത്യയിലെ വില. ഫ്ലിപ്കാർട്ട് വഴിയും ഓപ്പോയുടെ ഔദ്യോഗിക ചാനലുകളിലൂടെയും റെനോ 8ടി പ്രീ-ഓർഡർ വിൽപ്പനയ്ക്ക് ലഭ്യമാണ്. 2023 ഫെബ്രുവരി 10 മുതൽ ആണ് ഫോൺ വിൽപ്പനയ്‌ക്കെത്തുക.
എൻകോ എയർ 3
മുൻഗാമികളെ അപേക്ഷിച്ച് ചില ഡിസൈൻ മാറ്റങ്ങളോടെയാണ് എൻകോ എയർ 3 ടിഡപ്ലുഎസ് ഇയർബഡ് എത്തുന്നത്. എൻകോ എയർ 3യുടെ ഓരോ ബഡിനും 3.7 ഗ്രാം ഭാരമുണ്ട്, ഇത് എൻകോ എയർ 2 ഇയർബഡുകളേക്കാൾ അൽപ്പം കൂടുതലാണ്. IP54 ആണ് പൊടി-ജല പ്രതിരോധ റേറ്റിങ്. മുൻഗാമിയെ അപേക്ഷിച്ച് 35 ശതമാനം കൂടുതൽ ഊർജ്ജക്ഷമതയും 50 ശതമാനം കൂടുതൽ ബാറ്ററി ലൈഫും കൃത്യമായ ശബ്ദവും ഓപ്പോ എൻകോ എയർ 3യ്ക്ക് ഉണ്ട് എന്ന് കമ്പനി അവകാശപ്പെടുന്നു. 13.4 എംഎം ഡ്രൈവറുകളുമായാണ് എൻകോ എയർ3 എത്തുന്നത്.
ഒറ്റ ചാർജിൽ 6 മണിക്കൂർ വരെ പ്രവർത്തിക്കാനുള്ള ശേഷി ഇയർബഡുകൾക്ക് ഉണ്ടെന്നും ഓപ്പോ അവകാശപ്പെടുന്നുണ്ട്. ഫ്ലിപ്കാർട്ട്, ആമസോൺ, ഓപ്പോ സ്റ്റോറുകളിൽ ഉടനീളം 2,999 രൂപയ്ക്ക് എൻകോ എയർ 3 ഇയർബഡുകൾ ലഭ്യമാകും. ഫെബ്രുവരി 10 മുതൽ തന്നെയാണ് എൻകോ എയർ 3 യുടെയും വിൽപ്പന ആരംഭിക്കുക.