advertisement
Skip to content

ഞാറയ്ക്കൽ അക്വാ ടൂറിസം സെന്ററിൽ ഇനി വാട്ടർ സൈക്കിൾ സവാരിയും

കൊച്ചി: ഞാറയ്ക്കൽ അക്വാ ടൂറിസം സെന്ററിൽ എത്തുന്നവർക്ക് ഇനി വാട്ടർ സൈക്കിൾ സവാരിയും. എഫ് ടു – ഫൺ ആന്റ് ഫിറ്റ്നസ് സൂപ്പർ മോഡൽ വാട്ടർ സൈക്കിളുകളാണ് സെന്ററിൽ ഉപയോഗിക്കുന്നത്. ഞാറയ്ക്കലില്‍ നാളെയാണ് വാട്ടര്‍ സൈക്കിളിന്റെ ഫ്ലാഗ് ഓഫ്. വൈപ്പിൻ എംഎൽഎ കെ. എൻ . ഉണ്ണികൃഷ്ണനാണ് ഫ്ലാഗ് ഓഫ് ചെയ്യുന്നത്.

“നേരത്തെയും നമുക്ക് വാട്ടര്‍ സൈക്കിള്‍ ഉണ്ടായിരുന്നു. പക്ഷെ അത് കുട്ടികള്‍ക്ക് മാത്രമെ ഓടിക്കാന്‍ കഴിയുകയുള്ളായിരുന്നു. പുതിയ വാട്ടര്‍ സൈക്കിളിന് 150 കിലോ ഗ്രാം ഭാരം വരെ വഹിക്കാന്‍ സാധിക്കും. അതുകൊണ്ട് തന്നെ മുതിര്‍ന്നവര്‍ക്കും ഇത് ഓടിക്കാന്‍ കഴിയും. ഉല്ലാസവും വ്യായാമവും ലക്ഷ്യമാക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. വ്യായമത്തിന് ആവശ്യമുള്ളവര്‍ക്കും ഭാവിയില്‍ ഉപയോഗിക്കാം,” ഫിഷ് ഫാംസ് ആൻഡ് അക്വാടൂറിസം സെന്റർ മത്സ്യഫെഡ് മാനേജര്‍ നിഷ പി ഇന്ത്യന്‍ എക്സപ്രസ് മലയാളത്തിനോട് പറഞ്ഞു.

“രണ്ട് ഹള്ളുകളുള്ള കാറ്റമറയിന്‍ ഡിസൈനിലാണ് വാട്ടര്‍ സൈക്കിള്‍ തയാറാക്കിയിരിക്കുന്നത്. ഇതിന്റെ ഏറ്റവും വലിയ ഗുണം സ്റ്റബിലിറ്റിയാണ്. ഒരു വശത്ത് ഭാരം കൂടിയാലും മറിയുകയില്ല. നല്ല സ്പീഡും ലഭിക്കുന്ന തരത്തിലാണ് നിര്‍മ്മാണം. യുകെ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലാണ് ഇത്തരത്തിലുള്ള വാട്ടര്‍ സൈക്കിളുകള്‍ കൂടുതല്‍ കണ്ടു വരുന്നത്. രണ്ടരമാസത്തോളം സമയമെടുത്താണ് വാട്ടര്‍ സൈക്കിള്‍ ഡിസൈന്‍ ചെയ്തത്,” വാട്ടര്‍ സൈക്കിള്‍ നിര്‍മാതാവ് ആന്റണി എം ഈശി പറഞ്ഞു.

“നിലവില്‍ ഒരു മോഡലാണ് ഞാറയ്ക്കലില്‍ അവതരിപ്പിക്കുന്നത്. വാട്ടര്‍ സൈക്കിളിന് ആവശ്യക്കാര്‍ ഏറെയാണ്. ഭാവിയില്‍ കൂടുതല്‍ വാട്ടര്‍ സൈക്കിളുകള്‍ അവതരിപ്പിക്കണമെന്നാണ് വിചാരിക്കുന്നത്. ഉദ്ഘാടനം കഴിയാത്തതിനാലും കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാലും പലരും അവസരം ലഭിക്കാതെ നിരാശരായ മടങ്ങുന്നുണ്ട്. 15 മിനിറ്റ് യാത്രയ്ക്ക് 20 രൂപ എന്ന നിരക്കില്‍ നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്,” നിഷ പറഞ്ഞു.

എറണാകുളം ഹൈക്കോടതി ജംഗ്ഷനില്‍ നിന്ന് 11 കിലോ മീറ്റര്‍ അകലെയായാണ് ഞാറയ്ക്കല്‍ അക്വാ ടൂറിസം സെന്റര്‍ സ്ഥിതി ചെയ്യുന്നത്. രാവിലെ പത്ത് മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് പ്രവര്‍ത്തന സമയം. വെള്ളത്തിന് നടുവിലുള്ള ബാംബു ഹട്ടുകള്‍, കായലിന് നടുക്കായി വഞ്ചിയുടെ ആകൃതിയിലുള്ള തുരുത്ത്, ഏറുമാടം, സോളാര്‍ ബോട്ട്, കുട്ട വഞ്ചിയാത്ര, റോവിങ് ബോട്ട്, പെഡല്‍ ബോട്ട് തുടങ്ങിയവയാണ് ഞാറയ്ക്കലില്‍ വിനോദസഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest