രണ്ടു സമൂഹ മാധ്യമ ഭീമന്മാര്‍ പരസ്പരം പോരടിക്കാന്‍ ഒരുങ്ങുന്ന കാഴ്ചയാണ് ഇപ്പോള്‍ ടെക്‌നോളജി പ്രേമികളെ രസംപിടിപ്പിച്ചിരിക്കുന്നത്. ഇതോടൊപ്പം ട്വിറ്ററില്‍ തങ്ങള്‍ പോസ്റ്റു ചെയ്യുന്ന ഉള്ളടക്കത്തില്‍ നിന്ന് എങ്ങനെയാണ് പണമുണ്ടാക്കാന്‍ അനുവദിക്കുക എന്നതിനെക്കുറിച്ചുള്ള ആകാംക്ഷയും നിലനിൽക്കുന്നുണ്ട്. എന്തായാലും, ഇലോണ്‍ മസ്‌കിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ട്വിറ്ററിന് ഒരു എതിരാളിയെ അവതരിപ്പിക്കുമെന്ന് മെറ്റാ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചു കഴിഞ്ഞു. മെറ്റാ പുതിയ ഒരു സമൂഹ മാധ്യമ ആപ് പുറത്തിറക്കുമെന്നും ഇതില്‍ ഒരു പോസ്റ്റില്‍ എത്ര അക്ഷരങ്ങള്‍ ആകാമെന്നതിന് പരിമിതി ഉണ്ടായിരിക്കും എന്നുമാണ് മെറ്റാ പറഞ്ഞിരിക്കുന്നത്. അതേസമയം, ഫെയ്‌സ്ബുക്കിനെതിരെ ട്വിറ്ററും പുതിയ തന്ത്രം പുറത്തെടുത്തേക്കുമെന്ന് സൂചനയുണ്ട്. ഇനി 10,000 അക്ഷരങ്ങള്‍വരെയുള്ള പോസ്റ്റുകള്‍ ഇടാന്‍ അനുവദിച്ചേക്കുമെന്നും അങ്ങനെ ട്വിറ്ററിനെ പണമുണ്ടാക്കാവുന്ന ഒരു പ്ലാറ്റ്‌ഫോമാക്കി പരിവര്‍ത്തനം ചെയ്‌തേക്കുമെന്നും പറയുന്നു.
ഫെയ്‌സ്ബുക്കുമായി ബന്ധമില്ല
പുതിയ ആപ് ഫെയ്‌സ്ബുക്കോ, മെറ്റായുടെ മറ്റേതെങ്കിലും ആപ്പുമായോ ബന്ധിപ്പിച്ചല്ല പ്രവര്‍ത്തിപ്പിക്കുന്നതെന്ന് മെറ്റാ വക്താവ് പറഞ്ഞു. ആളുകള്‍ക്ക് അവരുടെ താത്പര്യങ്ങള്‍ ലോകത്തെ അറിയിക്കാനുള്ള പുതിയൊരു പ്ലാറ്റ്‌ഫോമായിരിക്കും ഇതെന്നാണ് കമ്പനി പറയുന്നത്. ആപ്പിന് ഇതുവരെ പേരിട്ടിട്ടില്ല. എന്നാല്‍, 2016ല്‍ പുറത്തിറക്കിയ ട്വിറ്ററിന്റെ എതിരാളി ആപ്പായ മാസ്റ്റഡണിന് (Mastodon) പിന്നില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതികവിദ്യയായിരിക്കും മെറ്റായുടെ പുതിയ ആപ്പിന് ഉള്‍ക്കരുത്തു പകരുക എന്നാണ് റിപ്പോര്‍ട്ട്. മെറ്റായുടെ പ്രധാന ആപ്പായ ഫെയ്‌സ്ബുക്കിലേക്ക് പുതിയ ആളുകളെ ആകര്‍ഷിക്കാന്‍ സാധിക്കാതെ വിഷമിക്കുന്ന സന്ദര്‍ഭമാണിതെന്നും ഇതിനാലാകാം പുതിയ ആപ് എന്ന പരീക്ഷണത്തിന് ഒരുങ്ങുന്നതെന്നും പറയുന്നു.
ഫെയ്‌സ്ബുക്കിന്റെ അതിര്‍ത്തിയിലേക്ക് ട്വിറ്റര്‍ കടക്കുന്നതോ പ്രകോപനം?
അതേസമയം, മെറ്റാ കമ്പനിയുടെ പുതിയ നീക്കത്തിനു പിന്നില്‍ മസ്‌കിന്റെ പുതിയ തീരുമാനമാണോ കാരണമെന്നും സംശയമുണ്ട്. ലേഖനങ്ങള്‍ പോസ്റ്റു ചെയ്യാന്‍ ട്വിറ്റര്‍ അനുവദിക്കുകയും അതില്‍ നിന്ന് വരുമാനം ഉണ്ടാക്കാന്‍ അനുവദിക്കുകയും ചെയ്യുമ്പോള്‍ അത് ഫെയ്‌സ്ബുക്കിന് എതിരാളിയായി മാറും. തുടക്കത്തില്‍ എസ്എംഎസ് സന്ദേശത്തെ അനുകരിക്കുന്ന പ്ലാറ്റ്‌ഫോമായിരുന്നു ട്വിറ്റര്‍. ആകെ 140 അക്ഷരങ്ങള്‍ മാത്രമായിരുന്നു ഒരു ട്വീറ്റില്‍ അനുവദനീയം. എന്നാലിപ്പോള്‍ ഇത് 280 അക്ഷരങ്ങള്‍ വരെയാക്കി. അടുത്തിടെ ട്വിറ്റര്‍ ബ്ലൂ സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് 4,000 അക്ഷരങ്ങളുള്ള ട്വീറ്റു നടത്താനും അനുവദിച്ചേക്കും.