ന്യൂയോർക്ക്: അരനൂറ്റാണ്ടിലധികമായി നിലനിൽക്കുന്ന ന്യൂയോർക്കിലെ ഏറ്റവും പുരാതന സംഘടനയായ കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് അതിന്റെ അൻപത്തിരണ്ടാമത് കുടുംബ സംഗമവും വാർഷിക ഡിന്നറും അതി വിപുലമായി നടത്തിയത് ഏവർക്കും അവിസ്മരണീയമായി. പ്രശസ്ത മലയാള സാഹിത്യ എഴുത്തുകാരൻ ഇ. സന്തോഷ് കുമാറിന്റെ മഹനീയ സാന്നിധ്യം പങ്കെടുത്ത ഏവർക്കും സന്തോഷകരമായി. സമാജം കുടുംബാംഗങ്ങളുടെ സംഗമം എല്ലാവർക്കും മുൻകാല സ്മരണകൾ പങ്കിടുവാനുള്ള വേദിയായി മാറുകയും ചെയ്തു.
സമാജത്തിൻറെ അൻപത്തിരണ്ടാമതു പ്രസിഡന്റായ സിബി ഡേവിഡിന്റെ അധ്യക്ഷതയിൽ കൂടിയ ഔദ്യോഗിക യോഗത്തിൽ സെക്രട്ടറി സജി എബ്രഹാം, ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ സണ്ണി പണിക്കർ, ട്രഷറർ വിനോദ് കെയാർക്കേ, വൈസ് പ്രസിഡൻറ് മേരി ഫിലിപ്പ്, ജോയിന്റ് സെക്രട്ടറി ജോസി സഖറിയ, മുഖ്യ അതിഥി മലയാള സാഹിത്യത്തിലെ ആനുകാലിക എഴുത്തുകാരനായ ഇ. സന്തോഷ് കുമാർ എന്നിവർ വേദി പങ്കിട്ടു. കുടുംബ സംഗമത്തിന് എത്തിച്ചേർന്ന നിറഞ്ഞ സദസ്സിനെ അഭിസംബോധന ചെയ്ത പ്രസിഡൻറ് സിബി, കഴിഞ്ഞ ഒരു വർഷത്തെ തന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിക്ക് സമാജത്തിലെ എല്ലാ അംഗങ്ങളും ചെയ്തു തന്ന പിന്തുണയ്ക്കും സഹകരണത്തിനും പ്രത്യേകം നന്ദി രേഖപ്പെടുത്തി.
"കഴിഞ്ഞ അൻപത്തിയൊന്നു വർഷം കേരളത്തിന്റെ സംസ്കാരം കാത്തു സൂക്ഷിച്ച് ഈ പ്രസ്ഥാനത്തെ വളർത്തിക്കൊണ്ടുവന്ന പ്രഗത്ഭമതികളായ നേതാക്കളുടെ പിന്തുടർച്ചക്കാരനായി അൻപത്തിരണ്ടാമതു പ്രസിഡന്റായി സമാജത്തെ നയിക്കുവാൻ എന്നെ ചുമതലപ്പെടുത്തിയ എല്ലാ അംഗങ്ങൾക്കും നന്ദി അർപ്പിക്കട്ടെ. മലയാളീ സംസ്കാരം നിലനിർത്തുന്ന ഈ സംഘടനയിൽ വ്യക്തികൾ തമ്മിൽ മുമ്പ് ഉണ്ടായിരുന്ന ആ ഇഴയടുപ്പം ഇപ്പോൾ കുറഞ്ഞു പോകുന്നുണ്ടോ എന്ന് സംശയിക്കുന്നു. ഒരു പക്ഷെ ആദ്യകാലങ്ങളിൽ ഒന്നോ രണ്ടോ മലയാളീ സംഘടനകൾ മാത്രം ഉണ്ടായിരുന്ന സ്ഥാനത്ത് ഡസൻ കണക്കിന് സംഘടനകൾ രൂപീകരിക്കപ്പെട്ടതിനാൽ അംഗങ്ങൾ പല സംഘടനകളിലായി ചിതറിപ്പോയതായിരിക്കാം അൽപ്പം അംഗത്വ സാന്നിദ്ധ്യത്തിന്റെ ശോഷണത്തിന് കാരണമായത്. എന്തായാലും ഈ ആദ്യകാല സംഘടനയുടെ സാംസ്കാരിക മൂല്യം കാത്തു സൂക്ഷിച്ച് മുമ്പോട്ട് പോകുവാൻ നമുക്കേവർക്കും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. ഈ സാംസ്കാരിക സംഘടനയുടെ 2024 വർഷത്തെ അവസാനത്തെ വാർഷിക ഡിന്നർ മീറ്റിംഗിൽ യുവ മലയാള സഹിത്യകാരനായ ഇ. സന്തോഷ് കുമാറിനെ ലഭിച്ചത് നമ്മുടെ ഭാഗ്യമാണ്. ഏവർക്കും നന്ദിയും ആശംസകളും ഒരിക്കൽ കൂടി അർപ്പിക്കുന്നു" അദ്ധ്യക്ഷ പ്രസംഗത്തിൽ പ്രസിഡന്റ് സിബി പ്രത്യാശ പ്രകടിപ്പിച്ചു.
