advertisement
Skip to content

പി കെ ബാലകൃഷ്ണൻ എഴുതിയ 'നോവൽ സിദ്ധിയും സാധനയും' നോവൽ റിവ്യൂ

ജന്മസിദ്ധമായ പ്രതിഭയും നിരന്തരമായ സാധനയും ഒത്തു ചേർന്നാണ്, അത് കൊണ്ട് മാത്രമാണ് ഒരു നല്ല നോവൽ പിറക്കുന്നത് എന്ന് സ്ഥാപിക്കുന്ന ഒരമൂല്യ ഗ്രന്ഥമാണ് പി കെ ബാലകൃഷ്ണൻ എഴുതിയ 'നോവൽ സിദ്ധിയും സാധനയും'.   മലയാളം നോവൽ എഴുത്തുകാരും നോവൽ എഴുതാൻ താല്പര്യപ്പെടുന്നവരും ആവശ്യം വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ് ഇത്.  (മലയാളത്തിൽ ഇത്തരം പുസ്തകങ്ങൾ അപൂർവ്വങ്ങളിൽ അപൂർവ്വമാണ് എന്നതിനാൽ പ്രത്യേകിച്ചും.)  ഒരേ സമയം ഒരു നിരൂപണ ഗ്രന്ഥവും ഒരു ലക്ഷണഗ്രന്ഥവുമാണ് ഇത്.   അതേ സമയം സാധാരണ ഒരു ലക്ഷണഗ്രന്ഥം എന്ന മുൻവിധിയോടെ ഈ പുസ്തകത്തെ സമീപിക്കുന്നവർ നിരാശപ്പെടേണ്ടി വന്നേക്കാം.

ഞാൻ ജനിക്കുന്നതിനും മുൻപ്, 1962 ൽ രചിക്കപ്പെട്ടതാണ് ഈ ഗ്രന്ഥം.  മലയാള നോവൽ സാഹിത്യം അത്രയധികം വികസിക്കാതിരുന്ന ഒരു കാലത്തു അന്യഭാഷാ നോവലുകൾ പഠിച്ചു നല്ല നോവലിന്റെ വ്യാകരണം മലയാളിക്ക് സുപരിചതമാക്കിയതിൽ ഈ ഗ്രന്ഥത്തിനുള്ള പ്രാധാന്യം എടുത്തു പറയേണ്ടതുണ്ട്.    ജെയിൻ ഓസ്റ്റിൻ എന്ന ഇംഗ്ലീഷ് നോവലിസ്റ്റിന്റെയും റഷ്യൻ നോവലിസ്റ്റ് ഡോസ്റ്റോയേവിസ്കിയുടെ കൃതികൾക്കൊപ്പം അന്ന് വരെ എഴുത്തുകാരൻ വായിച്ച ഇന്ത്യൻ നോവലുകളിൽ വെച്ച് ഏറ്റവും നല്ലതെന്ന് തോന്നിയ താരാശങ്കർ ബാനർജിയുടെ 'ആരോഗ്യനികേതനം' എന്ന നോവലിനെയും അടിസ്ഥാനപ്പെടുത്തി നല്ല നോവലിന്റെ ലക്ഷണങ്ങളും പ്രത്യേകതകളും സംവിധാനം ചെയ്യുകയാണ് ഗ്രന്ഥകാരൻ.  ഉദാഹരണത്തിന്റെ സഹായത്തോടെ പറഞ്ഞു തരുന്ന കാര്യങ്ങൾ നമുക്ക് എളുപ്പം ഹൃദിസ്ഥമാകും എന്നതിനാൽ തന്നെ ഈ ഗ്രന്ഥം നമ്മെ കാര്യങ്ങൾ മനസ്സിലാക്കാൻ ഏറെ സഹായിക്കുന്ന വിധമാണ് രൂപപ്പെടുത്തിയിരിക്കുന്നത്.

താരാശങ്കർ ബാനർജിയുടെ ആരോഗ്യനികേതനവും ഡോസ്റ്റോയേവിസ്കിയുടെ പ്രധാന നോവലുകളും മുൻപ് വായിച്ചിരുന്നതിനാൽ എനിക്ക് ഈ നോവൽ വായന കൂടുതൽ ഹൃദ്യമായിരുന്നു.   ആ കൃതികളിലൂടെ ഒരു വട്ടം കൂടെ കണ്ണോടിച്ച പോലെയും മറ്റൊരു വട്ടം കൂടെ വായിക്കാൻ താല്പര്യപ്പെടുത്തുകയും ചെയ്തു ഈ പുസ്തകം.   ജെയിൻ ഓസ്റ്റിന്റെ പുസ്തകങ്ങൾ പലപ്പോഴായി എന്റെ കൈകളിലൂടെ മറിഞ്ഞു പോയിട്ടുണ്ട്.   രണ്ടു മൂന്നു തവണ ഞാൻ വാങ്ങുകയും ഒന്നോ രണ്ടോ തവണ വായിക്കാൻ തുടങ്ങുകയും ചെയ്തിട്ടുണ്ടെങ്കിലും ആ പുസ്തകങ്ങൾ എന്നെക്കൊണ്ട് വായിപ്പിച്ചിട്ടില്ല.  ഈ കൃതി വായിച്ചു കഴിഞ്ഞപ്പോൾ ഒരു വട്ടം കൂടെ ഒരു ശ്രമം നടത്തണം എന്ന് തോന്നുന്നുണ്ടെങ്കിലും വിവരങ്ങളുടെ അടിസ്ഥാനത്തിൽ എനിക്കാത്തത്ര ഇഷ്ടപ്പെടാൻ വഴിയില്ല എന്നൊരു മുൻവിധിയുടെ കാർമേഘം ആകാശത്തു ഞാൻ കാണുന്നുണ്ട്.  ഒരു കാരണം "മിക്കവാറും നെടുങ്കൻ ഖണ്ഡികകളിൽ, നെടുനീളത്തിൽ വളഞ്ഞു പുളഞ്ഞു സമ്പൂർണ്ണ വാചകങ്ങളിലാണ് ഓരോ പത്രവും സംഭാഷണം ചെയ്യുന്നത്" എന്ന് വായിച്ചതാണ്.

"ശിൽപം, സംഗീതം തുടങ്ങിയ ശ്രേഷ്ഠകലകളുടെ കവാടങ്ങൾ സിദ്ധിയില്ലാത്തവരുടെ മുമ്പിൽ സ്വയം അടഞ്ഞു നിൽക്കുന്ന തരത്തിലുള്ളതാണ്.  എന്നാൽ സാഹിത്യകാലയ്ക്കു തുറന്ന് വാതിലാണുള്ളത്.   സിദ്ധിയില്ലാത്തവർക്കും അതിൽ കയറിക്കൂടാനും ബുദ്ധിവൈഭവം, അധ്വാനശീലം, കൗശലം തുടങ്ങിയ സാമാന്യഗുണങ്ങൾ മുതലിറക്കി ഒരതിർത്തി വരെ അവിടെ വിജയം പിടിച്ചു പറ്റാനും കഴിയും."

