ഇന്ത്യയിലെ മടക്കാവുന്ന സ്മാർട്ട്ഫോണുകളുടെ വിപണിയിലേക്ക് ഓപ്പോയുടെ പുതിയ സ്മാർട്ട്ഫോൺ വരുന്നു. അടുത്തിടെ ആഗോളതലത്തിൽ ലോഞ്ച് ചെയ്ത ഓപ്പോ ഫൈൻഡ് എൻ2 ഫ്ലിപ്പ് (Oppo Find N2 Flip) എന്ന ഡിവൈസാണ് കമ്പനി ഇന്ത്യയിൽ ലോഞ്ച് ചെയ്യാനൊരുങ്ങുന്നത്. ഓപ്പോയുടെ ആദ്യത്തെ മടക്കാവുന്ന സ്മാർട്ട്ഫോണാണ് ഇത്.
ഓപ്പോ ഫൈൻഡ് എൻ2 ഫ്ലിപ്പ് സ്മാർട്ട്ഫോൺ മാർച്ച് 13ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ഇക്കാര്യം ഓപ്പോ തന്നെയാണ് ട്വിറ്ററിലൂടെ സ്ഥിരീകരിച്ചത്. സാംസങ്ങിന് ആധിപത്യമുള്ള ഇന്ത്യയിലെ ഫോൾഡബിൾ സ്മാർട്ട്ഫോൺ വിപണിയിൽ എത്തുന്ന ഓപ്പോ ഫൈൻഡ് എൻ2 ഫ്ലിപ്പ് സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ ഗ്ലോബൽ വേരിയന്റിന് സമാനമായിരിക്കുമെന്നാണ് സൂചനകൾ.
ഡിസൈൻ തന്നെയാണ് ഓപ്പോ ഫൈൻഡ് എൻ2 ഫ്ലിപ്പ് സ്മാർട്ട്ഫോണിന്റെ ഏറ്റവും വലിയ സവിശേഷത. മിനുക്കിയ അലുമിനിയം ഫ്രെയിമും മാറ്റ് ഗ്ലാസും ഈ ഡിവൈസിൽ ഉണ്ടെന്ന് കമ്പനി ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്. ഓപ്പോ പുതുതായി ഡിസൈൻ ചെയ്ത ഹിഞ്ച് മെക്കാനിസത്തിന് വിഷ്വൽ ഫ്ലെയർ നൽകുന്നതിനായി മൈക്രോ-എൻഗ്രേഡ് വേവ്ഫോം പാറ്റേണാണ് നൽകിയിട്ടുള്ളത്.
ഓപ്പോ ഫൈൻഡ് എൻ2 ഫ്ലിപ്പ് സ്മാർട്ട്ഫോണിൽ 3.26 ഇഞ്ച് വെർട്ടിക്കൽ കവർ ഡിസ്‌പ്ലേയാണുള്ളത്. 17:9 വെർട്ടിക്കൽ ലേഔട്ടുള്ള ഫോണിന്റെ മുകൾ പകുതിയുടെ 48.5 ശതമാനമാണ് കവർ ഡിസ്പ്ലെ വരുന്നത്. പ്രൈമറി സ്ക്രീനിന്റെ ആസ്പക്റ്റ് റേഷിയോയുടെ സ്വാഭാവിക വിപുലീകരണമാണിത്. നോട്ടിഫിക്കേഷൻ കാണുന്നത് അടക്കമുള്ള പല കാര്യങ്ങൾക്കും ഈ കവർ ഡിസ്പ്ലെ ഉപയോഗിക്കാം
ഓപ്പോ ഫൈൻഡ് എൻ2 ഫ്ലിപ്പ് സ്മാർട്ട്ഫോണിൽ 1080x2520 പിക്സൽ റെസല്യൂഷനോട് കൂടിയ 6.8 ഇഞ്ച് FHD+ പ്രൈമറി ഡിസ്പ്ലേയാണുള്ളത്. ഈ ഡിസ്‌പ്ലേയ്ക്ക് 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റും 1600 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റനസും ഉണ്ട്. മുകളിൽ സൂചിപ്പിച്ച സെക്കന്ററി ഡിസ്പ്ലെയ്ക്ക് 382x720 പിക്സൽ റെസല്യൂഷനാണുള്ളത്. ഇതൊരു AMOLED ഡിസ്പ്ലേ പാനലാണ്.
8 ജിബി റാമുമായിട്ടാണ് ഓപ്പോ ഫൈൻഡ് എൻ2 ഫ്ലിപ്പ് സ്മാർട്ട്ഫോൺ വരുന്നത്. ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 9000+ പ്രോസസറാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. മൾട്ടി ടാസ്കിങ് അടക്കമുള്ള കാര്യങ്ങൾക്ക് യോജിച്ച കരുത്തുള്ള പ്രോസസർ തന്നെയാണിത്. 256 ജിബി ഇന്റേണൽ സ്‌റ്റോറേജും ഈ ഡിവൈസിൽ ഓപ്പോ നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 13 ഒഎസിലാണ് ഫോൺ പ്രവർത്തിക്കുന്നത്.
രണ്ട് പിൻ ക്യാമറകളാണ് ഓപ്പോ ഫൈൻഡ് എൻ2 ഫ്ലിപ്പ് സ്മാർട്ട്ഫോണിലുള്ളത്. എഫ്/1.8 അപ്പേർച്ചർ ഉള്ള 50 എംപി പ്രാമറി ക്യാമറയും എഫ്/2.4 അപ്പേർച്ചർ ഉള്ള 8 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസും അടങ്ങിയിരിക്കുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32എംപി ഫ്രണ്ട് ക്യാമറയും ഈ ഡിവൈസിൽ ഓപ്പോ നൽകിയിട്ടുണ്ട്. 44W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,300 mAh ബാറ്ററിയും മടക്കാവുന്ന ഫോണിൽ ഓപ്പോ നൽകുന്നു.