മുഖ്യാതിഥി സാഹിത്യകാരനായ ഇ. സന്തോഷ് കുമാർ കഴിഞ്ഞ ഒരു മാസക്കാലമായി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിക്കുവാനും ഇവിടെയുള്ള മലയാളികളുടെ ജീവിത ശൈലികൾ കണ്ടു മനസ്സിലാക്കുവാനും ലഭിച്ച അവസരങ്ങൾ ജീവിതത്തിലെ ഭാഗ്യമായി കണക്കാക്കുന്നു എന്ന സംതൃപ്തി തന്റെ മുഖ്യ പ്രഭാഷണത്തിൽ പ്രകടിപ്പിച്ചു.
"ഏത് രാജ്യത്ത് ചെന്നാലും അവിടുത്തെ സാഹചര്യങ്ങളുമായി അലിഞ്ഞു ചേർന്ന് ജീവിക്കുവാനും അവരുടെ സംസ്കാരവുമായി ഇഴുകി ചേരുവാനും മലയാളികൾ പ്രാപ്തരാണ്. അതിന് ഉദ്ദാഹരണമായി ഒരു കഥ പറയാം. എട്ടാം നൂറ്റാണ്ടിൽ ഇന്നത്തെ ഇറാനായ പേർഷ്യയിൽ പീഡനം അനുഭവിച്ചിരുന്ന കുറെ പാഴ്സികൾ പായ്ക്കപ്പൽ കയറി ഇന്ത്യൻ തീരത്ത് എത്തിച്ചേർന്നു. ഗുജറാത്തിന്റെ തീരപ്രദേശമായ സൻജാൻ എന്ന ഗ്രാമത്തിൽ അവരുടെ പായ്ക്കപ്പൽ എത്തിയപ്പോൾ ആ ഗ്രാമത്തിലെ ഹിന്ദു രാജാവിനോട് അവർക്ക് അഭയം തരണമെന്ന് ആംഗ്യ ഭാഷയിൽ അഭ്യർഥിച്ചു. അവരുമായി സംവാദിക്കുവാൻ ഭാഷ വശമില്ലാതിരുന്ന നാട്ടുരാജാവ് ഒരു ഗ്ലാസിൽ തുളുമ്പി നിൽക്കുന്ന രീതിയിൽ ഒരു കപ്പ് പാൽ അവർക്കു കൊടുത്തുവിട്ടു. ഒരു തുള്ളി പാല് പോലും ഇനി ആ കപ്പിൽ ഉൾക്കൊള്ളുവാൻ സാദ്ധ്യമല്ല. അതിനാൽ ആ പ്രദേശത്ത് അവരെ ഉൾക്കൊള്ളുവാൻ തീരെ സ്ഥലമില്ല എന്നതിന്റെ സൂചകമായി പാഴ്സികളെ അറിയിച്ചു. എന്നാൽ പാഴ്‌സികളുടെ നേതാവ് ഒരു സ്പൂൺ പഞ്ചസാര എടുത്ത് കപ്പ് തുളുമ്പി നിന്ന ആ പാലിലേക്ക് സാവധാനം ഇട്ടു. ഒരു തുള്ളി പാൽ പോലും കപ്പിൽ നിന്നും വെളിയിലേക്ക് തുളുമ്പി പോകാതെ ആ പഞ്ചസാര ആ പാലിൽ അലിഞ്ഞു ചേർന്നു. ഞങ്ങളും നിങ്ങളോടൊപ്പം ഇഴുകി ചേർന്ന് ഉള്ള സാഹചര്യത്തിൽ ജീവിച്ചുകൊള്ളാം എന്നാണ് പാഴ്‌സി