പക്ഷെ നല്ല ഒരു കൃതിയെഴുതാൻ ജന്മസിദ്ധമായ പ്രതിഭയുള്ളവർക്കേ കഴിയൂ എന്നാണ് പി കെ ബാലകൃഷ്ണൻ പറഞ്ഞു വെയ്ക്കുന്നത്.   എത്ര പ്രതിഭയുണ്ടെങ്കിലും ഒറ്റ മൂച്ചിൽ ഇരുന്നെഴുതി ഒരു ക്ലാസ്സിക് നോവൽ സൃഷ്ടിക്കാനാവുകയില്ല എന്നും എത്ര മാത്രം ക്ഷമയോടെ നടത്തുന്ന നിരന്തര തപസ്യയിലൂടെയാണ് ഒരു പ്രതിഭ തന്റെ നോവലിനെ പരുവപ്പെടുത്തുന്നതെന്നും ഈ നോവൽ നമ്മെ ഉത്ബോധിപ്പിക്കുന്നുണ്ട്.
നോവൽ എഴുതാൻ താല്പര്യപ്പെടുന്നവരും തങ്ങളുടെ സൃഷ്ടികൾ കൂടുതൽ മികച്ചതാക്കണമെന്ന് ആഗ്രഹമുള്ള നോവലിസ്റ്റുകളും ഒരു മടിയും കൂടാതെ വാങ്ങി വായിക്കേണ്ടതാണ് ഈ പുസ്തകം എന്ന് പറയാൻ എനിക്ക് രണ്ടു വട്ടം ആലോചിക്കേണ്ടതില്ല.   ഇതിന്റെ വായനക്ക് മുൻപ് 'ആരോഗ്യനികേതനം', ജെയിൻ ഓസ്റ്റിൻ കൃതികൾ, കരമസോവ് സഹോദരന്മാർ, കുറ്റവും ശിക്ഷയും, ഇഡിയറ്റ്, ഡെവിൾസ് തുടങ്ങിയ ഗ്രന്ഥങ്ങൾ വായിച്ചിരുന്നത് വളരെ നന്നായിരിക്കും.  അല്ലാതെ തന്നെയും വായിച്ചാൽ നല്ല വായനക്കാരനും എഴുത്തുകാരനും ആ പുസ്തകങ്ങൾ വായിക്കാനുള്ള ഒരു പ്രചോദനം ലഭിക്കുമെന്ന കാര്യത്തിലും സംശയമില്ല.

നോവലിസ്റ്റുകളല്ലാത്ത വായനക്കാരെ സംബന്ധിച്ചാണെങ്കിൽ ഈ ഗ്രന്ഥത്തെ ഒരു നിരൂപണ ഗ്രന്ഥമായും വായിക്കാവുന്നതാണ്.   ആരോഗ്യനികേതനം എന്ന നോവലിനെപ്പറ്റിയുള്ള പഠനം 33 പേജോളമുണ്ട്.ജെയിൻ ഓസ്റ്റിനെപ്പറ്റി 32 പേജ്, ഡോസ്റ്റോയേവിസ്കിയെപ്പറ്റി 94 പേജ്.   ഇത്രയും സാഹിത്യവിചാരം, അല്ലെങ്കിൽ പുസ്തകപരിചയമാണ് നിങ്ങൾക്ക് ലഭിക്കുക.  നല്ല വായനക്കാരെ സംബന്ധിച്ച് അതൊരു നല്ല പ്രലോഭനമായിരിക്കുമെന്ന് ഞാൻ കരുതുന്നു.

ഈ പുസ്തകം ഞാൻ എന്റെ കൈയ്യിൽ സൂക്ഷിക്കാൻ ഉദ്ദേശിച്ചിട്ടുള്ളതാണെങ്കിലും വായനക്കാരുടെ ജിജ്ഞാസ കൂടുതൽ ഉണർത്തി ഈ പുസ്തകം വായിപ്പിക്കാൻ പ്രലോഭിപ്പിക്കുന്നതിനും, വല്ലപ്പോഴും എന്നെ ഈ പുസ്തകത്തിന്റെ ആവർത്തിച്ചുള്ള വായനക്ക് പ്രേരിപ്പിക്കാനും, പുസ്തകത്തിൽ നിന്നുള്ള ചില ഭാഗങ്ങൾ ഇതോടൊപ്പം ചേർക്കുന്നു.