നേതാവ് ആ നാട്ട് രാജാവിനെ അറിയിച്ചത്. അങ്ങനെ പാഴ്സികൾക്ക് അവിടെ അഭയം നൽകുകയും അവർ ആ സഹചര്യവുമായി പഞ്ചസാര പാലിൽ അലിഞ്ഞു ചേർന്നത് പോലെ അലിഞ്ഞു ജീവിച്ചു എന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്. പിന്നീട് ഇന്ത്യയിലെ വമ്പൻ ബിസ്സിനെസ്സ്കാരായ ടാറ്റാ, ഗോദറേജ്, വാഡിയ, മിസ്‌ട്രി തുടങ്ങിയവർ അന്ന് അഭയാർഥികളായി ഗുജറാത്ത് തീരത്തെത്തിയ പാർസി കുടുംബങ്ങളിൽ നിന്നുള്ളവരാണ്. അതേപോലെയാണ് അമേരിക്കൻ മലയാളികളും. അവരും ചെന്ന് ചേരുന്ന ആ സാഹചര്യങ്ങളിൽ അലിഞ്ഞ് ചേർന്ന് ജീവിക്കുവാൻ കഴിവുള്ളവരാണ്. അതിൽ അഭിമാനിക്കുന്നു.” സന്തോഷ് കുമാർ അഭിമാനത്തോടെ പറഞ്ഞു.
സമാജത്തിൻറെ സുഗമമായ പ്രവർത്തനത്തിന് കഴിഞ്ഞ ഒരു വർഷം വിജയപ്രദമായി പ്രവർത്തിച്ച എല്ലാ കമ്മറ്റി അംഗങ്ങളെയും ട്രസ്റ്റീ ബോർഡ് ചെയർമാൻ സണ്ണി പണിക്കർ മുക്തകണ്ഠം പ്രശംസിച്ചു. വാർഷിക ഡിന്നർ മീറ്റിങ്ങിനോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സുവനീറിൻറെ പ്രകാശനം മുഖ്യ സ്പോൺസറും ഹാനോവർ ബാങ്ക് ഡയറക്ടറുമായ വർക്കി എബ്രഹാം മറ്റൊരു സ്പോൺസറായ എബ്രഹാം ഫിലിപ്പ്, സി.പി.എ-യ്ക്ക് കോപ്പി നൽകി നിർവ്വഹിച്ചു. സുവനീർ ചീഫ് എഡിറ്റർ ലീലാ മാരേട്ട് സുവനീർ പ്രകാശന ചടങ്ങിൽ സന്നിഹിതയായി. വൈസ് പ്രസിഡൻറ് മേരി ഫിലിപ്പ്, സെക്രട്ടറി സജി എബ്രഹാം എന്നിവർ മാസ്റ്റർ ഓഫ് സെറിമണിമാരായി യോഗം നിയന്ത്രിച്ചു. മനോഹരമായ ക്ലാസ്സിക്കൽ നൃത്തവും ശ്രുതിമധുരമായ ഗാനമേളയും യോഗത്തിന് പകിട്ടേകി. വിഭവ സമൃദ്ധമായ ഡിന്നർ ദിൽബാർ റെസ്റ്റോറന്റ് പങ്കെടുത്തവർക്കായി ഒരുക്കി. വാർഷിക ഫാമിലി സംഗമത്തിൽ പങ്കെടുത്ത ഏവർക്കും ചടങ്ങ് അവിസ്മരണീയമായി.