"വിശാലമായ അർത്ഥത്തിൽ പറയുമ്പോൾ ധ്വനിയാണല്ലോ ഉത്തമകലയുടെ വശ്യത." "ഒരർത്ഥത്തിൽ നിത്യമായ അവ്യക്തത എന്നും നമുക്കതിനെ പേര് പറയാം."  "ശ്രേഷ്ഠമായ ശില്പമോ ചിത്രമോ സ്വന്തം സൗന്ദര്യത്തെയും അന്തരാർത്ഥങ്ങളെയും മുഴുവനും ഒറ്റക്കാഴ്ചയിൽത്തന്നെ ആറിലേക്കും പകരുന്നില്ലല്ലോ.  സൗന്ദര്യത്തിന്റെയും അർത്ഥങ്ങളുടെയും അക്ഷയപാത്രങ്ങളാണവ."
"നിസ്സീമമായ ക്ഷമയോടെ, ഒരിക്കലും ഒടുങ്ങാത്ത ആവേശത്തോടെ, പൂർണ്ണതയിൽ്ക്കുറഞ്ഞൊന്നും കൊണ്ടും തൃപ്തനാവുകയില്ലെന്ന അസഹിഷ്ണതയോടെ, പ്രതിഭാശാലി, നോവലിൽ കുത്തിയിരിക്കുന്നു.   അതിന്റെ പ്രസാധനം അവന് പ്രശ്നമല്ല.  അതിന്റെ വിജയം അവന് പ്രശ്നമല്ല.  പൂർണ്ണമായ ആത്മപ്രകാശത്തിലൂടെ മാത്രം കിട്ടുന്ന പൂർണ്ണമായ ആത്മസംതൃപ്തി മാത്രമാണവനു പ്രശ്നം."

"ആജന്മപ്രതിഭാശാലിയായ ഒരു നോവലിസ്റ്റിന്റെ സംബന്ധിച്ചിടത്തോളം ഏതൊരു കൃതിയുടെയും ആദ്യ ഡ്രാഫ്റ്റാണ് സർവ്വപ്രധാനം."... ""അവനെ സംബന്ധിച്ചിടത്തോളം നിർമ്മാണത്തിന്റെ പിന്നിലുള്ള പ്രസവവേദന അതോടെ നിലച്ചു.  സിദ്ധിയുടെ പ്രസവം കഴിഞ്ഞു.  പക്ഷെ, സാധനയുടെ തപസ്സാരംഭിക്കുകയാണ്."

"ഒരു മഹത്തായ നേവൽ ഉണ്ടാവുന്ന പ്രക്രിയ മനുഷ്യപ്രസവത്തേക്കാളേറെ ഒരു കോഴിക്കുഞ്ഞിന്റെ ജനനത്തോടാണ് സാമ്യം വഹിക്കുന്നത്.   ആദ്യ പകർപ്പാവുന്ന അണ്ഡത്തിന്മേൽ ദീർഘമായി അടയിരുന്നാണ് നോവലിസ്റ്റ് അതിനെ വിരിയിക്കുക.  വായനക്കാരായ നാം കാണുന്ന നോവലിൽ സിദ്ധിയുടെ വേരും തടിയും സുശിക്ഷിതമായ ക്രാഫ്റ്റിന്റെ ഇലപ്പടർപ്പുകൾ കൊണ്ടു മൂടിമറഞ്ഞാണ് മിക്കപ്പോഴും കിടക്കുക."
"കലയിലൂടെ സമഷ്ടിയെ (general) ചിത്രീകരിക്കാൻ കഴിയുന്ന രീതി ഒന്നേ ഉള്ളൂ.  വ്യക്തിയെ ചിത്രീകരിക്കുക, സമഷ്ടിയെ മറക്കുകയും ചെയ്യുക."...."സമഷ്ടിയിൽ നിന്നു വ്യതിരിക്തമായ വ്യക്തിഭാവത്തെ എത്രകണ്ടു സജീവമാക്കാൻ ഒരു വ്യക്തിചിത്രത്തിനു കഴിഞ്ഞിട്ടുണ്ടോ അത്രകണ്ട് ആ ചിത്രം ആ വ്യക്തിയെ ഉൾക്കൊള്ളുന്ന സമഷ്ടിയെ പ്രതിബിംബിക്കുകയും ചെയ്യും."

"നോവലിന്റെ ലോകത്തിലെ 'ഇൻഫിനിറ്റിയെ' ഉദാഹരിക്കുന്ന കൃതികളാണ് ഡോസ്റ്റോയേവിസ്കിയുടെതെങ്കിൽ അതെ രംഗത്തിൽ 'ഫൈനിറ്റി'യെ സാക്ഷാത്കരിക്കുന്ന മറുതലയാണ് ജെയിൻ ഓസ്റ്റിന്റെ സാഹിത്യം.   വിശ്വകലാക്ഷേത്രത്തിനു പിന്നിലുള്ള വനസ്ഥലിയിൽ പാറക്കൂട്ടങ്ങൾക്കിടയിലെ ഗഹ്വരത്തിൽ തപം ചെയ്തു കഴിയുന്ന ബ്രഹ്മരക്ഷസ്സാണ് ഡോസ്റ്റോയെവിസ്കിയെങ്കിൽ അതേ ക്ഷേത്രത്തിന്റെ മണൽമുറ്റത്തു പിച്ചക്കാലുകൾ ചവിട്ടി വേച്ചു വേച്ചു സംസാരിച്ചു വിഹരിക്കുന്ന കുഞ്ഞോമനയാണ് ജെയിൻ ഓസ്റ്റിൻ സാഹിതി."
"സംഭവരംഗത്തു വെച്ചു തോന്നിയതിനേക്കാൾ ശക്തമായ വേദനയോടെ ആ(ഒരു) രംഗം അവരുടെ (കലാകാരന്റെ) മനസ്സിൽ പിന്നീട് ഉയർത്തെഴുന്നേൽക്കുന്നു.   ആ ഉയിർത്തെഴുന്നേൽപ്പാണ് അനുഭൂതി.   അനുഭവങ്ങൾക്ക് ഉയിർത്തെഴുന്നേൽപ്പുണ്ടാക്കുന്ന മാനസിക കഴിവാണ് - അഥവാ മാനസിക ദൗർബല്യമാണ്- പ്രതിഭ."

"പ്രതിഭയാൽ സ്വംശീകരിക്കപ്പെടാത്ത അനുഭവവിവരണം സമർത്ഥമായ ഒരു റിപ്പോർട്ടിൽക്കവിഞ്ഞൊന്നുമാകില്ല."
"കേവലാശയങ്ങളുടെ സമൂർത്തഭാവങ്ങൾ മാത്രമാണ് ഡോസ്റ്റോയേവിസ്കിയുടെ കഥാപാത്രങ്ങൾ.  ആ മൂർത്തികൾ പരസ്പരം ഏറ്റുമുട്ടുമ്പോളുണ്ടാകുന്ന പ്രശ്നമാണ് ഡോസ്റ്റോയേവിസ്കിയുടെ ഇതിവൃത്തം."

"സ്വന്തം ആത്മാവിന്റെ അശാന്തിക്ക് പ്രതിവിധിയായി കലാകാരൻ സൃഷ്ടിക്കുന്ന ശാന്തിയുടെ ഒരു സ്വയംകൃതമിഥ്യയാണ് കല.  ഹൃദയത്തിൽ വടുകെട്ടി നിന്നു വിങ്ങി വേദനിപ്പിക്കുന്ന വൈരൂപ്യത്തിന്റെയും വിഘടനയുടെയും മാലിന്യങ്ങളെ പുറത്തേക്ക് പ്രസവിപ്പിച്ച് ആത്മശാന്തി കൈവരിക്കാൻ കലാകാരൻ ചരിക്കുന്ന മാർഗ്ഗമാണ് കലാസൃഷ്ടി."

"സ്വന്തം ക്രാഫ്റ്റെന്തെന്നു നോവലിസ്റ്റ് സ്വന്തമായി നിരൂപിക്കുകയും സ്വന്തമായതിൽ ശിക്ഷണം നേടുകയും ചെയ്യേണ്ടിയിരിക്കുന്നു.  അങ്ങനെ ചെയ്തവരാണ് വിശ്വോത്തര നോവലിസ്റ്റുകളെല്ലാം തന്നെ."

"തന്റെ ക്രാഫ്റ്റിൽ സൂക്ഷജ്ഞാനം വേണമെന്നു മാത്രമല്ല, ഒരു നോവലിസ്റ്റ് താൻ ചിത്രീകരിക്കാൻ പോകുന്ന ജീവിതയാഥാർത്ഥ്യം സൂക്ഷ്മവിശദംശങ്ങളോടെ പരിപൂര്ണമായറിഞ്ഞിരിക്കേണ്ടതുമുണ്ട്."

പ്രസാധനം : ഡി സി ബുക്സ്
പേജ് : 188
വില : 180 രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest